തിരുവനന്തപുരം; പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നവര്‍ അതിനായി പൊലീസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ട കാര്യമില്ല. സ്മാര്‍ട്ട് ഫോണിലൂടെ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.
സംസ്ഥാന പൊലീസ് നല്കുന്ന പ്രധാനപ്പെട്ട ഈ സേവനം മൊബൈല്‍ ഫോണ്‍ വഴി നേടിയെടുക്കാമെന്ന വസ്തുത അറിയാതെയാണ് നിരവധി പേര് ഇപ്പോഴും പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അപേക്ഷ നല്‍കുകയും സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുകയും നിലവിൽ ചെയ്യുന്നത്.
കേരള പൊലീസിന്റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോല്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഈ സേവനം പ്രയോജനപ്പെടുത്താം. പഠനം, ജോലി, റിക്രൂട്ട്മെന്റ്, യാത്രകള്‍ എന്നിവയ്ക്കുള്‍പ്പെടെയാണ് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. പൊതുവേ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എന്ന് പറയാറുണ്ടെങ്കിലും അപേക്ഷകന് ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഓഫ് നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സസ് ആണ് നല്‍കുന്നത്.
പോല്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സര്‍വീസ് എന്ന ഭാഗത്ത് സര്‍ട്ടിഫിക്കറ്റ് ഓഫ് നോണ്‍ ഇന്‍വോള്‍വ്മെന്റ് ഒഫന്‍സ് സെലക്ട് ചെയ്യണം. തുടര്‍ന്ന് അപേക്ഷകന് വിവരങ്ങള്‍ നല്കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യാം. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ, എന്ത് ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് എന്നുള്ളതിന്റെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ എന്നിവ ആവശ്യപ്പെടുന്ന സ്ഥലത്ത് അപ്ലോഡ് ചെയ്യണം.
ജില്ലാ പൊലീസ് മേധാവിയില്‍ നിന്നാണോ പൊലീസ് സ്റ്റേഷനില്‍ നിന്നാണോ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്ന് സെലക്ട് ചെയ്ത് നല്കുവാന് മറക്കരുത്. വിവരങ്ങളും രേഖകളും നല്കി കഴിഞ്ഞാല്‍ ട്രഷറിയിലേക്ക് ഓണ്‍ലൈന്‍ ആയി ഫീസ് അടക്കുവാനുള്ള സംവിധാനവും ആപ്പില്‍ സജ്ജീകരിച്ചിട്ടുണ്ട്. അതിന് ശേഷം അപേക്ഷ സബ്മിറ്റ് ചെയ്യാം.
സബ്മിഷന് ശേഷം അപേക്ഷ ലഭിച്ച് കഴിഞ്ഞാൽ പൊലീസ് പരിശോധിച്ചശേഷം സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. തുടര്‍ന്ന് അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാം. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവിടെ ജോലിക്കോ പഠനത്തിനോ ചികിത്സയ്ക്കോ ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഈ ആപ്പ് വഴി ലഭ്യമാകില്ല. അതിനായി ബന്ധപ്പെട്ട പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങള്‍, റീജിയണല്‍ പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ എന്നിവയെ സമീപിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.