ഹൈദരാബാദ്: ടിക്കറ്റിന്റെ ബാക്കി പണം നല്‍കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് യാത്രക്കാരി തള്ളിയിട്ട വനിതാ കണ്ടക്ടർ 10 ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങി
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലെ (ടിജിഎസ്‌ആർടിസി) 24കാരിയായ ഗുണ്ട്ല പ്രവലികയാണ് പത്ത് ദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ദിവസം രാത്രി മരിച്ചത്. ഭദ്രാദ്രി കൊത്തഗുഡം ജില്ലയിലായിരുന്നു സംഭവം. മണുഗുരു ആർടിസി ഡിപ്പോയിലെ കണ്ടക്ടറായിരുന്ന പ്രവലിക മണുഗുരു പട്ടണത്തിലെ ആദർശ് നഗർ സ്വദേശിനിയാണ്.ഒക്ടോബർ 25ന് മണുഗുരുവില്‍ നിന്ന് ഭദ്രാചലത്തേക്ക് പോകുകയായിരുന്ന പല്ലെ വെളുഗു ബസില്‍ ഡ്യൂട്ടിയിലിരിക്കെയാണ് സംഭവം. അസ്വാരം മണ്ഡലത്തിലെ മിട്ടഗുഡത്തിന് സമീപത്തുവെച്ചാണ് യാത്രക്കാരിയുമായുള്ള തർക്കം അക്രമത്തില്‍ കലാശിച്ചത്.
പ്രദേശവാസിയായ ബനോത്ത് മൗനിക മകനോടൊപ്പമാണ് ബസില്‍ കയറിയത്. മകന്റെ ടിക്കറ്റിനായി 100 രൂപയുടെ നോട്ട് കണ്ടക്ടറായ പ്രവലികയ്ക്ക് നല്‍കി. 10 രൂപയുടെ ടിക്കറ്റ് നല്‍കിയ പ്രവലിക ബാക്കി 90 രൂപ നല്‍കാൻ ചില്ലറയില്ലെന്ന് അറിയിക്കുകയും തുക ടിക്കറ്റില്‍ രേഖപ്പെടുത്തി പിന്നീട് വാങ്ങാമെന്ന് യാത്രക്കാരിയോട് പറയുകയും ചെയ്തുവെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
എന്നാല്‍ യാത്രക്കാരിയുടെ സ്റ്റോപ്പ് അടുക്കാറായിട്ടും ബാക്കി പണം ലഭിക്കാത്തതിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ മൗനിക ഓടിക്കൊണ്ടിരുന്ന ബസിന്റെ വാതിലിലൂടെ പ്രവലികയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് ആരോപണം. റോഡിലേക്ക് വീണ കണ്ടക്ടറുടെ കാലുകളിലൂടെ ബസിന്റെ പിൻചക്രങ്ങള്‍ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ പ്രവലികയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം ഭദ്രാചലത്തെ ആശുപത്രിയിലാണ് പ്രവലികയെ എത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസത്തോളം ചികിത്സ തുടർന്നെങ്കിലും പരിക്കുകള്‍ ഗുരുതരമായതിനെത്തുടർന്ന് ചൊവ്വാഴ്ച രാത്രി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ അസ്വാരം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ മൗനികയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
പ്രവലിക ചികിത്സയിലായിരുന്ന സമയത്തുതന്നെ സംഭവത്തില്‍ ഗതാഗതമന്ത്രി പൊന്നം പ്രഭാകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കണ്ടക്ടർ മരിച്ചതോടെ ആർടിസി ജീവനക്കാർക്കൊപ്പം സർക്കാർ ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഡ്യൂട്ടിയിലുള്ള ജീവനക്കാരെ ആക്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പ്രവലികയുടെ കുടുംബത്തിന് സർക്കാർ എല്ലാ സഹായങ്ങളും നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രവലികയുടെ അമ്മയ്ക്ക് സർക്കാർ ജോലി നല്‍കും. കുടുംബത്തിന് ഇന്ദിരമ്മ ഭവന പദ്ധതിയില്‍ വീടുകള്‍ അനുവദിക്കും. പ്രവലികയുടെ കുടുംബത്തിന് സർക്കാരിന്റെയും ആർടിസിയുടെയും ഭാഗത്തുനിന്നായി ആകെ 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. യാത്രക്കാർക്ക് ആർടിസി ജീവനക്കാരുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ വഴി അറിയിക്കണമെന്നും അക്രമത്തിലേക്ക് കടക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു.
പ്രവലികയുടെ മരണത്തോടെ ആർടിസി ജീവനക്കാർക്കും തൊഴിലാളി സംഘടനകള്‍ക്കുമിടയില്‍ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രതിഷേധസൂചകമായി പഴയ ഖമ്മം ജില്ലയില്‍ ബുധനാഴ്ച ബസ് സർവീസുകള്‍ നിർത്തിവെക്കുമെന്ന് ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു.
പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രവലികയുടെ കുടുംബത്തിന് ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.