വിഷുക്കണി - 2023
1198 മേടം 1, 2023 ഏപ്രിൽ 15 ശനിയാഴ്ച വിഷുദിനം....
കണിയൊരുക്കാൻ (മുതൃക്കുവാൻ ). 3.amനും 3.45 am നും മധ്യേയും,
കണി കാണുവാൻ 4.40 am നും 5.40 am നും മധ്യേയും ശുഭം .
വിഷുക്കണി ഒരുക്കുന്നത്
വെള്ളോട്ടുരുളിയിലോ താലത്തിലോ ആവാം . മൺകലങ്ങളിൽ അരികൂട്ടു കൊണ്ട് കുറിതൊട്ട് ധാന്യങ്ങൾ നിറച്ചു വയ്ക്കുന്നതും പ്രധാന ചടങ്ങ് തന്നെ..
സ്വർണ്ണനിറത്തിലുള്ള കണിവെള്ളരിക്കയും സൗവര്‍ണ്ണ ശോഭയുമുള്ള കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. ഗ്രന്ഥം, സ്വര്‍ണ്ണം,വെള്ളി, നാണയം, അരി മുതലായ ധാന്യങ്ങൾ, പഞ്ചങ്ങൾ എന്നറിയപ്പെടുന്ന പയറു വർഗ്ഗങ്ങൾ, നാളികേരം, മാങ്ങ, ചക്ക, പൂക്കള്‍, ഫലങ്ങള്‍, അഷ്ടമംഗല്യത്തട്ട്, നിലവിളക്ക്, പുതുവസ്ത്രം, വാല്‍ക്കണ്ണാടി മുതലായ മനസ്സിനിണങ്ങിയ എല്ലാ മംഗള വസ്തുക്കളും കണികാണാന്‍ വയ്ക്കാവുന്നതാണ്.
ചില നാടുകളിൽ കണിക്ക് ശ്രീകൃഷ്ണ വിഗ്രഹം പ്രധാനമാണ്. ചിലയിടത്ത് ശ്രീഭഗവതിയെ സങ്കല്‍പിച്ച് ഉരുളിയില്‍ വാല്‍ക്കണ്ണാടി വയ്ക്കുന്നു. വിളക്കിൻറെ വലുപ്പത്തിനനുസരിച്ച് രണ്ട് തിരിയോ അഞ്ച് തിരിയോ ഇട്ട് വിളക്ക് കത്തിക്കാം.
കണിയെന്നാല്‍ കാഴ്ച. വിഷുക്കണിയെന്നാല്‍ വിഷു ദിനത്തിലെ പുതുവത്സരത്തിലെ ആദ്യത്തെ കാഴ്ച. ഉണര്‍ന്നെണീറ്റ് കണ്ണു തുറക്കുമ്പോള്‍ കാണുന്നതാണ് ആദ്യത്തെ കണി. ആ കണി കാണുന്നത് ആദ്യം വീട്ടമ്മയായിരിക്കും. വീട്ടിലെ മുത്തശ്ശിയോ അമ്മയോ . മൂത്ത വർക്കൊക്കെ കണി ഒരുക്കാം . ഈ വർഷം സംക്രമ നക്ഷത്രം തിരുവോണം ആകയാൽ രോഹിണി അത്തം തിരുവോണം ഈ ജന്മനക്ഷത്രക്കാർ കണി ഒരുക്കുന്നത് ശുഭകരമല്ല എന്നാണ് പറയുക.
പുലർച്ചെ വേലിയേറ്റം ഉള്ള 3.00 am മണിക്കും 3.45 am മണിക്കും ഇടയിൽ കണിക്ക് മുതൃക്കുവാൻ (കണിയൊരുക്കുവാൻ) നല്ല സമയമാണ്..
തലേന്ന് രാത്രി കണി സാധനങ്ങള്‍ ഒരുക്കി വെച്ച് വിളക്കില്‍ എണ്ണയൊഴിച്ച് പാകപ്പെടുത്തി വയ്ക്കുന്നവരും വിളക്ക് കത്തിച്ച് അണയാതെ വയ്ക്കുന്നവരും ഉണ്ട് .
ഈ വർഷം കണികാണുവാൻ മീനം രാശി ഉദയകാലം വ്യാഴോദയം ഉള്ള സമയം 4.40 നും 5.40 നും മധ്യേ ശുഭ സമയമാണ്. സംക്രമപുരുഷൻറെ അവസ്ഥയ്ക്കനുസരിച്ച് ഈവർഷം ഇരുന്ന് കണി കാണുന്നതാണ് ശ്രേഷ്ഠം.
ഉറക്കമുണര്‍ന്നാലുടന്‍ ദിവ്യമായ കണികാണുന്നു. പിന്നെ വീട്ടിലെ ഓരോരുത്തരെയായി വിളിച്ചുണര്‍ത്തി കണ്ണു പൊത്തി കണിയുടെ മുന്‍പില്‍ കൊണ്ടു നിര്‍ത്തുന്നു. കൈകള്‍ മാറ്റുമ്പോള്‍ കണ്ണു തുറക്കാം.
