ഡബ്ലിൻ: അയർലൻഡിലെ കോർക്കിലെ മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി പൊലീസ് അറസ്റ്റു ചെയ്ത ഭർത്താവ് റിമാൻഡിൽ. ഭർത്താവ് റിജിൻ രാജനെ ജൂലായ് 20 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വിൽട്ടൺ, കാർഡിനൽ കോർട്ട് റെസിഡൻഷ്യൽ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ ദീപയെ കണ്ടെത്തിയത്. ഭർത്താവാണ് കൊലപാതകിയെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
അന്നു രാത്രി തന്നെ കസ്റ്റഡിയിൽ എടുത്ത ഭർത്താവ് റെജിൻ പരിതപ്പാറ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലർച്ചെ ടോഗർ ഗാർഡ സ്റ്റേഷനിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് കോർക്ക് ഡിസ്ട്രിക്ട് കോർട്ടിന്റെ പ്രത്യേക സിറ്റിങ്ങിൽ ഹാജരാക്കി. കൊലപാതക കുറ്റമായതിനാൽ റിജിന് ജില്ലാ കോടതി ജാമ്യം നൽകിയില്ല.
ജഡ്ജി ഒലാൻ കെല്ലെഹർ വ്യാഴാഴ്ച വീഡിയോ ലിങ്ക് വഴി അടുത്ത കോടതിയിൽ ഹാജരാകുന്നതുവരെ കസ്റ്റഡിയിൽ വിട്ടു. കൊലക്കുറ്റം ഉള്ള കേസുകളിൽ ജില്ലാ കോടതിയിൽ ജാമ്യത്തിന് അപേക്ഷിക്കാനാവില്ല.
ഇവരോടൊപ്പം വാടക ഷെയർ ചെയ്ത് താമസിച്ചിരുന്ന മറ്റൊരു പെൺകുട്ടി കൊലപാതകത്തിന് ദൃക്‌സാക്ഷിയാണെന്നു പറയപ്പെടുന്നു.
ദീപ ദിനമണിക്ക് ജോലി ഉണ്ടായിരുന്നെങ്കിലും റിജിൻ രാജന് ജോലി ഉണ്ടായിരുന്നില്ല. കഴിഞ്ഞ 14 വർഷമായി ചാർട്ടേഡ് അക്കൗണ്ടന്റായി പ്രവർത്തിച്ചുവന്നിരുന്ന ദീപ, ഈ വർഷം ഏപ്രിലിലാണ് അയർലൻഡിലെ ആൾട്ടർ ഡോമസിൽ ഫണ്ട് സർവീസ് മാനേജരായി ജോലിയിൽ പ്രവേശിച്ചത്. നേരത്തെ ഇൻഫോസിസ്, സീറോക്‌സ്, അപെക്‌സ് ഫണ്ട് സർവീസസ് തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജോലിയും വരുമാനവും ഇല്ലാത്തതിനാൽ പ്രതിക്ക് ആവശ്യമായ വൈദ്യസഹായവും സൗജന്യ നിയമസഹായവും ലഭ്യമാക്കണമെന്ന് ഡിഫൻസ് സോളിസിറ്റർ എഡ്ഡി ബർക്ക് ആവശ്യപ്പെട്ടിരുന്നു.
ജില്ലാ ജഡ്ജി ഒലാൻ കെല്ലെഹർ രണ്ട് ആവശ്യങ്ങളും അംഗീകരിച്ചു. റിജിൻ രാജനെ വ്യാഴാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ വീണ്ടും കോടതിയിൽ ഹാജരാക്കും.
പൊലീസ് നടപടികൾക്ക് ശേഷം ദീപയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കോർക്കിലെ മലയാളി സംഘടനകൾ അറിയിച്ചു. ദീപയുടെ ദാരുണാന്ത്യത്തിൽ അനുശോചിച്ചും കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കോർക്കിലെ മലയാളിസമൂഹം ഇന്നലെ ദീപയുടെ വസതിക്കു മുന്നിൽ മെഴുകുതിരി തെളിയിച്ചു.
ദുഃഖാചരണത്തിൽ 150 ലേറെപ്പേർ പങ്കെടുത്തു.
അപ്രതീക്ഷിത ദുരന്തത്തിന്റെ ഞെട്ടലിലാണ് കോർക്കിലെ മലയാളികൾ. കോർക്ക് നഗരത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള കാർഡിനൽ കോർട്ട് റെസിഡൻഷ്യൽ ഏരിയയിൽ ധാരാളം മലയാളികൾ താമസിക്കുന്നുണ്ട്. പക്ഷെ ദീപയും കുടുംബവും കോർക്കിലെ മലയാളിസമൂഹത്തിന് സുപരിചിതരല്ല.
ദീപ ദിനമണി പാലക്കാട് സ്വദേശിയും റിജിൻ തൃശൂർ സ്വദേശിയുമാണെന്നാണ് സൂചന. ദീപ ദിനമണിയുടെ സഹോദരൻ സഹോദരിയുടെ മൃതദേഹം അവരുടെ ജന്മനാടായ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി ഈ ആഴ്ച അയർലണ്ടിലേക്ക് പോകും






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.