തിരുവനന്തപുരം: ഇന്നു മുതല്‍ ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ള നിറം നിര്‍ബന്ധമാക്കിയുള്ള മുൻ ഉത്തരവ് കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ജി.പി.എസ്. ഘടിപ്പിക്കാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. തകരാർ പരിഹരിച്ച് വാഹനം ഹാജരാക്കിയാൽ മാത്രമേ ഓടാൻ അനുമതിലഭിക്കുകയുള്ളൂ.
അതേപോലെ ബസുകളിലെ വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്തുന്നവർക്കെതിരേ കേസെടുക്കാനും സർക്കാർ തീരുമാനിച്ചു. ഇതു വരെ പിഴ മാത്രമാണ് ഈടാക്കിയിരുന്നത്. ഇലക്‌ട്രോണിക് കൺട്രോൾ യൂണിറ്റിൽ മാറ്റംവരുത്തി വേഗപ്പൂട്ടിൽ കൃത്രിമത്വം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദഗ്ധർക്കും സ്ഥാപനങ്ങൾക്കുമെതിരേ ക്രിമിനൽ കേസെടുക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നിലവിൽ വാഹന ഉടമയ്ക്ക് പിഴചുമത്തുക മാത്രമാണ് ചെയ്തിരുന്നത്. ഇനി സാവകാശം അനുവദിക്കാനാകില്ല. നിയമം ലംഘിക്കുന്ന ബസുകൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബസ്സുകളിൽ വ്യാപകമായ നിയമ ലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിൽ നടപടി ശക്തമാക്കി സർക്കാർ. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കൂടിയാണ് കർശന നടപടികളിലേക്ക് സർക്കാർ കടന്നിരിക്കുന്നത്.
ക്രമക്കേടുകൾ തടയുന്നതിന് പരിശോധനയും നിരീക്ഷണവും ഉറപ്പാക്കും. ടൂറിസ്റ്റ് ബസുകളെ സഹായിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർ ആഴ്ചയിൽ 15 ബസുകൾ പരിശോധിക്കും. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സൂപ്പർ ചെക്കിങ്ങുമുണ്ടാകും.
ഡ്രൈവർമാരുടെ ലഹരി ഉപയോഗം തടയാൻ എക്‌സൈസുമായി ചേർന്ന് പരിശോധന നടത്തും. പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലനം പൂർത്തിയാക്കിയാൽ മാത്രമേ പുനഃസ്ഥാപിക്കുകയുള്ളൂ. ഓൾ ഇന്ത്യാ പെർമിറ്റിൽ സംസ്ഥാനത്തേക്ക് കടക്കുന്ന ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്നും നവംബർ ഒന്നുമുതൽ പ്രത്യേകം നികുതി ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.