തിരുവനന്തപുരം: ''നടപടിക്രമങ്ങളുടെ ഭാഗമായി ഞാന്‍ പോകേണ്ടത് കന്റോണ്‍മെന്റ് ഹൗസിലേക്കാണ്. രണ്ടാഴ്ചകൊണ്ട് മാറാന്‍ പറ്റുമെന്ന ധാരണയില്‍ അങ്ങോട്ട് ചെന്ന് നോക്കുമ്പോള്‍, അതില്‍ കിടക്കാന്‍ പറ്റുന്ന അവസ്ഥയല്ല
എങ്ങനെയാണ് പഴയ പ്രതിപക്ഷ നേതാവ് അവിടെ കിടന്നത് എന്ന് എനിക്ക് അറിയില്ല. അത്രയേറെ റിപ്പയര്‍ ചെയ്യാനുണ്ട്...'' സര്‍ക്കാരിന്റെ ഔദ്യോഗിക മന്ദിരങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുന്നുവെന്ന മാധ്യമ വാര്‍ത്തകളോടും പൊതുവിമര്ശനങ്ങളോടും പ്രതികരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് നടത്തിയ ഈ പ്രസ്താവന ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകകരമായ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികളെ ന്യായീകരിക്കാന്‍ പിണറായി വിജയന് നടത്തിയ വെളിപ്പെടുത്തല്‍, യഥാര്‍ത്ഥത്തില്‍ മുന്‍ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് ലഭിച്ച ഏറ്റവും മികച്ച ലാളിത്യ സര്‍ട്ടിഫിക്കറ്റായാണ് പൊതുസമൂഹം വിലയിരുത്തുന്നത്.
ചോര്‍ന്നൊലിക്കുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തതുമായ കന്റോണ്‍മെന്റ് ഹൗസില്‍ യാതൊരു പരാതിയുമില്ലാതെ അഞ്ച് വര്‍ഷം കഴിച്ചുകൂട്ടിയ സതീശനെ 'സൂപ്പര്‍ ഹീറോ' പരിവേഷത്തിലേക്ക് ഉയര്‍ത്തുന്നതായി മാറി പിണറായിയുടെ ഈ വാക്കുകള്‍.
ഒപ്പം, ജനവിമര്‍ശനം എന്തൊക്കെ വന്നാലും ഔദ്യോഗിക വസതികളുടെ ആഡംബര നവീകരണവുമായി മുന്നോട്ടുപോകുമെന്ന ഉറച്ച നിലപാടിലാണ് പിണറായി വിജയന് എന്നു സാരം. സതീശന് അഞ്ചു കൊല്ലം താമസിച്ച കെട്ടിടം കമ്യൂണിസ്റ്റായ പിണറായിയ്ക്ക് താമസിക്കാന്‍ കൊള്ളത്ത സ്ഥലമായി മാറുന്നുവെന്ന് സാരം.
സര്‍ക്കാര്‍ മന്ദിരങ്ങളും മന്ത്രിമന്ദിരങ്ങളും നവീകരിക്കുന്നത് കേവലം മോടിപിടിപ്പിക്കലല്ലെന്നും, പതിറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള അത്യാവശ്യ അറ്റകുറ്റപ്പണികളാണെന്നുമാണ് പിണറായി വിജയന്റെ പ്രാഥമിക വാദം.
നിലവില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ ശോചനീയാവസ്ഥയും സുരക്ഷാ മുന്‍കരുതലുകളും പരിഗണിച്ച് മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തുതന്നെ കൃത്യമായ നവീകരണ പ്രൊപ്പോസലുകള്‍ വന്നിരുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, അന്ന് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറായ ഘട്ടമായിരുന്നതിനാലാണ് അതിലേക്ക് കടക്കാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം.
ഒരു മന്ത്രിമന്ദിരത്തില്‍ വസിക്കുമ്പോള്‍ അതിന് ആവശ്യമായ റിപ്പയര്‍ പണികള്‍ നടത്തുന്നതില്‍ എന്താണ് തെറ്റുള്ളതെന്ന് ചോദ്യം ഉന്നയിച്ചാണ് പിണറായി താന്‍ ഇപ്പോഴും വാടകവീട്ടിലാണ് കഴിയുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ചത്.
എന്നാല്‍ കന്റോണ്‍മെന്റ് ഹൗസിലെ താമസയോഗ്യമല്ലാത്ത അവസ്ഥയെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ വി.ഡി. സതീശന്റെ ഭരണ-ജീവിത ശൈലിയെ വീണ്ടും വെളിച്ചത്തുകൊണ്ടുവരികയാണുണ്ടായത്. സൗകര്യങ്ങളുടെ കുറവുകളെ ചൊല്ലി പരാതിപ്പെടാതെ പൊതുജനപ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ജനകീയ നേതാവെന്ന പ്രതിച്ഛായയാണ് ഇതിലൂടെ സതീശന് ലഭിച്ചിരിക്കുന്നത്.
കന്റോണ്‍മെന്റ് ഹൗസില്‍ അടുത്തിടെ ഉണ്ടായ അപ്രതീക്ഷിത തീപിടിത്ത സംഭവത്തെ പരാമര്‍ശിച്ച് തികച്ചും രസകരമായ ചോദ്യങ്ങളും പിണറായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുകയുണ്ടായി.
