മലപ്പുറം :എസ്.എസ്.എൽ.സി ഫലം,വിജയഭേരി മുഴക്കി വീണ്ടും മലപ്പുറം ജില്ല. എസ്.എസ്.എൽ .സി .പരീക്ഷയിൽ മലപ്പുറം ജില്ലക്ക് ഈ പ്രാവശ്യവും ചരിത്ര വിജയം.
മലപ്പുറം ജില്ലയിൽ ഈ വർഷം 99.82 ശതമാനം പേർ ഉപരിപഠന യോഗ്യത നേടി
കഴിഞ്ഞ വർഷം 99.32 ശതമാനമായിരുന്നു വിജയം. സംസ്ഥാന ശരാശരിയെക്കാൾ(99.7%) മുകളിലാണ് ജില്ലയുടെ വിജയം.77967 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 77827 പേർ ഉപരിപഠന യോഗ്യത നേടി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എല്ലാ വിഷയത്തിലും A+ ലഭിച്ച വിദ്യാർത്ഥികളും മലപ്പുറത്താണ് 11876 പേർ . കഴിഞ്ഞ വർഷം 7230 പേർക്കായിരുന്നു എല്ലാവിഷയത്തിലും എപ്ളസ് ലഭിച്ചത്.
2001 വരെ SSLC റിസൾട്ടിൻ്റെ കാര്യത്തിൽ സംസ്ഥാനത്ത് ഏറ്റവും പുറകിലായിരുന്ന ജില്ലയായിരുന്നു മലപ്പുറം. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന ജില്ല, ഏറ്റവും കൂടുതൽ ഗവ.സ്കൂളുകളുള്ള ജില്ല, ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത, തിങ്ങിനിറഞ്ഞ ക്ലാസ് റൂമുകൾ, വിദ്യാഭ്യാസ കാര്യത്തിൽ ഏറെ പുറകിലായിരുന്ന മുൻ തലമുറ, ഇത്തരം നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് മലപ്പുറം ജില്ല മുന്നോട്ടു കുതിച്ചത്.
2001 - 02 അധ്യായന വർഷം മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചു നടപ്പിലാക്കിയ വിജയഭേരി വിദ്യാഭ്യാസ പദ്ധതിയിലൂടെയാണ് ജില്ല മുന്നോട്ട് കുതിച്ചത്. ഇന്ന് സംസ്ഥാനത്ത് മികച്ച ജില്ലകളിലൊന്നാണ് മലപ്പുറം.
മുൻവർഷങ്ങളിലേതുപോലെ ഈ കഴിഞ്ഞ വർഷവും എസ്എസ്എൽസി റിസൽട്ട് വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ വിജയഭേരി പദ്ധതിയുടെ ഭാഗമായി അധ്യയനവർഷ ആരംഭത്തിൽതന്നെ സ്കൂളുകളിൽ ആരംഭിച്ചിരുന്നു. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനങ്ങൾ, എ പ്ലസ് ക്ലബ് രൂപീകരിച്ചു വിവിധ പ്രവർത്തനങ്ങൾ, വിജയഭേരി കോഡിനേറ്റർമാർക്ക് പ്രത്യേക പരിശീലനങ്ങൾ, രക്ഷാകർത്ത പരിശീലനങ്ങൾ, മോട്ടിവേഷൻ ക്ലാസുകൾ, പ്രത്യേക യൂണിറ്റ് ടെസ്റ്റുകൾ, ഗൃഹസന്ദർശനം, പരീക്ഷയ്ക്ക് മുൻപ് പ്രത്യേക പഠനക്യാമ്പുകൾ, പ്രീ മോഡൽ പരീക്ഷകൾ തുടങ്ങിയവ വിജയഭേരി പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നടത്തിയിരുന്നു.
അധ്യാപകർ നടത്തിയ കഠിനാധ്വാനമാണ് ഈ മികച്ച വിജയത്തിനു പിന്നിൽ.
മികച്ച വിജയത്തിനു പുറകിൽ പ്രവർത്തിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എല്ലാ വിധ പിന്തുണാ സംവിധാനങ്ങളുമൊരുക്കിയ വിദ്യാഭ്യാസ ഓഫീസർമാർ, എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. എം.കെ റഫീഖ, വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം, വിദ്യാഭ്യാസ സ്ഥിരസമിതി ചെയർപേഴ്സൺ നസീബ അസീസ് എന്നിവർ പ്രത്യേകം അഭിനന്ദിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.