ബദിയഡുക്ക; കാസർഗോഡ് ജില്ലാ ബിജെപിയിൽ തുടരുന്ന ചേരിപ്പോര് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്കും നീണ്ടു. ബിജെപിക്ക് വലിയ ഭൂരിപക്ഷമുള്ള പെർല സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരം ചേരിതിരിഞ്ഞാണ് ഔദ്യോഗിക പക്ഷത്തിനെതിരെ സംസ്‌കാരഭാരതി എന്ന പേരിൽ സംഘടനയുണ്ടാക്കി ഒരു വിഭാഗം മത്സരിക്കുകയാണ്. 19-നാണ് തിരഞ്ഞെടുപ്പ്. 11 അംഗ ബാങ്ക് ഭരണസമിതിയിലേക്ക് ഇരുവിഭാഗങ്ങളിൽനിന്നും നാമനിർദേശ പത്രിക സമർപ്പിച്ചു.
പെർലയിലെ ബിജെപി നേതാക്കൾതന്നെയാണ് സംസ്‌കാരഭാരതിയുടെ ബാനറിൽ മത്സരിക്കുന്നത്. ബി ചന്ദ്രശേഖര, എൻ കിശോർകുമാർ, കെ പ്രകാശ് ഷെട്ടി, രമാനന്ദ എടമല, സീതാറാം റായ്, ഉദയ ചെട്ടിയാർ, ബി ദിവ്യ, ബി സുധാകുമാരി, പി വാരിജ, പി രവീന്ദ്രനായക്, സതീഷ് കുളാൽ എന്നിവരാണ് പത്രിക നൽകിയത്. സ്വതന്ത്രനായി ഡി രാമഭട്ടും പത്രിക നൽകിയിട്ടുണ്ട്.
അംഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള തങ്ങൾ, ഇത്തവണ ബാങ്ക് ഭരണം പിടിക്കുമെന്നാണ് ഇവർ പ്രഖ്യാപിച്ചിരിക്കുന്നത്. പാർടി സംഘടനാനടപടിയടക്കം എടുപ്പിച്ച് സൂക്ഷ്മമായി കരുക്കൾ നീക്കുകയാണ് ഔദ്യോഗികപക്ഷം. ബിജെപിക്ക് മേൽക്കൈയുള്ള എൺമകജെ പഞ്ചായത്തിലെ ബലാബലം തെളിയിക്കുന്നതിനുള്ള വേദികൂടിയായി മാറുകയാണ് ബാങ്ക് തെരഞ്ഞെടുപ്പ്.
ജില്ലയിൽ പാർടിക്കുള്ളിൽ പുകയുന്ന തർക്കങ്ങളുടെ ബാക്കിപത്രമാണ് എൻമകജെയിലും. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ജില്ലയിലേക്ക് വരുമ്പോൾതന്നെ ഒരുവിഭാഗം പോസ്‌റ്റർ പ്രതിഷേധം നടത്തുകയാണ്. ജില്ലാക്കമ്മിറ്റി ഓഫീസ് അടപ്പിച്ചുപോലും ഒരുവിഭാഗം പ്രതിഷേധമുയർത്തി. ജില്ലയിൽ വ്യാപമായി ഔദ്യോഗിക പക്ഷത്തിനെതിരെ അക്കാലത്ത് പോസ്‌റ്ററും ഉയർന്നു.
നേതാക്കളുടെ സ്വന്തക്കാർ അവരവർക്ക് തോന്നിയപോലെ തീരുമാനങ്ങളെടുക്കുന്നതാണ് പെർല ബാങ്കിലും സംഭവിച്ചതെന്ന് വിമതപക്ഷം പറയുന്നു. ജനാധിപത്യപരമായി തീരുമാനമെടുപ്പിക്കാൻ നേതൃത്വത്തെ നിർബന്ധിപ്പിക്കാനാണ് മത്സരരംഗത്ത് എന്നാണ് ഇവർ പറയുന്നത്. അതേസമയം, ഔദ്യോഗികപക്ഷം ഇതുസംബന്ധിച്ച് ഒരു പ്രതികരണവും നടത്തുന്നില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വിമതർക്കെതിരെ പാർട്ടി നടപടിയെടുപ്പിച്ച് കാര്യങ്ങൾ തങ്ങളുടെ വരുതിക്കുവരുത്താമെന്നാണ് അവർ കരുതുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.