തിരുവനന്തപുരം: നയന സൂര്യന്റെ മരണം ആത്മഹത്യയല്ലന്നു ഫോറൻസിക്. കൊലപാതക സാധ്യത തന്നെയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന് മുന്നിൽ ഫോറൻസിക് സർജന്റെ വെളിപ്പെടുത്തൽ. നയനയുടെ ശരീരത്തിലെ മുറിവുകൾ സ്വയമുണ്ടാക്കാൻ കഴിയാത്തതാണെന്നും ഇത് കൊലപാതക സാധ്യതയിലേക്ക് വിരൽചൂണ്ടുന്നതാണെന്നും റിട്ട. ഫോറൻസിക് സർജൻ ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തോടു പറഞ്ഞു.
നയനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തുകയും മരണസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുകയും ചെയ്ത ഡോ. ശശികലയെ ശനിയാഴ്ചയാണ് കേസ് പുനരന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയത്. നയനയുടേത് കൊലപാതകംതന്നെയെന്ന് ഉറപ്പിക്കാവുന്ന വിവരങ്ങളാണ് ഡോ. ശശികല ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയത്
കേസ് അന്വേഷിച്ച പൊലീസ്, തന്റേതെന്നപേരിൽ രേഖപ്പെടുത്തിയ മൊഴി താൻ പറഞ്ഞ കാര്യങ്ങളല്ലെന്നും അവർ പറഞ്ഞു. മരണദിവസം നയന താമസിച്ചിരുന്ന സ്ഥലത്ത് മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയും തിരിച്ചറിഞ്ഞിരുന്നു. കൊലപാതക സൂചന ഉണ്ടായിരുന്നതിനാലാണ് താൻ മരണം നടന്ന സ്ഥലം സന്ദർശിച്ചത്. കഴുത്തിലേതടക്കം പല മുറിവുകളും ഒരാൾക്കു സ്വയമേൽപ്പിക്കാൻ കഴിയുന്നതായിരുന്നില്ല. സ്വയം പീഡിപ്പിക്കുന്ന ‘അസ്ഫിക്‌സിയോഫീലിയ’ എന്ന അവസ്ഥ അതിവിദൂര സാധ്യത മാത്രമായാണ് അന്ന് താൻ പരാമർശിച്ചിരുന്നതെന്നും അവർ പറഞ്ഞു.
നയനയുടെ ശരീരത്തിലെ മുറിവുകളുടെ വിശദാംശങ്ങളും കൊലപാതക സാധ്യതയും ഉൾപ്പെടെ താൻ പറഞ്ഞ കാര്യങ്ങൾ ഒഴിവാക്കിയാണ് ആദ്യഘട്ടത്തിൽ പൊലീസ് മൊഴി തയാറാക്കിയതെന്ന് ഡോ. ശശികല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. അകത്തുനിന്നു കുറ്റിയിട്ടിരുന്ന വാതിൽ ചവിട്ടിത്തുറന്നാണ് അകത്തുകടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ അന്ന് പറഞ്ഞത്. മുറിയിൽ നയന കിടന്നിരുന്നതായി പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയിൽ കണ്ടിരുന്നു. കഴുത്തിൽ ചുറ്റിയതുപോലുള്ള ചുളിവും അതിൽ ഉണ്ടായിരുന്നു എന്ന് ശശികല പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.