കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകട കേസിൽ കാറോടിച്ച സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കേസിൽ റിമാൻഡിൽ കഴിയുന്ന നിനവ്, ജോയൽ, അമീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. അതേസമയം, ഒന്നാം പ്രതിയായ സുഹൈൽ സജീവിന് പത്തു ദിവസത്തിന് ശേഷം മാത്രമേ ജാമ്യം നൽകൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷകളിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.സംഭവം അപൂർവ്വവും ദൗർഭാഗ്യകരവുമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസുമായി ബന്ധപ്പെട്ട പ്രധാന തെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചിട്ടില്ലേ എന്ന് പ്രോസിക്യൂഷനോട് ചോദിച്ചു.
പ്രതികൾ കഴിഞ്ഞ ഒരു മാസമായി റിമാൻഡിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, പൊതുബോധത്തിന് അനുസരിച്ച് തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്നും കൃത്യമായ നിയമവും നടപടിക്രമങ്ങളും പാലിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്നും വ്യക്തമാക്കി. ഇനിയും കസ്റ്റഡിയിൽ തുടരാൻ തക്ക ശക്തമായ കാരണങ്ങൾ വേണമെന്നും കോടതി കൂട്ടിച്ചേർത്തു.
അതേസമയം, പ്രതികളുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. കേസിൽ ഇനിയും തെളിവുകൾ ശേഖരിക്കാനുണ്ടെന്നും പ്രതികൾ പുറത്തിറങ്ങിയാൽ സാക്ഷികൾ മൊഴി നൽകാൻ മുന്നോട്ട് വരില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിന്റെ അന്വേഷണം പത്തു ദിവസത്തിനകം പൂർത്തിയാക്കാൻ സാധിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും എറണാകുളം അഡീഷണൽ സെഷൻസ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയിരുന്നു.
അതിനിടെ, അപകടസമയത്ത് സുഹൈൽ സജീവ് ഓടിച്ച മിനി കൂപ്പർ വാഹനം കടുത്ത അമിതവേഗതയിലായിരുന്നുവെന്ന് ബി.എം.ഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
വാഹനത്തിലെ അഡ്വാൻസ്ഡ് ക്രാഷ് സേഫ്റ്റി മൊഡ്യൂളിൽ (ACSM) നിന്ന് ലഭിച്ച വിവരങ്ങൾ പ്രകാരം അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് വരെ കാർ മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നു. കൂട്ടിയിടിയുടെ സമയത്ത് ഇത് 144 കിലോമീറ്ററായിരുന്നുവെന്നും, അപകടത്തിന് ഒരു സെക്കൻഡ് മുൻപ് മാത്രമാണ് ബ്രേക്ക് അമർത്തിയതെന്നും പരിശോധനയിൽ വ്യക്തമായിരുന്നു
കഴിഞ്ഞ ഒക്ടോബർ 10-ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച ആഡംബര കാർ മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുന്നത്. അപകടത്തിൽ വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
തൃക്കാക്കരയിലെ ഒരു കരകൗശല വിൽപ്പനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ഈ വിദ്യാർത്ഥികൾ, ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയായിരുന്നു ദാരുണമായ അപകടത്തിന് ഇരയായത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.