കടലുണ്ടി: ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെട്ട കടലുണ്ടി സ്ട്രീറ്റ് പദ്ധതിയിലെ കാഴ്ചകൾ കണ്ടറിഞ്ഞു വിദേശ വിനോദ സഞ്ചാരികൾ.
ഉത്തരവാദിത്ത ടൂറിസം മിഷൻ ആവിഷ്കരിച്ച ഗ്രാമീണ അനുഭവവേദ്യ തെരുവ് സന്ദർശനത്തിന്റെ ഭാഗമായാണ് ഫ്രാൻസിൽ നിന്നുള്ള സാമുവൽ, സോഫിക, അനുഷ്ക എന്നിവർ കടലുണ്ടിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാൻ എത്തിയത്. കമ്യൂണിറ്റി റിസർവിൽ കണ്ടൽക്കാടുകളിലൂടെ തോണി യാത്ര നടത്തിയ സംഘം പാരമ്പര്യ കയർ ഉൽപന്നങ്ങൾ നിർമിക്കുന്ന കടലുണ്ടി കയർ സൊസൈറ്റി സന്ദർശിച്ച് തൊഴിലാളികൾക്കൊപ്പം കയർ പിരിക്കലിൽ ഏർപ്പെട്ടു. കോട്ടക്കുന്നിലെ വനിതകളുടെ നെയ്ത്തു കേന്ദ്രത്തിൽ നെയ്തു പൂർത്തീകരിച്ച ഖാദി മുണ്ട് ഉടുത്തു നോക്കി.
കടലുണ്ടി പഞ്ചായത്തും ഉത്തരവാദിത്ത ടൂറിസം മിഷനും നടപ്പിലാക്കുന്ന സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഭാഗമായി സർവീസ് നടത്തുന്ന ഓട്ടോയിലായിരുന്നു സ്ട്രീറ്റ് യാത്ര. പേടിയാട്ടുകാവ്, കോഴിശ്ശേരി കാവ് എന്നിവയും സന്ദർശിച്ചു. കടലുണ്ടിക്കു വിനോദ സഞ്ചാര മേഖലയിൽ അനന്ത സാധ്യതകളുണ്ടെന്നും വില്ലേജ് ലൈഫ് എക്സ്പീരിയൻസ് വേറിട്ട അനുഭവമായെന്നും സാമുവൽ പറഞ്ഞു.
ഓരോ പ്രദേശത്തിന്റെയും സാധ്യത കണക്കിലെടുത്ത് കണ്ടറിയാൻ കഴിയുന്നതും അനുഭവവേദ്യത ഉറപ്പാക്കുന്നതുമായ തെരുവുകൾ സജ്ജീകരിക്കുന്നതാണു സ്ട്രീറ്റ് പദ്ധതി. ഇതിന്റെ ഭാഗമായി നടക്കുന്ന സന്ദർശനത്തിലൂടെ അതതു യൂണിറ്റുകൾക്ക് ചെറിയ വരുമാനം ലഭിക്കുമെന്നതാണു പ്രത്യേകത. പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ, ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോഓർഡിനേറ്റർ ശ്രീകല ലക്ഷ്മി, റിസോഴ്സ് പഴ്സൻ എം.അഖിൽ എന്നിവർ സഞ്ചാരികളെ വരവേറ്റു. കടലുണ്ടിയിലെ സന്ദർശനത്തിന് ശേഷം ഫറോക്ക് കോമൺവെൽത്ത് ടൈൽ ഫാക്ടറി, ബേപ്പൂർ ഉരു നിർമാണ കേന്ദ്രം എന്നിവ കണ്ടതിനു ശേഷമാണു സഞ്ചാരികൾ മടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.