ന്യൂഡൽഹി: റബർ കൃഷിക്കുള്ള സബ്സിഡി തുടരുമെന്നു കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പാർലമെന്റിൽ ജോസ് കെ. മാണി എംപിയെ അറിയിച്ചു. 2020 ഏപ്രിൽ മുതൽ കഴിഞ്ഞ ഡിസംബർ വരെ മാത്രം 10,69,66,000 രൂപയും (10.69 കോടി) 2017-18 മുതൽ 2019-20 വരെ 5,69,72,00 രൂപയും സബ്സിഡിയിനത്തിൽ കേരളത്തിലെ റബർ കർഷകർക്കു നൽകിയതായും കേന്ദ്രം അറിയിച്ചു.
2017-18 മുതൽ മുടങ്ങിക്കിടന്ന റബർ കൃഷി സബ്സിഡി 2020 ഏപ്രിൽ മുതലാണു പുനഃസ്ഥാപിച്ചത്. കേരളത്തിലെ സ്വാഭാവിക റബർ ഉത്പാദനത്തിൽ 2020-21ൽ മുൻ വർഷത്തെ അപേക്ഷിച്ചു നേരിയ കുറവേ ഉണ്ടായിട്ടുള്ളൂവെന്നും രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. 2019-20ൽ 5,33,500 ടണ്‍ ആയിരുന്ന റബർ ഉത്പാദനം കഴിഞ്ഞ വർഷം 5,19,500 ടണ്‍ ആയാണു കുറഞ്ഞത്. ആകെ 14,000 ടണ്ണിന്റെ കുറവ്. കോവിഡ് മഹാമാരി, ലോക്ഡൗണ്‍ എന്നിവയ്ക്കു പുറമെ 2020 സെപ്റ്റംബറിൽ ദക്ഷിണ കേരളത്തിലുണ്ടായ കനത്ത മഴ, ചുഴലിക്കാറ്റ് തുടങ്ങിയവയുടെയും പശ്ചാത്തലത്തിലാണ് ഉത്പാദനത്തിലെ നേരിയ കുറവെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.
രാജ്യത്താകെ 7,15,000 ടണ്‍ റബർ ആണ് ഉത്പാദനം. ഇതിൽ 5,19,500 ടണ്ണും കേരളത്തിലാണ്. ത്രിപുര- 73,780 ടണ്‍, കർണാടക- 43,860, ആസാം- 34,130, തമിഴ്നാട്- 19,710, മേഘാലയ- 9,540, മറ്റു സംസ്ഥാനങ്ങൾ- 14,480 ടണ്‍ എന്നിങ്ങനെയാണ് 2020-21ലെ സ്വാഭാവിക റബർ ഉത്പാദനമെന്നുമാണു റബർ ബോർഡിന്റെ കണക്കെന്നു ജോസ് കെ. മാണിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി. റബർ കൃഷിക്ക് ഹെക്ടറിനു 25,000 രൂപ വീതമാണു നിലവിൽ റബർ ബോർഡ് മുഖേന സബ്സിഡി നൽകുന്നത്. രണ്ടു ഹെക്ടറിൽ വരെയുള്ള കൃഷിക്കാർക്കാണു സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുക. പട്ടികജാതിക്കാരായ കർഷകർക്കു ഹെക്ടറിനു 40,000 രൂപ സബ്സിഡിയായി നൽകുമെന്നും മന്ത്രി അറിയിച്ചു.
ഇതേസമയം, രാജ്യത്തു സ്വാഭാവിക റബറിന്റെ ആഭ്യന്തര ഉപഭോഗം 12.5 ലക്ഷം ടണ്‍ ആയി ഉയർന്നപ്പോഴും മൊത്തം ഉത്പാദനം 7.15 ലക്ഷം മാത്രമാണെന്നു വിദഗ്ദർ ചൂണ്ടിക്കാട്ടി. വൻകിട ടയർ കന്പനികൾ ഒത്തുകളിക്കുന്നതിനാലാണു ആവശ്യത്തേക്കാൾ വളരെ കുറവ് ഉത്പാദനം ആയിട്ടും റബർ വില ഉയരാതിരിക്കാൻ കാരണമെന്നാണു വിലയിരുത്തൽ. ടയർ ലോബിയുടെ ചൂഷണത്തിനെതിരേ കർഷകർക്കു രാഷ്ട്രീയനേതൃത്വം പിന്തുണ നൽകിയാൽ റബർ വില പഴയനിലയിലേക്ക് ഉയരുമെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.