ന്യൂഡൽഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് കോൺഗ്രസ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിക്കുന്നു. സംയുക്ത പ്രതിപക്ഷ യോഗം ചേരുന്നതിനുള്ള സാധ്യതകൾ തേടി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉന്നത നേതാക്കളുമായി ഫോൺ വഴി ബന്ധുപ്പെട്ടുവെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. ഫോൺകോളുകളുടെ അജണ്ടയെപ്പറ്റി കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യത്തിന്റെ സാധ്യത ചർച്ച ചെയ്യുന്നതിനുള്ള ആദ്യപടിയായാണ് ഇതിനെ കണക്കാക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കെ സ്റ്റാലിനുമായി മല്ലികാർജുൻ ഖാർഗെ ഫോണിൽ ബന്ധപ്പെടുകയും യോഗത്തിലേക്ക് ക്ഷണിക്കുകയും ചെയ്തതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായും ഖാർഗെ ബന്ധപ്പെട്ടതായി വിവരമുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി,
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തുടങ്ങിയവരുമായി ചർച്ച നടത്തിയോ എന്നത് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല.പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാരിനെതിരെ ഒക്കെറ്റക്കെട്ടായി പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് സുപ്രധാന നീക്കവുമായി കോൺഗ്രസ് എത്തിയത്. പ്രതിപക്ഷ ഐക്യം നിലനിർത്താൻ കഴിയുമെന്നും 2024 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാൻ കഴിയുമെന്നുമാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.