കുരുന്നുകളുടെ മനസ്സില്‍ വിഷം കലര്‍ത്തി ഹമാസ്; വിദ്യാലയങ്ങളില്‍, ഇസ്രായേലികളെ കൊല്ലാകൊല ചെയ്യാന്‍ ആഹ്വാനം,

കുരുന്നുകളുടെ മനസ്സില്‍ വിഷം കലര്‍ത്തി ഹമാസ്; വിദ്യാലയങ്ങളില്‍, ഇസ്രായേലികളെ കൊല്ലാകൊല ചെയ്യാന്‍ ആഹ്വാനം,

ഗാസ/ലണ്ടന്‍: 2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആസൂത്രിത ആക്രമണങ്ങള്‍ക്കിടയില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച ഒരു ദൃശ്യമായിരുന്നു ക്രൂരമായി കൊല്ലപ്പെട്ട ഷാനി ലൂക് എന്ന 22-കാരിയുടെ മൃതദേഹത്തോടുള്ള ക്രൂരത.

പിക്കപ്പ് ട്രക്കിന് പിന്നില്‍ കിടത്തിയ ആ മൃതദേഹത്തിന് നേരെ കൊച്ചുകുട്ടികള്‍ പോലും ആര്‍ത്തുവിളിക്കുകയും തുപ്പുകയും ചെയ്തു. കൗമാരപ്രായം പോലും തികയാത്ത ഒരു കുട്ടിയില്‍ ഇത്തരം മൃഗീയമായ ക്രൂരതയും വെറുപ്പും എങ്ങനെ ഉടലെടുത്തു എന്ന ചോദ്യമാണ് ഗാസയുടെ ഭാവിയിലേക്കും മേഖലയിലെ സമാധാന സാധ്യതകളിലേക്കും വിരല്‍ചൂണ്ടുന്നത്.

ഗാസയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഭരണം നടത്തുന്ന ഹമാസ്, വരാനിരിക്കുന്ന തലമുറകളുടെ മനസ്സില്‍ തീവ്രവാദ പ്രത്യയശാസ്ത്രം കുത്തിവെച്ച്‌ അവരെ ക്രൂരതയിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

. പള്ളികളും വിദ്യാലയങ്ങളും സമ്മര്‍ ക്യാമ്പുകളും കേന്ദ്രീകരിച്ച്‌ ഹമാസ് നടത്തിയ ആസൂത്രിത വിഷപ്രചാരണം പാലസ്തീന്‍ സമൂഹത്തില്‍ 'മരണത്തിന്റെ സംസ്‌കാരം' വളര്‍ത്തിയെടുത്തു. ഇതില്‍ ഏറ്റവും വലിയ ഇരകളായത് ഗാസയിലെ നിരപരാധികളായ കുരുന്നുകളാണെന്ന് സ്വന്തം ജീവന്‍ പണയംവെച്ച്‌ പ്രദേശവാസികള്‍ വെളിപ്പെടുത്തുന്നു.

ഹമാസിന്റെ പ്രത്യയശാസ്ത്രം സ്വന്തം വീട്ടിലേക്ക് പോലും കടന്നുവരുന്നത് ഭയത്തോടെയാണ് കണ്ടുനിന്നതെന്ന് ഗാസയിലെ അമ്മയായ ഷിറീന്‍ (യഥാര്‍ത്ഥ നാമമല്ല) സാക്ഷ്യപ്പെടുത്തുന്നു. പള്ളിയിലെ പഠനത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയ പത്തു വയസ്സു തികയാത്ത മകന്‍ 'താന് ഒരു രക്തസാക്ഷിയാകുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഹൂറിമാരെ ലഭിക്കും' എന്ന് പറഞ്ഞത് കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് അവര്‍ പറയുന്നു.

 പള്ളിയില്‍നിന്ന് മകനെ ക്രൂരതയും കൊലപാതകവും പഠിപ്പിക്കുകയാണെന്ന് മനസ്സിലാക്കിയതോടെ, മകനെ പിന്നീട് പള്ളിയിലേക്ക് അയക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കാന്‍ ഈ അമ്മ നിര്‍ബന്ധിതയാവുകയായിരുന്നു.

ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട അയല്‍പക്കത്തെ 15-കാരനായ കൗമാരക്കാരന്റെ കഥയും ഷിറീന്‍ പങ്കുവെക്കുന്നുണ്ട്. പള്ളിയിലെ പഠനത്തിലൂടെ കടുത്ത തീവ്രവാദ ചിന്താഗതിക്കാരനായി മാറിയ ആ കൗമാരക്കാരന് ഹമാസ് ആയുധം നല്‍കി ഇസ്രായേല്‍ അതിര്‍ത്തിയിലേക്ക് അയക്കുകയായിരുന്നു. 

