ആലപ്പുഴ: ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ കുഞ്ഞ് സുഖമായിരിക്കുന്നു.
ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് യുവതിയുടെ വീട്ടിലേക്ക് പാഞ്ഞെത്തുകയും ബക്കറ്റില്‍ ഉപേക്ഷിച്ച കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. കുഞ്ഞിനെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണ്. മാസം തികയുന്നതിന് മുന്‍പേ പ്രസവം നടക്കുകയായിരുന്നുവെന്നും യുവതിയ്ക്ക് അമിത രക്തസ്രാവമുണ്ടായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
സ്വകാര്യ ആശുപത്രിയിൽ നിന്നും ഒരു യുവതി ബ്ലീഡിങ്ങായി ചികിത്സയിലാണെന്നും, അതിൽ അസ്വാഭാവികത ഉണ്ടെന്നുമുള്ള ഇന്റിമേഷൻ ചെങ്ങന്നൂർ സ്റ്റേഷനിൽ ലഭിക്കുമ്പോൾ സമയം രാവിലെ 9.10 . ഉടൻ തന്നെ പോലീസ് ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി. യുവതിയോടൊപ്പമുണ്ടായിരുന്ന അമ്മയോട് വിവരം ചോദിച്ചതിൽ മകൾ ബാത്ത്റൂമിൽ പ്രസവിച്ചതിനെ തുടർന്നുണ്ടായ ബ്ലീഡിങ് നിലക്കാത്തതിനാലാണ് ആശുപത്രിയിൽ എത്തിച്ചതെന്നായിരുന്നു മറുപടി.
ഭർത്താവുമായി അകൽച്ചയിൽ കഴിയുന്ന മകൾ ഗർഭിണി ആണെന്നത് അറിയില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. " കുഞ്ഞെവിടെ ? " എന്ന ചോദ്യത്തിന് പ്രസവത്തിൽ കുഞ്ഞു മരിച്ചുപോയെന്നും, കുഞ്ഞിനെ ബാത്ത്റൂമിലെ ബക്കറ്റിൽ ഉപേക്ഷിച്ചിരിക്കുന്നുവെന്നുമുള്ള മറുപടി ഞെട്ടലോടെയാണ് കേൾക്കാനായത്. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ആ വീട്ടിലേക്ക് പാഞ്ഞെത്തി. ബക്കറ്റിൽ ഉപേക്ഷിച്ച നിലയിലുള്ള ചോരകുഞ്ഞിന് ജീവനുണ്ടെന്നു കണ്ട ശേഷമുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ.
ബക്കറ്റില്‍ നിന്ന് ജീവന്റെ തുടിപ്പ് കണ്ടെത്തിയതോടെ ഒരു നിമിഷം പോലും വൈകാതെയാണ് ചോരക്കുഞ്ഞിനേയും എടുത്ത് ചെങ്ങന്നൂര്‍ സിഐ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലേക്ക് ഓടിയത്. മരിച്ചെന്ന് കരുതി കൈയിലെടുത്ത കുഞ്ഞ് അനങ്ങുന്നത് കണ്ട് ഉടന്‍ തന്നെ പൊലീസ് തൊട്ടടുത്തുള്ള മാമന്‍ ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ച് പ്രാഥമിക ചികിത്സ ഉറപ്പാക്കിയ ശേഷം മെഡിക്കല്‍ കോളജിലേക്ക് കുഞ്ഞിനെ മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു. യുവതി വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യവും കുഞ്ഞിനെ ഉപേക്ഷിച്ചതിനുള്ള കാരണവും സംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.
ആ കുരുന്നുജീവന് തുണയായ ചെങ്ങന്നൂർ SHO പോലീസ് ഇൻസ്‌പെക്ടർ വിപിൻ എ സി, സബ് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എം സി, അജിത് ഖാൻ, സിവിൽ പോലീസ് ഓഫീസർമാരായ ജിജോ പി സാം, ഹരീഷ് എന്നിവർക്ക് അഭിനന്ദനങ്ങൾ ♥️
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.