കോട്ടയം: പാത്രിയര്‍ക്കീസ് ബാവയുടെ മണര്‍കാട് സന്ദര്‍ശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള അതൃപ്തി പ്രകടപ്പിച്ച് ഓര്‍ത്തഡോക്സ് സഭ.
സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് ഓര്‍ത്തഡോക്സ് സഭ മാധ്യമവിഭാഗം അധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്കുണ്ടായത് വലിയ മുറിവാണ്.ആ മുറിവുണ്ടാക്കിയവര്‍ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം മൂലേടം പള്ളിയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു അദ്ദേഹം അതൃപ്തി അറിയിച്ചത്
'മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കും അതിന്റെ സത്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ കൃത്യമായി തുറന്നുപറയേണ്ടി വരുമ്പോള്‍, രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടിവന്നാലും അതിന് തയ്യാറാണ്. വിചിത്രമായ നിയമോപദേശം മൂലം മലങ്കര സഭയ്ക്കേറ്റ മുറിവ് ഉണക്കിയെടുക്കേണ്ടത് ആവശ്യമാണ്.
ആരാണോ ആ മുറിവ് ഉണ്ടാക്കിയത്, അവര്‍ തന്നെ മുറിവുണങ്ങാനായി ശ്രദ്ധിക്കണമെന്ന്, ഏറ്റവും ബഹുമാന്യനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സാറിന്റെ മുമ്പില്‍ വെച്ച് പറയുകയാണ്,' അദ്ദേഹം പറഞ്ഞു.
അതേസമയം ഓര്‍ത്തഡോക്സ്-യാക്കോബായ സഭാതര്‍ക്കത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തേണ്ടതില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നമാണിതെന്നും എല്ലാവരും ആഗ്രഹിക്കുന്നത് പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകാനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാനില്ലെന്നും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
പാത്രിയര്‍ക്കീസ് ബാവായുടെ മണര്‍കാട് പള്ളിയിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ടെന്നാണ് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രതികരിച്ചത്. സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും യാക്കോബായ സഭ ത്യാഗം ചെയ്യാന്‍ തയാറാണെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.
കേരളത്തില്‍ എത്തിയ യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷ്യന് പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ബെയ്റൂട്ടിലേക്ക് മടങ്ങി. സന്ദര്‍ശനം ഫലപ്രദമായിരുന്നെന്നും സഭാ തര്‍ക്കം അവസാനിക്കാന്‍ തുറന്ന മനസോടെയുള്ള ചര്‍ച്ചകള്‍ തുടരണമെന്നും പാത്രിയര്‍ക്കീസ് ബാവ നെടുമ്പാശേരി വിമാനത്താവളത്തില്‍ പറഞ്ഞു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.