തുടര്‍ന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ആ പതിനഞ്ചുകാരന്‍ കൊല്ലപ്പെട്ടു. ആത്മീയ പഠനത്തിന്റെ പേരില്‍ കുട്ടികളുടെ കയ്യില്‍ ആയുധം നല്‍കി മരണത്തിലേക്ക് തള്ളിവിടുന്ന ക്രൂരതയാണ് അവിടെ നടക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

2012-13 കാലഘട്ടത്തില്‍ ഗാസയിലെ സ്‌കൂളുകളില്‍ 'അല്‍ ഫുതുവ്വ' എന്ന പേരില്‍ കൗമാരക്കാര്‍ക്കായി സൈനിക പരിശീലനം ഹമാസ് നിര്‍ബന്ധമാക്കിയിരുന്നു. 15 മുതല്‍ 17 വയസ്സുവരെയുള്ള ഏകദേശം 37,000 ആണ്‍കുട്ടികള്‍ക്ക് കലാഷ്നികോവ് തോക്കുകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാന്‍ സ്‌കൂളുകളില്‍ വെച്ച്‌ പരിശീലനം നല്‍കി. 

'മരണമാണ് ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യം' എന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ ഹമാസ് കുട്ടികളുടെ മനസ്സില്‍ ഉറപ്പിച്ചത്. സ്‌കൂളുകളിലെ പഠനത്തോടൊപ്പം ഇത്തരം പരിശീലനങ്ങള്‍ നിര്‍ബന്ധമാക്കാന്‍ ഹമാസിന്റെ ഭരണാധികാരികള്‍ നേരിട്ട് ഇടപെട്ടിരുന്നു.

ഹമാസിന്റെ ഭീഷണിയെ തുടര്‍ന്ന് ഗാസയില്‍നിന്ന് പലായനം ചെയ്ത ആമിന്‍ അബെദ് (40) താന്‍ നേരിട്ടനുഭവിച്ച ഭയാനകമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു. ഹമാസ് വിദ്യാലയങ്ങളിലൂടെ വളര്‍ത്തിയെടുത്ത വെറുപ്പിന്റെ സംസ്‌കാരം കുടുംബബന്ധങ്ങളെപ്പോലും തകര്‍ത്തു.

 ഹമാസിന്റെ തീവ്രവാദ ആശയങ്ങളില്‍ അന്ധമായി വിശ്വസിച്ച തന്റെ അടുത്ത സുഹൃത്ത്, ഹമാസിനെ എതിര്‍ത്തതിന്റെ പേരില്‍ സ്വന്തം പിതാവിനെ വെടിവെച്ചുകൊല്ലുന്ന ദാരുണമായ സംഭവത്തിനും താന്‍ സാക്ഷിയായെന്ന് ആമിന്‍ വെളിപ്പെടുത്തുന്നു.

ഹമാസ് സ്ഥാപകന്‍ ഷെയ്ഖ് അഹമ്മദ് യാസീന്റെ പേരിലുള്ള സ്‌കൂളില്‍ പഠിച്ച ഹംസ ഹൊവിഡി (28) എന്ന യുവാവ് തങ്ങള്‍ക്ക് ലഭിച്ച തീവ്രവാദ വിദ്യാഭ്യാസത്തെക്കുറിച്ച്‌ തുറന്നുപറയുന്നുണ്ട്. 'ജിഹാദാണ് ഞങ്ങളുടെ വഴി, മരണമാണ് ഞങ്ങളുടെ സ്വപ്നം' എന്ന ഗാനങ്ങളാണ് രാവിലെ സ്‌കൂളുകളില്‍ പാടിച്ചിരുന്നത്. ആയുധമേന്തിയ ആളുകള്‍ സ്‌കൂളിന് ചുറ്റും കാവല്‍ നില്‍ക്കുകയും ഇസ്രായേലിനോടുള്ള കടുത്ത ശത്രുത പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയും ചെയ്തതായി ഹംസ സാക്ഷ്യപ്പെടുത്തുന്നു.

പാലസ്തീന്‍ പാഠപുസ്തകങ്ങളില്‍ അടങ്ങിയിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളെക്കുറിച്ച്‌ 'ഇംപാക്‌ട്-എസ്.ഇ' (IMPACT-se) എന്ന അന്താരാഷ്ട്ര സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. 