വിളക്കിന്‍റെ സ്വര്‍ണ്ണ വെളിച്ചത്തില്‍ കണിവെള്ളരിക്കയും വാല്‍ക്കണ്ണാടിയും സ്വര്‍ണ്ണവും നാണ്യങ്ങളുമെല്ലാം വെട്ടിത്തിളങ്ങുന്ന നിര്‍വൃതിദായകമായ കാഴ്ച.ഈ സമയം തന്നെ തലയിൽ അരിയിട്ട് അനുഗ്രഹിച്ച് കൈനീട്ടവും നൽകാം.
കുടുംബാംഗങ്ങളെല്ലാവരും ഈ കാഴ്ച കണ്ടു കഴിഞ്ഞാല്‍ അസുഖമായി കിടക്കുന്നവരുണ്ടെങ്കില്‍ അവരുടെ അടുത്തേക്ക് കണി ഉരുളിയിലൊ, താലത്തിലൊ തയ്യാറാക്കി കൊണ്ടുചെന്ന് കാണിക്കും...
പശുക്കളുള്ള വീട്ടില്‍ അവയേയും മറ്റ് പക്ഷിമൃഗാദികളേയും കണി കാണിക്കും. വാഹനത്തെയും കാണിക്കുന്ന പതിവ് ഇപ്പോൾ ഉണ്ട്.
പിന്നെ പടക്കം പൊട്ടിക്കലാണ്. ഇത് വിഷുവിന്‍റെ ഐതിഹ്യങ്ങളോട് ബന്ധപ്പെട്ട ആഘോഷമാണ്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച ദിവസത്തെ ആഘോഷമാണ് വിഷു എന്നൊരു സങ്കല്‍പമുണ്ട്. മാലപ്പടക്കവും പൂത്തിരിയും മത്താപ്പും കൊച്ച് അമിട്ടുകളും മറ്റുമായി കുട്ടികള്‍ സന്തോഷിക്കുമ്പോള്‍ സ്ത്രീകള്‍ കുളിച്ചൊരുങ്ങി ക്ഷേത്രത്തില്‍ പോകും.
തിരിച്ചെത്തിയാല്‍ പിന്നെ സദ്യ ഒരുക്കങ്ങളുടെ തിരക്കായി.
പുതിയൊരു കാലത്തെ പ്രതീക്ഷയോടെ നോക്കാനും, നന്മയെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാനും, പ്രകൃതിയോടു കൂടുതല്‍ ഇണങ്ങാനും , കുടുംബ ബന്ധങ്ങള്‍ ആത്മീയതയുടെയും ആഘോഷത്തിന്റെയും അകമ്പടിയോടെ ഊട്ടിയുറപ്പിക്കുവാനുമാകട്ടെ നമ്മുടെ വിഷു ആഘോഷങ്ങള്‍.
വിത്തും കൈക്കോട്ടുമായി പുതിയൊരു കാർഷിക ഉത്സവ പ്രാരംഭമായി വിഷുവിനെ കാണുന്നു. അതുകൊണ്ടുതന്നെ കൃഷി കർമ്മ ആരംഭത്തിന് വിഷു ദിവസവും, അതിനോട് അനുബന്ധിച്ച് മേടം 10 വരെ സൂര്യോദയ കാലം വളരെ ശ്രേയസ്കരമാണ്.
സംക്രമപുരുഷൻ: നിഷണ്ണ :
ദേവതാ : മിശ്രാ
വാഹനം: ഗജ :
വസ്ത്രം: നീലാംബരം
പുഷ്പം: ജപാകുസുമം
അലങ്കാരം: ഗോമേദകം
വിലേപനം: ലാക്ഷാ (ചെമ്പഞ്ഞി ച്ചാറ് - ഒരിനം മരക്കറ )
ആയുധം: ധനു :
സ്നാനജലം: ഹരിദ്രാ
ഛത്രം: ചിത്രം
പാത്രം: സീസം ( കാരീയം)
ഭക്ഷണം: ക്ഷീരം
വാദ്യം: വീണ
ഗമനം: അഗ്നി
സ്വഭാവം: വിസ്മയചിത്തം
മണ്ഡലം: ഇന്ദ്രൻ
വർഷം: 4 പറ
1198 മീനം 8 ന് ബുധനാഴ്ച സൂര്യോദയത്തിന് " ശോഭകൃൽ " നാമ സംവത്സരാരംഭം.
( 1198 മീനം 8 ന് ഇന്ത്യൻ ശകവർഷം 1945 ആരംഭം)
കടപ്പാട്. ഉത്തര മലയാള പഞ്ചാംഗം,
ജ്യോതിർ ഭൂഷണം വലിയ പഞ്ചാംഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.