തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണ സമർപ്പിച്ച ജാമ്യ ഹർജികൾ തൃശൂർ അഡീഷണൽ ജില്ലാ കോടതി തളളി. പ്രവീൺ റാണയെ പത്തു ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടുകൊടുക്കാനും കോടതി ഉത്തരവിട്ടു. ജില്ലാ ജഡ്ജി ടി കെ മിനിമോൾ ആണ് ജാമ്യ ഹർജി തള്ളിയത്. തൃശൂർ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്തിരുന്നതും നിലവിൽ ക്രൈം ബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നതുമായ കേസുകളിൽ നൽകിയ ജാമ്യാപേക്ഷകളാണ് കോടതി വാദം കേട്ട് തള്ളിക്കളഞ്ഞത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി സുനിൽ, അഡ്വക്കേറ്റ് വിഷ്ണുദത്തൻ, അഡ്വക്കേറ്റ് സി ജെ അമൽ എന്നിവർ ഹാജരായി. നിലവിൽ 85 കേസുകൾ ക്രൈംബ്രാഞ്ചിൻ്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഇതു കൂടാതെ ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ 100 ഓളം കേസുകൾ പ്രവീൺ റാണയുടെ പേരിലുണ്ട്.18 കേസുകളാണ് പ്രവീൺ റാണക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലനിൽക്കുന്നത് 11 കേസുകൾ തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
48 ശതമാനംവരെ പലിശയും ഫ്രാഞ്ചൈസി ചേർക്കാമെന്ന വാഗ്ദാനവും ചെയ്തതിനെ തുടർന്നാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. പീച്ചി സ്വദേശിനിയായ ഹണി തോമസിൻ്റെ പരാതിയിലാണ് റാണക്കെതിരെ ആദ്യം പൊലീസ് കേസെടുത്തത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നായിരുന്നു പരാതി. ആദം ബസാറിലെ സ്ഥാപനത്തിലെ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിനായി ഒരു ലക്ഷം രൂപയാണ് പ്രതി പരാതിക്കാരിൽ നിന്നും വാങ്ങിയത്. പ്രതിമാസം 2000 രൂപ സ്റ്റൈപൻ്റും കാലാവധി പൂർത്തിയായാൽ നിക്ഷേപത്തോടൊപ്പം നൽകാമെന്ന് പറഞ്ഞിരുന്നു. സ്റ്റൈപൻ്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ചുവർഷം കഴിയുമ്പോൾ രണ്ടര ലക്ഷം രൂപയായി നൽകാമെന്ന് പറഞ്ഞ് പറ്റിച്ചതായും പരാതിയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.