തിരുവനന്തപുരം: ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന് എതിരെ കേസെടുത്ത നടപടി മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങളെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങൾ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം റിപ്പോർട്ട് ചെയ്ത കൊച്ചിയിലെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻ്റെ തീരുമാനം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്.
ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുകയാണ് പൊലീസ്. സർക്കാരിനും സിപിഎമ്മിനുമെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ കൈക്കൊള്ളുന്നത്.
കുട്ടിസഖാക്കൾക്ക് കേരളത്തിൽ എന്തുമാവാമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അത് അനുവദിച്ചു തരാൻ ബിജെപി ഒരുക്കമല്ല. അടിയന്തരാവസ്ഥയെ നാണിപ്പിക്കുന്ന തരത്തിലുള്ള ഇടത് സർക്കാരിൻ്റെ ഈ ജനാധിപത്യവിരുദ്ധതക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണം.
മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്.
എസ്എഫ്ഐ മുൻനേതാവായിരുന്ന കെ വിദ്യയുടെ വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ എത്തിയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.