താന്‍ അങ്ങോട്ട് താമസത്തിന് മാറിയ ശേഷമാണ് ഈ അപകടം സംഭവിച്ചിരുന്നതെങ്കില്‍ പ്രതിപക്ഷവും മാധ്യമങ്ങളും എന്തെല്ലാം തരത്തിലുള്ള കഥകളായിരിക്കും പ്രചരിപ്പിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. കെട്ടിടങ്ങളുടെ തകരാറുകള്‍ കൃത്യസമയത്ത് പരിഹരിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ സംഭവിക്കാമെന്നതിന്റെ തെളിവാണ് ഈ തീപിടിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ നൂറും ഇരുന്നൂറും വര്‍ഷം പഴക്കമുള്ള പല ഔദ്യോഗിക മന്ത്രിമന്ദിരങ്ങളും കടുത്ത ശോചനീയാവസ്ഥയിലാണ് നിലനില്‍ക്കുന്നതെന്ന് പിണറായി ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ആവശ്യമായ അറ്റകുറ്റപ്പണികള്‍ നിര്‍ദ്ദേശിച്ചാല്‍ 'ആഡംബര മോടിപിടിപ്പിക്കല്‍' എന്ന പേരില്‍ വലിയ തോതില്‍ മാധ്യമ വാര്‍ത്തകള്‍ വരുമെന്ന ഭയം കാരണമാണ് അവിടെ താമസിക്കുന്ന പല പ്രമുഖരും അറ്റകുറ്റപ്പണികള്‍ ആവശ്യപ്പെടാന്‍ മടിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഇത്തരം ഭയങ്ങള്‍ മാറ്റിവെച്ച് കെട്ടിടങ്ങളുടെ ഭദ്രത ഉറപ്പാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇത്തരത്തിലുള്ള പൈതൃക-സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന് വ്യക്തമായ നയവും നിലപാടും ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഓരോ വര്‍ഷവും കൃത്യമായ ഇടവേളകളില്‍ കെട്ടിടങ്ങളുടെ ഭൗതിക അവസ്ഥയും സുരക്ഷയും പരിശോധിച്ച് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്താനുള്ള സംവിധാനം ഉണ്ടാകണം.
വികസന-സുരക്ഷാ നവീകരണങ്ങളോട് മാധ്യമങ്ങളും പൊതുസമൂഹവും പൊരുത്തപ്പെടണമെന്നും, മാധ്യമ വിമര്‍ശനം ഭയന്ന് കെട്ടിടങ്ങള്‍ നശിക്കാന്‍ അനുവദിക്കാനാകില്ലെന്നും അദ്ദേഹം സന്ദേശം നല്കുന്നു.
എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സര്‍ക്കാര്‍ പണം ഉപയോഗിച്ച് ഔദ്യോഗിക വസതികള്‍ നവീകരിക്കുന്നതിനെതിരെ മുന്‍പും കടുത്ത ജനരോഷം ഉയര്‍ന്നിട്ടുള്ളതാണ്. ക്ലിഫ് ഹൗസില്‍ കോടികള്‍ മുടക്കി നീന്തല്‍ക്കുളവും തൊഴുത്തും ലിഫ്റ്റും നവീകരിച്ച പഴയ സംഭവങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രതിപക്ഷവും പൊതുജനങ്ങളും പിണറായിയുടെ ഈ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് എതിര്‍ക്കുന്നത്. സ്വന്തം സുഖസൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്കുന്ന സമീപനമാണിതെന്ന വിമര്‍ശനം ശക്തമായി നിലനില്ക്കുന്നു.
മറുവശത്ത്, കന്റോണ്‍മെന്റ് ഹൗസിലെ ജീര്ണ്ണാവസ്ഥയെക്കുറിച്ചുള്ള പിണറായിയുടെ വെളിപ്പെടുത്തല്‍ ഭരണപക്ഷത്തിന് തന്നെ തിരിച്ചടിയായി മാറി. മുന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തനിക്കായി അനുവദിക്കപ്പെട്ട വസതിയിലെ പരിമിതികളെല്ലാം സഹിച്ചുകൊണ്ട് ലളിതമായി പ്രവര്‍ത്തിച്ചപ്പോള്‍, നിലവിലെ പ്രതിപക്ഷ നേതൃത്വം അതിനെ താമസയോഗ്യമല്ലെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ഇരു നേതാക്കളും തമ്മിലുള്ള ശൈലീപരമായ വ്യത്യാസമാണ് കാണിക്കുന്നത്. സതീശന്റെ രാഷ്ട്രീയ പക്വതയ്ക്ക് ആക്കം കൂട്ടാന്‍ ഈ വിഷയം വഴിവെച്ചു.
മന്ത്രിമന്ദിരങ്ങളുടെ നവീകരണത്തിന് പണം ചെലവാക്കുന്നത് കേവലം വ്യക്തിഗത താല്പര്യമല്ലെന്ന സര്‍ക്കാറിന്റെ വാദം ജനങ്ങള്‍ക്ക് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണക്കാരന് വിലക്കയറ്റത്തിലും നികുതി ഭാരത്തിലും വലയുമ്പോള്‍, ഭരണാധികാരികളുടെ താമസസ്ഥലങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി നവീകരിക്കുന്നത് പൊതുജന മധ്യത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ കന്റോണ്‍മെന്റ് ഹൗസിന്റെ അവസ്ഥയെ പിണറായി കൂട്ടുപിടിച്ചെങ്കിലും അത് തിരിച്ചടിയാകുകയായിരുന്നു.
പിണറായിയുടെ പ്രസ്താവനയിലൂടെ വീണ്ടും ചര്‍ച്ചയായിരിക്കുന്ന മന്ത്രിമന്ദിര നവീകരണ വിവാദം വരും ദിവസങ്ങളിലും സജീവമായി നിലനില്ക്കും. സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ ഇത്തരത്തിലുള്ള ആഡംബര അറ്റകുറ്റപ്പണികളുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ രീതിയെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷം തയാറെടുക്കുകയാണ്. പൊതുപണം ചെലവഴിക്കുന്നതില്‍ കാണിക്കേണ്ട മിതവ്യയം വീണ്ടും രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വഴിതുറക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.