ലിമ: പെറുവിലെ മധ്യ ആൻഡീസ് മേഖലയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടം. വെള്ളിയാഴ്ച വൈകിട്ട് പ്രാദേശിക സമയം ഏഴ് മണിയോടെയാണ് റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തലസ്ഥാനമായ ലിമയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽനിന്ന് പുറത്തിറങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി.
പെറുവിലെ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ജുനിൻ മേഖലയിലെ ജുനിൻ നഗരത്തിൽനിന്ന് 30 കിലോമീറ്റർ വടക്കുപടിഞ്ഞാറായി 129 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജർമൻ ജിയോസയൻസസ് ഗവേഷണ കേന്ദ്രം ഭൂചലനത്തിന്റെ തീവ്രത 6.8 ആയി രേഖപ്പെടുത്തിയിട്ടുണ്ട്.
ജുനിൻ മേഖലയിലെ ഉൽകുമയോ ജില്ലയിലെ ചോഗോഡോയിൽ 14 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സാൻ പെഡ്രോ ഡി കഹാസ് മേഖലയിൽ പാറകൾ റോഡിലേക്ക് പതിച്ചതിനെത്തുടർന്ന് വാഹനാപകടവും റിപ്പോർട്ട് ചെയ്തു. ചാൻചമായോയിലെ പെറുവിയൻ ആൻഡീസ് സർവകലാശാലയുടെ കെട്ടിടങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയതിനെത്തുടർന്ന് ക്ലാസുകൾ നിർത്തിവച്ചു. പിചനാക്വി ജില്ലയിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.
പരിക്കുകളോ മറ്റ് ആളപായമോ സംബന്ധിച്ച സ്ഥിരീകരിച്ച കണക്ക് ലഭ്യമായിട്ടില്ലെന്ന് പെറുവിലെ മന്ത്രിസഭാ കാര്യാലയം അറിയിച്ചു. ദേശീയ സിവിൽ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ നാശനഷ്ടങ്ങൾ വിലയിരുത്തുകയും അടിയന്തര സഹായം ആവശ്യമായ പ്രദേശങ്ങൾ കണ്ടെത്തുകയും ചെയ്യുകയാണ്.
ഭൂചലനത്തിന്റെ പ്രകമ്പനം ലിമയ്ക്കു പുറമെ പാസ്കോ, ഇക്ക തുടങ്ങിയ പ്രദേശങ്ങളിലും അനുഭവപ്പെട്ടു. ലിമയിലെ പാർലമെന്റ് സമ്മേളനത്തിനിടെ അംഗങ്ങളും പുറത്തേക്കിറങ്ങി. ഭൂചലനത്തെത്തുടർന്ന് സുനാമി ഭീഷണിയില്ലെന്ന് അമേരിക്കൻ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള ഭൂകമ്പസാധ്യത കൂടുതലുള്ള 'റിങ് ഓഫ് ഫയർ' മേഖലയിലാണ് പെറു സ്ഥിതിചെയ്യുന്നത്. ടെക്റ്റോണിക് ഫലകങ്ങളുടെ ചലനം മൂലം ഇവിടെ പതിവായി ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.