ന്യൂഡൽഹി: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ദരിദ്ര ജനവാസമേഖലകളിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലേതെന്ന പേരിൽ പ്രചരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഇത്തരം തെറ്റായ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
ചൈനീസ് വ്ലോഗർമാരും ലൈവ് സ്ട്രീമർമാരും ധാക്കയിലെ ചേരിപ്രദേശങ്ങളിൽനിന്ന് വീഡിയോകൾ ചിത്രീകരിച്ച് ചൈനീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. ദൃശ്യങ്ങൾ ന്യൂഡൽഹിയിലേതാണെന്ന് അവകാശപ്പെടുന്നതിനൊപ്പം ഇന്ത്യയിലെ ജീവിതസാഹചര്യങ്ങൾ, ശുചിത്വം, ഭക്ഷണരീതികൾ, ദാരിദ്ര്യം എന്നിവയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങളും നടത്തുന്നുണ്ടെന്നാണ് ആരോപണം.
വിഷയത്തിൽ പ്രതികരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, ഒരു രാജ്യത്തിന്റെ യഥാർഥ സാഹചര്യം വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് നിർഭാഗ്യകരമാണെന്ന് പറഞ്ഞു. ധാക്കയെ ഡൽഹിയായി ചിത്രീകരിക്കാൻ വിദേശികളെ ഉപയോഗിക്കുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം തെറ്റായ പ്രചാരണങ്ങൾ അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ വിശ്വാസ്യതയെപ്പോലും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിലെ പ്രമുഖ മാധ്യമമായ പ്രോത്തോം ആലോ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ധാക്കയിലെ ഉത്തറയിലെ സെക്ടർ 12, ടെക്പാര തുടങ്ങിയ പ്രദേശങ്ങളിൽ ഏകദേശം 150 ചൈനീസ് പൗരന്മാർ വീഡിയോകൾ ചിത്രീകരിക്കുകയും ലൈവ് സ്ട്രീമിങ് നടത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഇടുങ്ങിയ തെരുവുകളും ചെറിയ വീടുകളും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് ഇവർ പകർത്തിയത്.
ചിലർ പ്രദേശവാസികളുടെ വീടുകളിൽ പ്രവേശിച്ച് അനുമതിയില്ലാതെ ചിത്രീകരണം നടത്തിയെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. ഈ വീഡിയോകളുടെ യഥാർഥ ലക്ഷ്യവും അവയ്ക്ക് പിന്നിലുള്ളവരും സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ബംഗ്ലാദേശ് അധികൃതർ സ്വീകരിക്കുന്ന നടപടികൾ ഇനി നിർണായകമാകും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.