ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഇരുകരകളിലായി സ്ഥിതി ചെയ്യുന്ന രണ്ട് പ്രദേശങ്ങള്‍. ഒന്ന് നമ്മുടെ കേരളം. മറ്റൊന്ന് ആഫ്രിക്കൻ ഭൂഖണ്ഡത്തിന് സമീപമുള്ള ദ്വീപ് രാഷ്ട്രമായ മഡഗാസ്കർ.
ഭൂപടത്തില്‍ നോക്കിയാല്‍ തമ്മില്‍ ആയിരക്കണക്കിന് കിലോമീറ്ററുകളുടെ അകലം. എന്നാല്‍ പ്രകൃതിഭംഗിയിലും ഭൂപ്രകൃതിയിലും മാത്രമല്ല, ഭൂമിയുടെ ചരിത്രത്തിലും ഇവയ്ക്കിടയില്‍ അതിശയിപ്പിക്കുന്ന ബന്ധങ്ങളുണ്ട്.പ്രത്യേകിച്ച്, മഡഗാസ്കറിന്റെ കിഴക്കൻ തീരം കേരളത്തെ ഓർമിപ്പിക്കുന്നതാണ്. കടലിനോട് ചേർന്നുകിടക്കുന്ന തീരപ്രദേശം, അതിന് പിന്നില്‍ ഉയർന്നുനില്‍ക്കുന്ന മലനിരകള്‍, സമൃദ്ധമായ മഴക്കാടുകള്‍, നദികള്‍, ഈർപ്പമുള്ള ഉഷ്ണമേഖലാ കാലാവസ്ഥ എന്നിവ ഈ സാമ്യത്തിന് കാരണമാകുന്നു.
മഡഗാസ്കറിന്റെ കിഴക്കൻ തീരവും കേരളത്തിന്റെ പടിഞ്ഞാറൻ തീരവും ചേർത്തുവച്ചാല്‍ ഒരു പസില്‍ പോലെ ചേരുമെന്നത് ഏറെ കൗതുകകരമാണ്.
എന്നാല്‍ ഇതുവെറും കാഴ്ചയിലെ സാമ്യം മാത്രമല്ല. കോടിക്കണക്കിന് വർഷങ്ങള്‍ക്ക് മുമ്പ് കേരളവും മഡഗാസ്കറും ഭൂമിശാസ്ത്രപരമായി ഏറെ അടുത്താണ് സ്ഥിതി ചെയ്തിരുന്നത്. ഒരുകാലത്ത് ചേർന്നുകിടന്ന ഭൂഭാഗങ്ങള്‍ അകന്നുപോയത് എങ്ങനെ?
ഒരുകാലത്ത് ഒരേ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങള്‍
ഏകദേശം 16 കോടി വർഷങ്ങള്‍ക്ക് മുമ്പ് ഗോണ്ട്വാന എന്ന മഹാഭൂഖണ്ഡം പല ഭാഗങ്ങളായി പിളരാൻ തുടങ്ങി. ഇന്നത്തെ ആഫ്രിക്ക, ദക്ഷിണ അമേരിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ, ഇന്ത്യ, മഡഗാസ്കർ തുടങ്ങിയ ഭൂപ്രദേശങ്ങള്‍ അന്ന് ഈ വലിയ ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളായിരുന്നു.
ആദ്യഘട്ടത്തില്‍ ഇന്ത്യയും മഡഗാസ്കറും ഒരുമിച്ചുതന്നെ തുടർന്നെങ്കിലും പിന്നീട് ഭൂമിയുടെ പുറംപാളിയിലുണ്ടായ ചലനങ്ങളും അഗ്നിപർവത പ്രവർത്തനങ്ങളും ഇവയെ വേർപെടുത്തി.
ഏകദേശം 8.6-8.8 കോടി വർഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ മഡഗാസ്കറില്‍നിന്ന് വേർപെട്ട് വടക്കോട്ട് നീങ്ങിത്തുടങ്ങിയെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരുവർഷം ഏകദേശം 20 സെന്റീമീറ്റർ വടക്കോട്ട് സഞ്ചരിച്ച ഇന്ത്യ അഞ്ചരക്കോടി വർല്‍ം മുമ്പ് ഏഷ്യയില്‍ ചെന്നിടിച്ചുവെന്നാണ് ചരിത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനെത്തുടർന്ന് ഹിമാലയം ഉയർന്നുവെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
പാലക്കാട് ചുരവും മഡഗാസ്കറും
നീലഗിരിക്കും ആനമല മലനിരകള്‍ക്കും ഇടയിലുള്ള സ്വാഭാവിക വിടവാണ് പാലക്കാട് ചുരം. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഈ ഭൂമിശാസ്ത്ര പ്രത്യേകതയ്ക്ക് മഡഗാസ്കറുമായും ബന്ധമുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്.
പാലക്കാട് ചുരവും മഡഗാസ്കറിലെ റാനോത്സാര എന്ന ചുരവും ഒരു ജിഗ്‌സോ പസില്‍ പോലെ കൃത്യമായി യോജിക്കുന്നവയാണ് എന്നാണ് കണ്ടെത്തല്‍.
കരിമീനിന്റെ ബന്ധുക്കള്‍ മഡഗാസ്കറിലുണ്ട്
കേരളം മഡഗാസ്കറുമായി വേർപ്പെട്ടെങ്കിലും ഇപ്പോഴും ഇവ തമ്മില്‍ നിരവധി സാമ്യങ്ങള്‍ ഉള്ളതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക മത്സ്യമായ കരിമീൻ ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലെങ്കിലും അതുമായി സാമ്യമുള്ള മത്സ്യങ്ങള്‍ മഡഗാസ്കറിലെ പുഴകളില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.
കൂടാതെ, കേരളത്തിലെ ഇടുക്കി ജില്ലയില്‍ കണ്ടെത്തിയ പാതാളത്തവളയുമായി സാമ്യമുള്ള തവളകളെ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപായ സെഷെയ്ല്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യ ഇന്നും ചലിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ വർഷവും ഏകദേശം അഞ്ച് സെന്റീമീറ്ററോളമാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.