തിരുവനന്തപുരം: നേപ്പാളിലെ ലൊബൂച്ചെ (Lobuche) പർവതത്തിൽ ട്രക്കിങ്ങിനിടയിൽ മലയാളി പർവതാരോഹക കുടുങ്ങി.
പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശിനിയായ സീന സാറ മജ്നുവാണ് (41) അപകടത്തിൽ പെട്ടത്. പർവതാരോഹണ ദൗത്യം പൂർത്തിയാക്കി താഴേക്ക് ഇറങ്ങുന്നതിനിടയിൽ കാൽതെറ്റി വീഴുകയായിരുന്നു.
താൻ അപകടത്തിൽ പെട്ട വിവരം സീന തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെ പുറത്തുവിട്ടത്. ഇറങ്ങിവരുന്ന വഴി താൻ വീണുവെന്നും കൈ അനക്കാൻ ആവുന്നില്ലെന്നും അവശനിലയിൽ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നയാൾ താഴേക്ക് ഇറങ്ങിപ്പോയെന്നും അദ്ദേഹത്തെ കാണാനില്ലെന്നും വീഡിയോയിൽ പറയുന്നു. ഇനി എപ്പോഴാണ് താഴെ എത്താൻ കഴിയുക എന്നറിയില്ലെന്നും കടുത്ത അനിശ്ചിതത്വത്തിലാണെന്നും സീന സാറ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 21-നാണ് സീന പർവതാരോഹണത്തിനായി നേപ്പാളിലേക്ക് പോയത്. വിവരം അറിഞ്ഞതിനെ തുടർന്ന് സീനയെ എത്രയും പെട്ടെന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അധികാരികളെ സമീപിച്ചു. കുടുംബത്തിന്റെ അപേക്ഷയെ തുടർന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിഷയത്തിൽ ഇടപെടുകയും, വിദേശകാര്യ മന്ത്രാലയത്തോടും നേപ്പാളിലെ ഇന്ത്യൻ എംബസിയോടും സംസാരിച്ച് രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
തിരുവല്ല നാഷണൽ കോളേജ് ഡയറക്ടറും അഭിഭാഷകയുമായ സീന സാറ മജ്നു, ഇതിനുമുമ്പും കിളിമഞ്ചാരോ ഉൾപ്പെടെയുള്ള നിരവധി സാഹസിക പർവതാരോഹണ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള വ്യക്തിയാണ്. യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി ഇന്ത്യൻ ദേശീയ പതാക ഉയർത്തിയും ഇവർ വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. സീനയെ സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ബന്ധുക്കളും അധികാരികളും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.