കൊച്ചി. തൃപ്പൂണിത്തുറയിൽ പോലീസ് കസ്റ്റഡിയിൽ 52 കാരൻ മധ്യവയസ്കൻ അടിയേറ്റു കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. ഹിൽ പാലസ് സ്റ്റേഷനിലെ ജൂനിയർ എസ്ഐ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
![]() |
മരിച്ച മനോഹരൻ, എസ്ഐ ജിമ്മി ജോസ് |
ഹിൽ പാലസ് പോലീസിൻ്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റു, ഇരുമ്പനം കർഷക കോളനി സ്വദേശി നിർമ്മാണ തൊഴിലാളി മനോഹരൻ (52) ആണ് കുഴഞ്ഞുവീണു മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചതിന്റെ പേരിലായിരുന്നു മനോഹരനെ ഹിൽ പാലസ് കസ്റ്റഡിയിലെടുക്കുന്നത്. ഹെൽമെറ്റ് ഊരിയ ഉടൻ പോലീസ് ഇയാളുടെ മുഖത്തടിച്ചുവെന്നു ദൃക്സാക്ഷിയായ സ്ത്രീ വെളിപ്പെടുത്തിയിട്ടുണ്ട്.
‘പേടിച്ചിട്ടാ സാറേ നിർത്താതെ പോയതെന്നു’ മനോഹരൻ പറഞ്ഞിരുന്നുവെന്നും ഹെൽമറ്റ് ഊരിയതും പോലീസ് മനോഹരൻ്റെ മുഖത്തടിച്ചുവെന്നും കർഷക കോളനി സ്വദേശിയായ രമ വ്യക്തമാക്കിയിട്ടുണ്ട്. ‘കൈകാണിച്ചാൽ നിനക്കെന്താടാ വണ്ടി നിർത്തിക്കൂടെ’ എന്നു ചോദിച്ചായിരുന്നു മർദ്ദനം. തുടർന്ന് പൊലീസ് ജീപ്പിൽവച്ചും പൊലീസുകാർ മനോഹരനെ മർദ്ദിച്ചതായാണ് ആരോപണം ഉണ്ടായിരിക്കുന്നത്. അതേസമയം, മനോഹരനെ മർദ്ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുൻപിലാണ് മനോഹരൻ കുഴഞ്ഞുവീണതെന്നും ഹിൽപാലസ് പൊലീസിന്റെ വിശദീകരണം.
കസ്റ്റഡിയിൽ എടുക്കും മുൻപ് മുതൽ പോലീസ് അകാരണമായി മർദിച്ചിരുന്നുവെന്ന ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ്റേതാണ് നടപടി. 52 കാരനായ മനോഹരൻ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും സിറ്റി പോലീസ് കമ്മീഷണർ ചുമതലപ്പെടുത്തി.
ഇതിനിടെ മനോഹരൻ്റെ കസ്റ്റഡി മരണത്തിൽ നാട്ടുകാർ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്റ്റേഷൻ കവാടത്തിനു മുന്നിൽ നിരാഹര സമരവും തുടങ്ങിയിട്ടുണ്ട്. നാട്ടുകാരെ സമരത്തിൽനിന്നു പിന്തിരിപ്പിക്കാനായി തൃക്കാക്കര എസിപി നേതാക്കളെ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. സംഭവസമയത്ത് നാലു പോലീസുകാരാണ് ഉണ്ടായിരുന്നത്. ഒരാളെ മാത്രം സസ്പെൻഡ് ചെയ്തതിനെതിരെയാണ് പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.