കൊച്ചി: ഗാന്ധി ഘാതകനായ നാഥുറാം വിനായക് ഗോഡ്സെയുടെ ചിതാഭസ്മം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തു വിളക്കുകൊളുത്തി സംരക്ഷിച്ചിട്ടുണ്ടെന്ന സിപിഎം നേതാവും ആലപ്പുഴ എംഎൽഎയുമായ പി.പി. ചിത്തരഞ്ജന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ വിവാദത്തിൽ. ഈ ആരോപണത്തെ വെറുതെ വിടില്ലെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും ബിജെപി നേതാവ് സന്ദീപ് വചസ്പതി.
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിലാണ് ചിത്തരഞ്ജൻ പോസ്റ്റിട്ടത്. ഗാന്ധിയെ കൊല്ലാൻ നിർദേശം കൊടുത്തതും ഗൂഢാലോചന നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകരാണ്. ഇന്ത്യയെ മതരാഷ്ട്രമാക്കി "അഖണ്ഡഭാരതം' സൃഷ്ടിക്കുമ്പോൾ അന്ന് ഗംഗാനദിയിൽ ഒഴുക്കാനാണ് ആ ചിതാഭസ്മം ആർഎസ്എസ് ആസ്ഥാനത്ത് കാത്തുവച്ചിരിക്കുന്നതെന്നും അദ്ദേഹം എഴുതി.
തൊട്ടുപിന്നാലെ, സന്ദീപ് വാചസ്പതിയുടെ മറുപടി വന്നതോടെ ഈ വിവാദ വാചകങ്ങൾ ചിത്തരഞ്ജൻ തന്റെ പോസ്റ്റിൽ നിന്ന് എഡിറ്റ് ചെയ്തു നീക്കി. സംഭവത്തിൽ മാപ്പു പറഞ്ഞില്ലെങ്കിൽ ചിത്തരഞ്ജന് അറിയാത്ത ചരിത്രങ്ങൾ വഴിയേ മനസിലാക്കിക്കൊടുക്കുമെന്നാണ് സന്ദീപ് വചസ്പതിയുടെ വെല്ലുവിളി.
"കേസ് കൊടുക്കുമെന്നു പറഞ്ഞപ്പോൾ വിവാദ ഭാഗങ്ങൾ മായ്ച്ചു കളഞ്ഞത് മോശമായിപ്പോയി' എന്ന പുതിയൊരു പോസ്റ്റും സന്ദീപ് പിന്നീട് ഇട്ടു.
പി.പി. ചിത്തരഞ്ജന്റെ പോസ്റ്റ്:
"ഞാൻ നല്ലൊരു ഹിന്ദുവായതുകൊണ്ടു തന്നെ നല്ലൊരു മുസൽമാനുമാണ്'. ഹൃദയമിടിപ്പു പോലെ സ്വന്തം രാഷ്ട്രത്തെ കൊണ്ടുനടന്ന 78 വയസ് ഉണ്ടായിരുന്ന ആ സാധുവൃദ്ധനെ നെഞ്ചിന് നേർക്ക് മൂന്നു വെടിയുതിർത്ത് കൊന്നുകളഞ്ഞു. നിർദേശം കൊടുത്തതും ഗൂഢാലോചന നടത്തിയതും കൊന്നതും ശിക്ഷിക്കപ്പെട്ട് തൂക്കിലേറ്റപ്പെട്ടതും സംഘപരിവാർ പ്രവർത്തകർ. ഗാന്ധിയെ കൊന്നതിന് തൂക്കിലേറ്റപ്പെട്ട നാഥുറാം വിനായക ഗോഡ്സെയുടെ ചിതാഭസ്മം അയാളുടെ ആഗ്രഹപ്രകാരം ഇന്നും നാഗ്പൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ വിളക്ക് കൊളുത്തി അവർ സംരക്ഷിച്ചിട്ടുണ്ട്. ഇന്ത്യയെ മതരാഷ്ട്രമാക്കി "അഖണ്ഡഭാരതം' സൃഷ്ടിക്കുമ്പോൾ അന്ന് ഗംഗാനദിയിൽ ഒഴുക്കാൻ അവരത് കാത്തുവച്ചിരിക്കുന്നു.
