ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി

ആഗോള വിപണിയില്‍ സ്വര്‍ണ്ണവിലയില്‍ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി

ലണ്ടന്‍: ആഗോള സാമ്പത്തിക വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് സ്വര്‍ണ്ണവില ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി.

ഈ വര്‍ഷം ജനുവരി മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണ്ണം, അതിനുശേഷം തുടര്‍ച്ചയായ ഇടിവാണ് നേരിടുന്നത്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തില്‍ നിന്ന് പിന്മാറുന്നതും ആഗോള തലത്തിലെ പലിശ നിരക്കുകളില്‍ വന്ന മാറ്റങ്ങളുമാണ് വില കുത്തനെ താഴാന്‍ കാരണമായതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ മാസത്തില്‍ ആദ്യമായി 3,000 ഡോളര്‍ കടന്ന സ്വര്‍ണ്ണവില, പിന്നീട് ഏഴ് മാസത്തിനുള്ളില്‍ 4,000 ഡോളറും കടന്ന് മുന്നേറിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ജനുവരിയില്‍ ഔണ്‍സിന് 5,634 ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലാണ് സ്വര്‍ണ്ണം എത്തിയത്. 

എന്നാല്‍ അവിടെനിന്നും വലിയൊരു തിരിച്ചടിയാണ് പിന്നീട് വിപണിയില്‍ ഉണ്ടായത്. നിലവില്‍ തിങ്കളാഴ്ച രാവിലെ ഔണ്‍സിന് 3,833 ഡോളര്‍ എന്ന നിലവാരത്തിലേക്കാണ് സ്വര്‍ണ്ണവില താഴ്ന്നിരിക്കുന്നത്. ജനുവരിയിലെ ഉയര്‍ന്ന നിരക്കുമായി താരതഫുപ്പെടുത്തുമ്പോള്‍ ഏകദേശം 32 ശതമാനത്തോളമാണ് സ്വര്‍ണ്ണവിലയിലുണ്ടായ കുറവ്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ലോകത്തെ പിടിച്ചുകുലുക്കിയ ഇറാന്‍ യുദ്ധവും മറ്റ് ഭൗമരാഷ്ട്രീയ പ്രതിസന്ധികളുമാണ് ആഗോളതലത്തില്‍ വലിയ രീതിയില്‍ പണപ്പെരുപ്പത്തിന് കാരണമായത്. പണപ്പെരുപ്പം ഉയര്‍ന്നതോടെ അത് നിയന്ത്രിക്കാന്‍ ലോകത്തെ പ്രധാനപ്പെട്ട സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്കുകള്‍ ഉയര്‍ത്താന്‍ നിര്‍ബന്ധിതരായി. ഈ സാഹചര്യം സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിന് നല്‍കിയിരുന്ന മുന്‍ഗണനയെ സാരമായി ബാധിച്ചു.

പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ ബാങ്കുകളില്‍ നിന്നോ മറ്റ് നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ നിന്നോ മികച്ച വരുമാനം ലഭിക്കുന്നതിനാല്‍, യാതൊരുവിധ പലിശ വരുമാനവും നല്‍കാത്ത സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകര്‍ എത്തുന്നത് കുറയുന്നു. ഇത് സ്വര്‍ണ്ണത്തിന്റെ തിളക്കം കുറയ്ക്കാന്‍ കാരണമായതായി ഐ.ജിയിലെ (കഏ) ചീഫ് ടെക്‌നിക്കല്‍ അനലിസ്റ്റ് ആക്‌സല്‍ റുഡോള്‍ഫ് ചൂണ്ടിക്കാണിക്കുന്നു. നിക്ഷേപകര്‍ തങ്ങളുടെ പ്രതിരോധ തന്ത്രങ്ങള്‍ മാറ്റിവെച്ച്‌ മറ്റ് മേഖലകളിലേക്ക് തിരിയുന്നതിന്റെ ലക്ഷണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടുതല്‍ കരുത്താര്‍ജ്ജിച്ച യുഎസ് ഡോളറും ഉയര്‍ന്ന ട്രഷറി വരുമാനവും ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതുമെല്ലാം സ്വര്‍ണ്ണത്തിന് തിരിച്ചടിയായിട്ടുണ്ട്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഉണ്ടാകുന്ന ചെറിയ ആശ്വാസങ്ങളും സ്വര്‍ണ്ണത്തിന്റെ സുരക്ഷിത സങ്കേതം എന്ന പെരുമയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വലിയൊരു കുതിപ്പിന് ശേഷമുള്ള സ്വാഭാവിക തിരുത്തലായാണ് (ഇീൃൃലരശേീി) പല സാമ്പത്തിക വിദഗ്ധരും ഈ വിലയിടിവിനെ കാണുന്നത്.

അതേസമയം, സ്വര്‍ണ്ണത്തിന് പുറമെ ക്രിപ്‌റ്റോകറന്‍സി വിപണിയിലും സമാനമായ രീതിയില്‍ വലിയ തകര്‍ച്ചയാണ് നേരിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ശരത്കാലത്ത് റെക്കോര്‍ഡ് ഉയരത്തിലെത്തിയ ബിറ്റ്കോയിന്റെ വിലയും ഇപ്പോഴും വലിയ ഇടിവിലാണ് തുടരുന്നത്. സ്വര്‍ണ്ണവും ബിറ്റ്കോയിനും ഒരുപോലെ സമ്മര്‍ദ്ദം നേരിടുന്നത് ആഗോള നിക്ഷേപകരില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

രാഷ്ട്രീയ രംഗത്തെ പുതിയ മാറ്റങ്ങളും നയപരമായ അനിശ്ചിതത്വങ്ങളും ആഗോള വിപണിയെ പെട്ടെന്ന് സ്വാധീനിക്കുന്ന കാഴ്ചയാണ് നിലവിലുള്ളത്. അമേരിക്കയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളും ഭരണപരമായ മാറ്റങ്ങളും വിപണിയുടെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത്തിന്റെ ഭീതി നിലനില്‍ക്കെ, നിക്ഷേപകര്‍ തങ്ങളുടെ ആസ്തികള്‍ പുനഃക്രമീകരിക്കുന്ന തിരക്കിലാണ്.

സ്വര്‍ണ്ണവിലയിലെ ഈ ഇടിവ് സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് താല്‍ക്കാലിക ആശ്വാസം നല്‍കുന്നുണ്ടെങ്കിലും, ആഗോള സാമ്പത്തിക രംഗത്തെ അസ്ഥിരതയാണ് ഇത് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളില്‍ യുഎസിലെ സാമ്പത്തിക ഡാറ്റകളും ഫെഡറല്‍ റിസര്‍വിന്റെ നിലപാടുകളും ആയിരിക്കും സ്വര്‍ണ്ണവിലയുടെ അടുത്ത ഘട്ടം നിര്‍ണ്ണയിക്കുക. ആഗോള വിപണിയിലെ ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയിലും എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുകയെന്ന ആകാംക്ഷയിലാണ് വ്യാപാരികളും നിക്ഷേപകരും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network