ന്യൂഡല്‍ഹി: വൈദ്യശാസ്ത്ര രംഗത്ത് ഇന്ത്യയുടെ അഭിമാനകരമായ നേട്ടമായി ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. ഇരുപത്തിയഞ്ച് ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലിലെ തകരാര്‍, അമ്മയുടെ ഗര്‍ഭപാത്രം തുറന്ന് വിജയകരമായി പരിഹരിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരു ശസ്ത്രക്രിയ നടക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജനനി ശിശുസുരക്ഷാ പദ്ധതിയുടെ ഭാഗമായി തികച്ചും സൗജന്യമായാണ് ഈ വലിയ മാതൃക തീര്‍ത്തത്.നട്ടെല്ലും സുഷുമ്നാ നാഡിയും പൂര്‍ണമായി അടയാതെ വരുന്ന അവസ്ഥയെ തുടര്‍ന്ന്, നട്ടെല്ലിന്റെ താഴെഭാഗം ദ്രാവകസഞ്ചി പോലെ പുറത്തേക്ക് തള്ളിവരുന്ന 'ലംബോസാക്രല്‍ മയലോമെനിഞ്ചോസീല്' എന്ന ഗുരുതരമായ വൈകല്യമാണ് ഗര്‍ഭസ്ഥ ശിശുവില്‍ കണ്ടെത്തിയത്.
ഈ അവസ്ഥയോടെ കുഞ്ഞ് ജനിച്ചാല്‍ ആജീവനാന്തം വൈകല്യങ്ങളോടെ ജീവിക്കേണ്ടി വരുമായിരുന്നു. ഗര്‍ഭധാരണത്തിന് മുന്‍പും ഗര്‍ഭാവസ്ഥയുടെ ആദ്യ മാസങ്ങളിലും അമ്മയുടെ ശരീരത്തില്‍ ഫോളിക് ആസിഡിന്റെ അളവ് കുറയുന്നതാണ് പ്രധാനമായും ഈ രോഗാവസ്ഥയ്ക്ക് കാരണമാകുന്നത്.
ജനനത്തിനു ശേഷം ചികിത്സ നടത്തുന്നതിനേക്കാള്‍ ഗര്‍ഭാവസ്ഥയില്‍ തന്നെ ശസ്ത്രക്രിയ ചെയ്യുന്നത് ഏറെ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, മാസം തികയാതെയുള്ള പ്രസവസാധ്യതയും ഗര്ഭാശയത്തിലുണ്ടായേക്കാവുന്ന മറ്റ് പാര്‍ശ്വഫലങ്ങളും ഡോക്ടര്‍മാര്‍ക്ക് വലിയ വെല്ലുവിളിയായിരുന്നു.
പ്രശസ്ത ന്യൂറോ സര്ജന് ഡോ. ദീപക് ഗുപ്ത, പ്രസവചികിത്സാ വിദഗ്ധരായ ഡോ. നീന മല്‍ഹോത്ര, ഡോ. കെ. അപര്‍ണ ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം ഡോക്ടര്‍മാര്‍ പങ്കെടുത്ത ആറ് മണിക്കൂര്‍ നീണ്ട കഠിനമായ പ്രയത്നത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
ഗര്‍ഭസ്ഥ ശിശുക്കളുടെ പരിചരണത്തിലും ഇന്ത്യയിലെ പീഡിയാട്രിക് ന്യൂറോസര്‍ജറിയുടെ ചരിത്രത്തിലും ഇതൊരു നിര്‍ണായക വഴിത്തിരിവായി മാറിയിരിക്കുകയാണെന്ന് ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പീഡിയാട്രിക് ന്യൂറോസര്‍ജറി പ്രസിഡന്റ് ഡോ. ദീപക് ഗുപ്ത വ്യക്തമാക്കി ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം പരിഹരിക്കാന്‍ അമ്മയുടെ ഗര്‍ഭപാത്രം തുറന്ന് ശസ്ത്രക്രിയ; ഇന്ത്യയില്‍ ആദ്യം.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.