ഗാന്ധി കൊല്ലപ്പെട്ടപ്പോൾ മധുരം വിതരണം ചെയ്തവർ, ഇന്നും പ്രതീകാത്മകമായി ഗാന്ധി പ്രതിമയുണ്ടാക്കി ആഘോഷിക്കുന്നവർ, ഗാന്ധിയൻ ആശയങ്ങളിൽ ജീവിക്കുന്നവർക്കു പോലും മരണം വിധിക്കുന്നവർ, അവരാണ് ഇന്ന് ഗാന്ധിയുടെ മണ്ണ് ഭരിക്കുന്നത്. മതവർഗീയത വളർത്തി, ദാരിദ്രനെയും കർഷകരെയും മറന്ന് അവർ ഗാന്ധിയൻ സങ്കൽപ്പങ്ങളെ വീണ്ടും വീണ്ടും കൊലപ്പെടുത്തുകയാണ്.
പ്രതിരോധിക്കുക. സംഘപരിവാർ ഫാസിസത്തെ എതിർക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ലളിതമായ, എന്നാൽ ഏറ്റവും മൂർച്ചയുള്ളതുമായ സമരം "ഗാന്ധിയെ ഓർക്കുക' എന്നതാണ്. ഗാന്ധിയെ കുറിച്ചുള്ള ഓർമകൾ പോലും അവർക്ക് ഭയമാണ്. ഓർമകളെ മരിക്കാൻ വിടരുത്''.
(എഡിറ്റ് ചെയ്യുന്നതിനു മുമ്പുള്ള പോസ്റ്റ്).
സന്ദീപ് വാചസ്പതിയുടെ പോസ്റ്റ്:
"നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ലെങ്കിൽ ഇതിൽ പറഞ്ഞിരിക്കുന്ന ഒരു ആരോപണത്തിനെങ്കിലും പി.പി. ചിത്തരഞ്ജൻ തെളിവ് നൽകണം. പാർട്ടി കമ്മിറ്റികളിൽ പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിക്കുന്ന സ്ഥിരം കമ്മ്യൂണിസ്റ്റ് ബ്ലാ ബ്ലാ പോരാതെ വരും ചിത്തരഞ്ജൻ, പൊതുസമൂഹത്തോട് സംവദിക്കാൻ.
വായ്ത്താളവും കൈരേഖയുമല്ലാതെ മറ്റൊന്നും കൈയിലുണ്ടാകില്ല എന്നുമറിയാം. എങ്കിലും ഇത് വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് അറിയിക്കട്ടെ. കോടതിയിൽ ചോദ്യം ചെയ്യാനാണ് തീരുമാനം. പോസ്റ്റ് പിൻവലിച്ച് പൊതു സമൂഹത്തോടു മാപ്പ് പറയാനുള്ള ആർജവം കാണിക്കണം. ഇല്ലെങ്കിൽ കോടതി നടപടി നേരിടാൻ തയ്യാറാവുക. കാലമെത്ര കഴിഞ്ഞാലും ഇതിന് മറുപടി പറയിക്കുക തന്നെ ചെയ്യും.
ഇനി ചിത്തരഞ്ജന് അറിയാത്ത ചരിത്രം കൂടി പറയാം. ഗാന്ധിജി ഹിന്ദു മഹാസഭക്കാരനായ ഗോഡ്സെയുടെ കൈകളാൽ കൊല്ലപ്പെടുമ്പോൾ ആ സംഘടനയുടെ അധ്യക്ഷൻ പിൽക്കാലത്ത് നിങ്ങളുടെ എംപി ആയിരുന്ന നിർമൽചന്ദ്ര ചാറ്റർജി എന്ന മഹാനായിരുന്നു. ഗാന്ധി വധത്തിനു ശേഷവും ആ മാന്യൻ കുറേക്കാലം കൂടി ഹിന്ദുമഹാസഭയെ നയിച്ചിരുന്നു.
അച്ഛന്റെ മരണശേഷം ആ സീറ്റിൽ വിജയിച്ച നിങ്ങളുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ ചിത്തരഞ്ജൻ അറിയും: സോമനാഥ് ചാറ്റർജി. ചിത്തരഞ്ജന് അറിയാത്ത എത്രയെത്ര ചരിത്രങ്ങൾ. ഓരോന്നായി വഴിയെ മനസിലാക്കാം''.
📚READ ALSO:
🔘പോളണ്ട്: പാലക്കാട് സ്വദേശി മലയാളി യുവാവിനെ പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.