എട്ടാം ക്ലാസിലെ അറബിക് വ്യാകരണ പുസ്തകത്തില്‍ ചാവേറുകളെക്കുറിച്ചും ഇസ്രായേലികളുടെ കഴുത്തറുക്കുന്നതിനെക്കുറിച്ചുമുള്ള വിവരണങ്ങളാണ് ഉദാഹരണങ്ങളായി നല്‍കിയിരിക്കുന്നത്. അഞ്ചാം ക്ലാസിലെ ഇസ്ലാമിക പഠന പുസ്തകത്തില്‍ ജൂതന്മാരെ കുത്തിക്കൊല്ലുന്ന കഥകള്‍ നല്‍കി കുട്ടികളോട് അത് അനുകരിക്കാന്‍ ആഹ്വാനം ചെയ്യുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെയും യുകെയുടെയും ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന യു.എന്‍.ആര്‍.ഡബ്ല്യു. (UNRWA) വിദ്യാലയങ്ങളിലും ഇത്തരം വിദ്വേഷ പാഠപുസ്തകങ്ങളാണ് പഠിപ്പിച്ചിരുന്നതെന്ന വെളിപ്പെടുത്തല്‍ വലിയ നയതന്ത്ര വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. 

ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ യു.എന്‍.ആര്‍.ഡബ്ല്യു ജീവനക്കാര്‍ക്കും പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ ബ്രിട്ടനും അമേരിക്കയും ധനസഹായം തടഞ്ഞുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സഹായം പുനഃസ്ഥാപിക്കുകയായിരുന്നു.

സ്വതന്ത്രവും നിഷ്പക്ഷവുമായ വിദ്യാഭ്യാസം നല്‍കാന്‍ ശ്രമിക്കുന്ന അധ്യാപകരെയും സന്നദ്ധ സംഘടനകളെയും ഹമാസ് ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് ഗാസയിലെ അധ്യാപികയായ നൂര്‍ (യഥാര്‍ത്ഥ നാമമല്ല) വെളിപ്പെടുത്തുന്നു. 'എസ്.ഒ.എസ് ചില്‍ഡ്രന്‍സ് വില്ലേജസ്' പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഹമാസിന്റെ ഭീഷണി കാരണം നിലച്ച മട്ടാണ്. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാനുള്ള എല്ലാ വാതിലുകളും അടച്ച്‌ ഹമാസ് തങ്ങളുടെ തീവ്രവാദ അജണ്ട അടിച്ചേല്‍പ്പിക്കുകയാണെന്ന് അവര്‍ ആരോപിക്കുന്നു.

എന്നാല്‍, ഈ വിനാശകരമായ അന്തരീക്ഷത്തിനിടയിലും ചില പ്രദേശവാസികള്‍ സ്വന്തം നിലയില്‍ മാറ്റത്തിന് ശ്രമിക്കുന്നുണ്ട്. കിഴക്കന്‍ റഫയില്‍ യാസര്‍ അബു ശബാബിന്റെ നേതൃത്വത്തിലുള്ള പ്രാദേശിക സംഘം 130-ഓളം കുട്ടികള്‍ക്കായി ഒരു പുതിയ വിദ്യാലയം ആരംഭിച്ചു. 'ഞങ്ങള്‍ക്ക് വേണ്ടത് തീവ്രവാദികളെയല്ല, പഠിപ്പുള്ള നല്ലൊരു തലമുറയെയാണ്' എന്ന് ഇവര്‍ പ്രഖ്യാപിക്കുന്നു. സമത്വവും സ്വാതന്ത്ര്യവും പരസ്പര സഹവര്‍ത്തിത്വവും പഠിപ്പിക്കുന്ന പുതിയ പാഠക്രമമാണ് ഇവിടെ പിന്തുടരുന്നത്.

ഗാസയില്‍ ഭാവിയില്‍ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ വിദ്വേഷം പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെടണമെന്ന് പ്രൊഫസര്‍ ഹുസൈന്‍ അല്‍ ദീക് അഭിപ്രായപ്പെടുന്നു.

 ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനും തീവ്രവാദമുക്തമാക്കലിനുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമിതിയും പുതിയ പാഠ്യപദ്ധതി തയ്യാറാക്കാനുള്ള ശ്രമങ്ങളിലാണ്. പുതിയ തലമുറയെ വെറുപ്പില്‍നിന്നും മരണത്തിന്റെ സംസ്‌കാരത്തില്‍നിന്നും മോചിപ്പിച്ചാല്‍ മാത്രമേ മേഖലയില്‍ ശാശ്വതമായ സമാധാനം സാധ്യമാകൂ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network