സർക്കാർ സേവനങ്ങളും അവ ലഭ്യമാകുന്നതിനായി ചെയ്യേണ്ട കാര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ കൈമാറാൻ മലപ്പുറം ജില്ലയിലെ 94 പഞ്ചായത്ത് ഓഫീസുകളിലും അടുത്ത മാസം പൗര സഹായ കേന്ദ്രങ്ങൾ (സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ) തുടങ്ങും.
ഗ്രാമ പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിനോട് ചേർന്നാവും പൗര സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വിവിധ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങൾ, സമയപരിധി, എങ്ങനെ അപേക്ഷിക്കാം തുടങ്ങി എല്ലാ വിവരങ്ങളും ഇവിടെ നിന്നറിയാം. തദ്ദേശ വകുപ്പ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനുവരി പത്തിനകം ആരംഭിക്കാനായിരുന്നു പദ്ധതിയിട്ടതെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം നീണ്ടു. എണ്ണപ്പെട്ട പഞ്ചായത്തുകളിൽ പൗര സഹായ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.
ബാക്കിയിടങ്ങളിൽ കൂടി വേഗത്തിൽ പദ്ധതി നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം പഞ്ചായത്ത് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ചേർന്നിരുന്നു. ഈ മാസം അവസാനത്തോടെ മുഴുവൻ സ്ഥലങ്ങളിലും കേന്ദ്രം തുടങ്ങി ഏപ്രിലിൽ പ്രഖ്യാപനം നടത്താനാണ് തീരുമാനം. നഗരസഭകളിൽ അടുത്ത ഘട്ടത്തിൽ പൗര സഹായ കേന്ദ്രങ്ങൾ ആരംഭിക്കും.
ഗ്രാമപഞ്ചായത്തുകളിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരും അവരില്ലാത്ത ഇടങ്ങളിൽ കുടുംബശ്രീ ഹെൽപ്പ് ഡെസ്ക്കിനുമാണ് ചുമതല. ഇവ രണ്ടും ഇല്ലാത്ത ഇടങ്ങളിൽ എം.എസ്.ഡബ്ല്യു യോഗ്യതയുള്ളവരെ നിയോഗിച്ചും പൗര സഹായ കേന്ദ്രം പ്രവർത്തിപ്പിക്കും. നീല ജാക്കറ്റ് ധരിച്ച് ഒപ്പമുണ്ട് ഉറപ്പാണ് എന്ന ടാഗ് ലൈനോട് കൂടിയാവും സേവന കേന്ദ്രം ജീവനക്കാർ. കില മുഖേന ജീവനക്കാർക്കുള്ള പരിശീലനം പുരോഗമിക്കുന്നുണ്ട്.
എല്ലാ വകുപ്പുകളും ഏജൻസികളും പൊതുജനങ്ങൾ അറിയേണ്ട വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുമ്പോൾ ആ വിവരങ്ങൾ ഫെസിലിറ്റേഷൻ കേന്ദ്രത്തിലേക്ക് ഇ-മെയിൽ മുഖാന്തിരം അയക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാരിന്റെയും വിവിധ വകുപ്പുകളുടെയും സേവനങ്ങളുടെ കൈപുസ്തകം ഫെസിലിറ്റേഷൻ കേന്ദ്രത്തിലുണ്ടാകു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.