പാലാ :അച്ഛനും പൊലീസ് ഉദ്യോഗസ്ഥനായിരുതിനാൽ ചെറുപ്പം മുതൽ ജോബി പൊലീസുകാരുടെ ജീവിതം കണ്ടും കേട്ടും അറിഞ്ഞുമാണ് വളർന്നത്. ഈ അറിവുകളെല്ലാം ജോലിയിൽ ജോബി പ്രയോജനപ്പെടുത്തുകയും ചെയ്തു.
ഐപിസി, സിആർപിസി എന്നിവയിൽ സംശയം വന്നാൽ സഹപ്രവർത്തകർ ആദ്യം വിളിച്ചിരുന്നത് ജോബിയെയാണ്. ഉടനടി ഉത്തരം കിട്ടും. മറ്റു സ്റ്റേഷനുകളിൽ കേസ് ഫയൽ തയാറാക്കുമ്പോൾപ്പോലും സംശയനിവാരണത്തിനു ജോബിക്കു വിളി വരാറുണ്ട്. ഇതോടെ പൊലീസുകാർക്കിടയിൽ ജോബിക്ക് ഒരു വിളിപ്പേരു വന്നു, ആശാൻ!
കുറ്റവാളിക്കു രക്ഷപ്പെടാനുള്ള പഴുതുകൾ അടച്ചു കേസ് ഫയൽ തയാറാക്കാൻ കഴിവുള്ള അപൂർവം ചില ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു അദ്ദേഹമെന്നും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ജോലിയിലെ ദീർഘവീക്ഷണമായിരുന്നു മറ്റൊന്ന്. 6 മാസം മുൻപു ബാറ്ററി മോഷണ സംഘത്തെ പിടികൂടാൻ കഴിഞ്ഞത് ഉദാഹരണമാണ്.
രാത്രികാല പട്രോളിങ്ങിനിടെ പാലാ– തൊടുപുഴ റോഡിൽ മാനത്തൂരിൽ സംശയാസ്പദമായി കണ്ട 2 പേരെ ജോബി ചോദ്യം ചെയ്തതോടെയാണ് നാട്ടിൽ വ്യാപകമായിരുന്ന വാഹന ബാറ്ററി മോഷണത്തിന്റെ ചുരുളഴിഞ്ഞത്. അന്നു ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക പ്രശംസയ്ക്ക് ജോബി ജോർജ് അർഹനായി. ഏറ്റുമാനൂർ, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ പൊലീസുകാരുടെ ജോലിയെക്കുറിച്ചു പൊലീസ് അസോസിയേഷൻ ഭാരവാഹികൾ സംസാരിക്കുന്നു:
ഒരു ദിവസം; വ്യത്യസ്ത വേഷം
ഒരു ദിവസം തന്നെ വ്യത്യസ്ത വേഷങ്ങൾ അണിയേണ്ടവരാണു പൊലീസുകാർ. പാറാവ് മുതൽ ക്രമസമാധാന പ്രശ്നങ്ങൾ, കേസ് അന്വേഷണം തുടങ്ങിയ ഡ്യൂട്ടികൾ ഒരു ദിവസം ചെയ്യേണ്ടി വരുന്ന പൊലീസുകാരാണു സ്റ്റേഷനുകളിൽ ഭൂരിഭാഗവും.
നാട്ടിൽ എന്തു പ്രശ്നമുണ്ടായാലും അതിലെ അപകടസാഹചര്യമോ രാത്രി, പകൽ വ്യത്യാസമോ ഇല്ലാതെ ചാടിയിറങ്ങേണ്ടി വരുന്നു. സ്റ്റേഷനുകളിൽ അംഗബലം കുറയുന്നതാണ് അമിത ജോലിഭാരം അനുഭവിക്കേണ്ടി വരുന്നതിനു പ്രധാനകാരണം. ഇതിന്റെ ഫലമായി ഉണ്ടാകുന്ന മാനസിക സമ്മർദം താങ്ങാൻ കഴിയാതെ ആത്മഹത്യയിൽ അഭയം തേടുന്നവർ വരെ ഉണ്ട്.
ബറ്റാലിയനുകളിൽ അടക്കം ജോലി ചെയ്യുന്നവരെ സ്റ്റേഷനുകളിലേക്കു കൂട്ടി ചേർത്തു പൊലീസ് സ്റ്റേഷനുകളുടെ അംഗബലം കൂട്ടണം. പൊലീസ് ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക ജോലികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളിൽ സർക്കാരിന്റെ കരുതൽ വേണം.
ചികിത്സകൾ നൽകുന്നതിനൊപ്പം കുടുംബത്തിനുണ്ടായ നഷ്ടത്തിനു പര്യാപ്തമായ നഷ്ടപരിഹാരം വേഗം നൽകണം. കുടുംബത്തിൽ ഒരാൾക്ക് ജോലിയും ലഭ്യമാക്കണം. -കെ.പി. പ്രവീൺ (സംസ്ഥാന ജനറൽ സെക്രട്ടറി, കേരള പൊലീസ് അസോസിയേഷൻ)
കാലഘട്ടത്തിന് അനുസരിച്ച് നവീകരിക്കണം
കാലഘട്ടത്തിന് അനുസരിച്ചു പൊലീസ് സേനയും കൂടുതൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരവും മാനസിക സമ്മർദവും കുറയ്ക്കുന്നതിനുള്ള പദ്ധതികൾ സേന തയാറാക്കിയിട്ടുണ്ട്.
എന്നാൽ പ്രായോഗികമാക്കിയിട്ടില്ല. സ്റ്റേഷനുകളിൽ അംഗബലം കുറയുന്നതു മൂലമാണു വിശ്രമം ഇല്ലാതെ ഉദ്യോഗസ്ഥർക്ക് ജോലിയെടുക്കേണ്ടി വരുന്നത്. ആഴ്ചയിൽ ഒരിക്കൽ ഓഫ് ലഭ്യമാക്കണം.
പൊലീസ് സ്റ്റാഫ് പാറ്റേൺ പുനഃക്രമീകരിക്കണം. ആകസ്മികമായ അപകടങ്ങൾ ഒഴികെ മറ്റു സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പാലിക്കണം. - പ്രേംജി കെ. നായർ (സംസ്ഥാന വൈസ് പ്രസിഡന്റ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.