ടൈറ്റന്’ ജലപേടക ദുരന്തത്തില്‍ അഞ്ചു യാത്രക്കാരും മരിച്ചതായാണ് സ്ഥിരീകരണം. അന്തര്‍വാഹിനിയുടെ അവശിഷ്ടങ്ങള്‍ ഉത്തര അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തതോടെയാണ് മരണം സ്ഥിരീകരിച്ചത്. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് റിയര്‍ അഡ്മിറല്‍ ജോണ്‍ മൊഗര്‍ ആണ് ഈ വിവരം സ്ഥിരീകരിച്ചത്.
പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകന് സുലൈമാന്‍ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാര്‍ഡിങ്, പൈലറ്റ് പോള്‍ ഹെന്റി നാര്‍സലെ,ഓഷ്യൻഗേറ്റ് എക്സ്പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്ടൺ റഷ്, എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.
പാകിസ്ഥാന് ബിസിനസ്സുകാരന് ഷാസ്ദ ദാവൂദും മകന് സുലെമാനും ടൈറ്റന്ദുരന്തത്തില് മരണമടഞ്ഞ അഞ്ചുപേരില്‍ ഉള്‍പ്പെടുന്നു. 1912- ല്‍ നടന്ന ടൈറ്റാനിക് ദുരന്തത്തെ നെഞ്ചിലേറ്റി നടന്ന വ്യക്തിയായിരുന്നു ദാവൂദ് എന്ന് അദ്ദേഹത്തിന്റെ സഹോദരി പറയുന്നു. അതിനെ കുറിച്ചുള്ള പുസ്തകങ്ങളും ഡോക്യൂമെന്ററികളും ഒക്കെ ദാവൂദിന് ഏറെ പ്രിയപ്പെട്ടവയായിരുന്നു. ആ അഭിനിവേശമായിരുന്നു ഒരു സാഹസിക യാത്രക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
എന്നാല്‍, മകന് 19 കാരനായ സുലെമാന് അതില്‍ വലിയ താത്പര്യമില്ലായിരുന്നു. എന്നാല്‍, തന്റെ പിതാവിനെ അതിരറ്റ് സ്നേഹിച്ചിരുന്ന മകന്, ഫാദേഴ്സ് ഡേ ദിനത്തില്‍ തന്റെ പിതാവിനെ നിരാശപ്പെടുത്താതിരിക്കാനായി യാത്രക്ക് ഒരുങ്ങുകയായിരുന്നു. എന്നും ഒരുമിച്ചിരിക്കാന്‍ ആഗ്രഹിച്ച ആ പിതാവും പുത്രനും അങ്ങനെ മരണത്തിലും ഒന്നിക്കുമ്പോള്‍, പൊട്ടിക്കരയുകയാണ് അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും
കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്നാണ് നിഗമനം. പേടകം പൊട്ടിത്തെറിച്ച് 5 ഓളം കഷണങ്ങളായി. ആരുടെയും ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയില്ല. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി
സബ്മറൈന് താഴേക്കുള്ള യാത്ര തുടങ്ങി ഒന്നേമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ അതിന്റെ സര്‍ഫസ് റിസര്‍ച്ച് വെസലുമായുള്ള ബന്ധങ്ങള്‍ അറ്റിരുന്നു. ഏതാണ്ട് അതേ സമയത്ത് തങ്ങളുടെ മാപിനികള്‍ പിടിച്ചെടുത്ത ഒരു അകോസ്റ്റിക് – (ശബ്ദ)തരംഗം ഈ മുങ്ങിക്കപ്പല്‍ കടലിന്റെ അടിയില്‍ വെച്ച് പൊട്ടിത്തെറിക്കുന്നതിന്റെ ആണെന്നാണ് അനുമാനിക്കാന്‍ കഴിയുന്നത് എന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
2018 ല്‍ അന്തര്‍ വാഹിനി വിദഗ്ധരുടെ ഒരു സിമ്പോസിയം ഓഷ്യന്‍ഗേറ്റ് കമ്പനിയുടെ അന്തര്‍വാഹിനി യാത്രകള്‍ക്ക് വേണ്ടത്ര സുരക്ഷയില്ല എന്ന് കാണിച്ച് കമ്പനിക്ക് ഒരു കത്തെഴുതിയിരുന്നു. അവരുടെ അന്നത്തെ ആശങ്കകളാണ് ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നത്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.