ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുഎസ് എംബസിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ മിന്നല്‍ സമരം. വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ്റെ ഫയലുകളുപയോഗിച്ച് അമേരിക്ക ഇന്ത്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇന്ത്യ - യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ടാണ് ആക്ഷേപം ഉയർത്തിയത്. കരാറില്‍ യുഎസിന് അനുകൂലമായ വ്യവസ്ഥകള്‍ അംഗീകരിക്കാൻ അമേരിക്ക ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് യുഎസ് എംബസിക്ക് മുന്നില്‍ മിന്നല്‍ സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തെറ്റിന് ഇന്ത്യയെ ബ്ലാക്മെയില്‍ ചെയ്യാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ജെഫ്രി എപ്‌സ്റ്റീനുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷത്തെ പല പ്രമുഖരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി രംഗത്ത് വന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലാണുള്ളത്.
ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമ ഘട്ടത്തിലാണെന്നും ക്ഷീരോല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതില്‍ അന്തിമ ചർച്ചകള്‍ നടക്കുകയാണെന്നും ഇതാണ് വ്യാപാര കരാറില്‍ ഇനി ധാരണയിലെത്താനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യ - യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടാല്‍ അതിശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് അഖിലേന്ത്യ കിസാൻ സഭയും വ്യക്തമാക്കിയിട്ടുണ്ട്.
കരാർ ജനദ്രോഹപരമെന്നും രാജ്യവിരുദ്ധമെന്നും ആരോപിച്ച എഐകെഎസ്, അമേരിക്കയില്‍ വൻതോതില്‍ സബ്‌സിഡി കിട്ടുന്ന കാർഷിക വ്യവസായികളുമായി നേരിട്ട് മത്സരിക്കാൻ ഇന്ത്യയിലെ സാധാരണക്കാരായ കർഷകർക്ക് സാധിക്കുകയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.