മുരിക്കാശേരി: നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മന്ത്രി റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തായിരുന്നു. അതിനിടെയാണ് മണ്ഡലത്തില്‍ ജനവാസ കേന്ദ്രങ്ങളില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയ വിവരം അറിഞ്ഞത്. ഇതോടെ സഭയില്‍ നിന്ന് വ്യാഴാഴ്ച തന്നെ മുരിക്കാശേരിയിലെത്തി അന്നു തന്നെ ജനപ്രതിനിധികളെയും കക്ഷി നേതാക്കളെയും ഡിഎഫ്ഒ അടക്കമുള്ള ഉദ്യോഗസ്ഥരെയും അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തു.
ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ സ്വീകരിക്കാനും വനപാലകരുടെ നിരീക്ഷണം ശക്തമാക്കാനും പുലിയിറങ്ങിയെന്നു സംശയിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും ഡിഎഫ്ഒയെ അന്നു തന്നെ ചുമതലപ്പെടുത്തി. പെരിയാര്‍ ടൈഗര്‍ റിസര്‍വ് അടക്കമുള്ള പ്രദേശങ്ങളില്‍ സ്ഥാപിച്ച കാമറകളില്‍ പതിഞ്ഞ ചിത്രങ്ങള്‍ പരിശോധിച്ച് പുലിയുടെ സാന്നിധ്യം കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.
പുലിയെ കണ്ടെത്തിയതായി പറയുന്ന മേഖലകളില്‍ സെര്‍ച്ചിങും നൈറ്റ് പട്രോളിങും നടത്താന്‍ വനപാലകരോട് നിര്‍ദേശിച്ചു. നാട്ടുകാര്‍ വിവരം നല്കുന്ന മേഖലകളില്‍ വനപാലകര്‍ നേരിട്ട് ചെന്ന് പരിശോധന നടത്തണമെന്നും ഇതില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും കര്‍ശനമായി നിര്‍ദേശിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചത്. ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കുകയാണ് പ്രധാന ആവശ്യം. അതില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ അനുവദിക്കില്ല.
പുലിയിറങ്ങിയ ഇരട്ടയാര്‍ പഞ്ചായത്തിലെ അടയാളക്കല്ല്, വാത്തിക്കുടി പഞ്ചായത്തിലെ തോപ്രാംകുടി സ്കൂള്‍ സിറ്റി, കൊന്നയ്ക്കാമാലി, വാത്തിക്കുടി, ജോസ്പുരം മേഖലകള്‍ നേരില്‍ സന്ദര്‍ശിച്ചു അവിടെയുള്ളവരുമായി സംസാരിച്ചു. പുലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം ലഭിച്ചാലുടന്‍ ജനങ്ങള്‍ അധികൃതരെ അറിയിക്കണം. പ്രതിസന്ധി ഘട്ടത്തില്‍ സമൂഹം ജാഗ്രത പുലര്ത്തകുയം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കൂട്ടായി യ്തനിക്കുകയുമാണ് വേണ്ടത്. ഇരട്ടയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്സണ് വര്‍ക്കിയും വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമോളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ട് സജീവമായുണ്ട്.
മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഭാഗത്തു നിന്ന് എല്ലാ പിന്തുണയും ഇരുവരും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭാവിയിലും ജനവാസ മേഖകളില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം നടപടി സ്വീകരിക്കാമെന്ന് വനം മന്ത്രിയും ഉറപ്പു നല്‍കിയിട്ടുണ്ട്.
കടപ്പാട് പോസ്റ്റ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.