അഹമ്മദാബാദ്: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് വനിതാ ആക്ടിവിസ്റ്റ് കാജല്‍ ഹിന്ദുസ്ഥാനിയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. കൂടാതെ ഗുജറാത്തിലെ ഉന നഗരത്തില്‍ സാമുദായിക കലാപം നടത്തിയെന്നാരോപിച്ച് അമ്പതിലധികം പേരെപൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേര്‍ക്കാണ് പ്രദേശത്തുണ്ടായ കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റത്. രാമനവമി ദിനത്തോട് അനുബന്ധിച്ച് കാജല്‍ ഹിന്ദുസ്ഥാനി നടത്തിയ പ്രസംഗമാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്
തുടര്‍ന്നാണ് ശനിയാഴ്ച രാത്രിയോടെ ഉന നഗരത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ന്യൂന പക്ഷ സമുദായത്തെ അപമാനിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പ്രസംഗം എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും സംഘര്‍ഷമുണ്ടായി. പ്രാദേശിക നേതാക്കളും പൊലീസും ചേര്‍ന്ന് ഇരു സമുദായത്തിലേയും പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. യോഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഘര്‍ഷമുണ്ടായതെന്ന്പൊലീസ് പറഞ്ഞു.
” ഞങ്ങള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒന്ന് കാജല്‍ ഹിന്ദുസ്ഥാനിയ്ക്കെതിരെയും, രണ്ട് കലാപം നടത്തിയ ജനക്കൂട്ടത്തിനെതിരെയുമാണ്. വിദ്വേഷ പ്രസംഗം നടത്തിയതിനാണ് കാജല്‍ ഹിന്ദുസ്ഥാനിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്,’ പൊലീസ് സൂപ്രണ്ട് ശ്രീപാല് ശേഷ്മ പറഞ്ഞു.
എന്നാല്‍ ആരാണ് ഈ കാജല്‍ ഹിന്ദുസ്ഥാനി? കൂടുതലറിയാം.
കാജല്‍ ഹിന്ദുസ്ഥാനി
ശരിയായ പേര് കാജല്‍ സിംഗള എന്നാണ്. തന്റെ പേരിനോടൊപ്പം ഹിന്ദുസ്ഥാനി എന്ന് പിന്നീട് ചേര്‍ക്കുകയായിരുന്നു ഇവര്‍. ഗുജറാത്തിലെ സിംഹറാണി എന്നാണ് ഇവര്‍ സ്വയം വിശേഷിപ്പിക്കുന്നത്.
ഭാരതീയ സംസ്കാരത്തെപ്പറ്റിയും മതങ്ങളെപ്പറ്റിയും അവബോധം പ്രചരിപ്പിക്കുന്ന ഒരു യുവ ദേശീയവാദി എന്നാണ് ഇവര്‍ തന്റെ സ്വന്തം വെബ്സൈറ്റിലൂടെ സ്വയം വിശേഷിപ്പിക്കുന്നത്. ഹിന്ദുക്കളുടെ മനുഷ്യവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വനിത എന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകയെന്നുമാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവരും ഇവരെ ഫോളോ ചെയ്യുന്നുണ്ട്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ക്ലബ് ഹൗസ് എന്നിവിടങ്ങളിൽ സജീവ സാന്നിദ്ധ്യമാണിവര്‍
പാകിസ്ഥാനി ഹിന്ദുക്കളെ ഗുജറാത്തില്‍ പാര്‍പ്പിക്കുന്നതിനായി ഒരു ഗ്രാമം തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സ്ഥിരമായി ടിവി ചര്‍ച്ചകളിലും ഇവര്‍ പങ്കെടുക്കാറുണ്ട്.
സംഘര്‍ഷത്തിന് ശേഷം ഏകദേശം 50 മുതല്‍ 60 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. പ്രാദേശിക ഇന്റലിജന്‍സിന്റെ സഹായവും തേടിവരുന്നുണ്ട്. കൂടാതെ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എസ്ആര്‍ഫ് സൈന്യത്തെ ഉനയില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാത്രിയോടെ ഉന നഗരത്തിലെ സംശയാസ്പദമായ എല്ലാ പ്രദേശങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. നിരവധി വാളുകളും വടികളും പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച നടന്ന രാമനവമി ഘോഷയാത്രയ്ക്കിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് വഡോദര പൊലീസ് രോഹന് ഷാ എന്ന ആക്ടിവിസ്റ്റിനെയും കസ്റ്റഡിയിലെടുത്തിരുന്നു. കൂടാതെ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ വീഡിയോ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയതെന്നാരോപിച്ച് മുഹമ്മദ് വോറ എന്ന വ്യക്തിയെയും വഡോദര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.