ടെഹ്റാൻ: പ്രസവത്തിന് പിന്നാലെ 14 വയസ്സുകാരി ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു. ഇറാനിലെ കെർമാൻ പ്രവിശ്യയിലെ സൊഗാന്ദ് മൊഷ്തരേകിയാണ് ഭർത്താവിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്.
സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിനാണ് പെൺകുട്ടിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ്(ഐഎച്ച്ആർ) പറഞ്ഞു. സംഭവത്തിൽ 20-കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചതായും ഐഎച്ച്ആറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അടുത്തിടെയാണ് 14-കാരിയായ സൊഗാന്ദ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി കൊണ്ടുപോകുന്നതിനിടെ പെൺകുട്ടി വാഹനാപകടത്തിൽപ്പെട്ടിരുന്നു. ഈ അപകടത്തിൽനിന്ന് അത്ഭുതകരമായാണ് പെൺകുട്ടി രക്ഷപ്പെട്ടത്. തുടർന്ന് പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഭർത്താവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
ഇറാനിലെ നിർബന്ധിത ശൈശവ വിവാഹങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് സൊഗാന്ദ്. വിവാഹത്തിന് പിന്നാലെ 14-കാരിയായ സൊഗാന്ദിന് ഭർത്താവിൽനിന്ന് ക്രൂരപീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ഭർത്താവ് പുറത്ത് പോകുന്ന സമയത്തെല്ലാം പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിടുന്നതായിരുന്നു പതിവ്. മാത്രമല്ല, സ്വന്തംവീട്ടുകാരുമായി ബന്ധം പുലർത്തുന്നതിന് പെൺകുട്ടിക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.
ഇറാനിലെ ഫാർസ് പ്രവിശ്യയിലെ 21-കാരിയായ ഗർഭിണി കൊല്ലപ്പെട്ട സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വലിയ വാർത്തയായതിന് പിന്നാലെയാണ് 14-കാരിയുടെ കൊലപാതകവും പുറത്തുവരുന്നത്. 21-കാരിയായ സെഫീദ് റയീസിയാണ് ഫാർസിൽ കൊല്ലപ്പെട്ടത്. കൗമാരപ്രായത്തിൽ തന്നെ വിവാഹിതയായ സെഫീദ് റയീസിയും ഭർത്താവിന്റെ ക്രൂരപീഡനങ്ങൾക്കിരയായിരുന്നു.
ഭർത്താവ് തന്നെയാണ് ഗർഭിണിയായിരിക്കെ റയീസിയെയും കൊലപ്പെടുത്തിയത്. നവംബർ ആദ്യവാരം ഹെലിയ ഫത്താഹി എന്ന 19-കാരിയും ഇറാനിൽ കൊല്ലപ്പെട്ടിരുന്നു. യുവാവുമായി അടുപ്പത്തിലാണെന്ന വിവരം കുടുംബത്തോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് യുവതിയെ കുടുംബം തന്നെ കൊലപ്പെടുത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.