കണ്ണൂർ :എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയക്കുതിപ്പ് തുടർന്ന് കണ്ണൂർ. 99.94 ശതമാനം വിജയം നേടിയാണ് ജില്ല സംസ്ഥാനത്ത് ഒന്നാമതെത്തിയത്.
വിജയത്തിലേക്ക് നയിച്ച എല്ലാവർക്കും അഭിനന്ദനങ്ങളുമായി കണ്ണൂർ ജില്ലാ പഞ്ചായത്തും. തുടർച്ചയായി മൂന്നാം വർഷമാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം കണ്ണൂർ നേടുന്നത്. 34,997 വിദ്യാർഥികൾ (17,759 ആൺകുട്ടികളും 17,238 പെൺകുട്ടികളും) പരീക്ഷയെഴുതിയതിൽ 34,975 പേർ (17,749 ആൺകുട്ടികളും 17,226 പെൺകുട്ടികളും) ഉപരിപഠനത്തിന് അർഹതനേടി. കണ്ണൂർ, തളിപ്പറമ്പ്, തലശേരി എന്നീ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലുമായി 195 സ്‌കൂളുകൾ നൂറുമേനി കൊയ്‌തു. 6,803 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
നൂറുമേനി നേടിയ 195 സ്‌കൂളുകളിൽ 93 സർക്കാർ സ്‌കൂളുകളും 70 എയ്‌ഡഡ് സ്‌കൂളുകളും 32 അൺ എയ്‌ഡഡ് സ്‌കൂളുകളുമാണ്.
മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരിൽ 4,440 പേർ പെൺകുട്ടികളും 2363 പേർ ആൺകുട്ടികളുമാണ്. മയ്യിൽ ഐഎംഎൻഎസ് ജിഎച്ച്‌എസ്‌എസാണ് ജില്ലയിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതി നൂറുമേനി കൊയ്‌ത സർക്കാർ സ്കൂൾ. 599 കുട്ടികൾ ഉപരിപഠന അർഹതനേടിയതിൽ 160 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി.
പെരളശേരി എകെജിഎസ്‌ജിഎച്ച്‌എസാണ് തൊട്ടുപിന്നിൽ. പരീക്ഷയെഴുതിയ 499 പേരും ഉപരിപഠനത്തിന് അർഹരാവുകയും167 പേർ മുഴുവൻ എ പ്ലസ് നേടുകയും ചെയ്‌തു. കടമ്പൂർ ഹയർ സെക്കൻഡറിയാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തി നൂറുമേനി നേടിയ എയ്‌ഡഡ് സ്‌കൂൾ. 1,162 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടിയതിൽ 243 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസും നേടി.
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്‌എസ്‌എസാണ് തൊട്ടുപിന്നിൽ. പരീക്ഷയെഴുതിയ 1,099 കുട്ടികളും ഉപരിപഠനത്തിന് അർഹതനേടിയതിൽ 207 പേർ മുഴുവൻ എ പ്ലസ് നേടി.
2022ൽ 99.77 ശതമാനം വിജയവും 2021ൽ 99.85 ശതമാനം വിജയവും നേടിയാണ് ജില്ലാ ഒന്നാമതെത്തിയത്. 2020ൽ വിജയശതമാനത്തിൽ ജില്ല രണ്ടാം സ്ഥാനവും നേടിയിരുന്നു. മികച്ച വിജയം കരസ്ഥ മാക്കിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കണ്ണൂർ വരും നാളുകളിൽ രാജ്യത്തിന് മാതൃകയാകുമെന്നും ദിവ്യ കൂട്ടി ചേർത്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.