ദുബൈ: മൂന്ന് പതിറ്റാണ്ട് മുമ്പ് ദുബൈയെ നടുക്കിയ ഒമ്പത് വയസ്സുകാരിയുടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും, ഇമാറാത്തിലെ ആദ്യത്തെ ഫയറിംഗ് സ്ക്വാഡ് വധശിക്ഷയും ഓർത്തെടുത്ത് മുതിർന്ന നിയമ വിദഗ്ദ്ധൻ.
പൊലിസ് ഓഫീസർ, പബ്ലിക് പ്രോസിക്യൂട്ടർ, ജഡ്ജി, അഭിഭാഷകൻ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഇമാറാത്തി നിയമ വിദഗ്ദ്ധനും വിരമിച്ച ബ്രിഗേഡിയറുമായ അരീഫ് ബൗഷാക്കർ അല്‍ ഫലാസിയാണ് 'ഖാഫ് നൂണ്‍' പോഡ്കാസ്റ്റിലൂടെ നീതിന്യായ വ്യവസ്ഥയിലെ അപൂർവ്വ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്.1990-കളുടെ അവസാനത്തിലാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഒമ്പത് വയസ്സുകാരിയെ കാണാതായതിനെ തുടർന്ന് വൻ തിരച്ചിലാണ് ദുബൈ പൊലിസ് നടത്തിയത്. അന്വേഷണം പുരോഗമിക്കവേ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തൂം നേരിട്ട് കുറ്റകൃത്യം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു.
തീവ്രമായ തിരച്ചിലിനൊടുവില്‍ ഒരു വില്ലയ്ക്ക് പിന്നിലെ മണലില്‍ പൊലിസ് നായ്ക്കള്‍ രക്തത്തിന്റെ അംശം കണ്ടെത്തി. ദിവസങ്ങള്‍ക്ക് ശേഷം മുനിസിപ്പാലിറ്റി ജീവനക്കാരാണ് മാലിന്യ പാത്രത്തില്‍ തള്ളിയ കാർഡ്ബോർഡ് പെട്ടിയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തില്‍ വ്യക്തമായി.
അന്വേഷണത്തില്‍ കുറ്റകൃത്യത്തിന് സാക്ഷിയായ ഒരു ഏഷ്യൻ യുവാവിലേക്ക് പൊലിസ് എത്തിച്ചേർന്നു. എന്നാല്‍ അക്രമം തടയാൻ ശ്രമിക്കാത്ത ഇയാള്‍, കൊലപാതക വിവരം പുറത്തുപറയാതിരിക്കാൻ പ്രതിയില്‍ നിന്ന് വെറും 100 ദിർഹം കൈക്കൂലി വാങ്ങുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രധാന പ്രതിയെ അന്താരാഷ്ട്ര തലത്തില്‍ പിന്തുടർന്ന് അറസ്റ്റ് ചെയ്ത് ദുബൈയിലേക്ക് എത്തിച്ചു.
തുടർന്ന് നടന്ന വിചാരണയില്‍ പ്രധാന പ്രതിക്ക് വധശിക്ഷയും, 100 ദിർഹം വാങ്ങി കുറ്റം മറച്ചുവെച്ച കൂട്ടാളിക്ക് 15 വർഷം തടവും കോടതി വിധിച്ചു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് വിശുദ്ധ ഖുർആനില്‍ കൈവെച്ച് പൊട്ടിക്കരഞ്ഞ കൂട്ടാളി, "വെറും 100 ദിർഹത്തിന് വേണ്ടി ചെയ്ത തെറ്റിന് 15 വർഷത്തെ തടവ് താങ്ങാനാവുന്നില്ലെന്നും തനിക്കും വധശിക്ഷ നല്‍കണമായിരുന്നു" എന്നും അപേക്ഷിച്ച് തകർന്നുപോയതായി അല്‍ ഫലാസി ഓർക്കുന്നു.
അല്‍ റുവൈയ്യയിലെ മരുഭൂമിയിലാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയും സമീപത്ത് വാഹനത്തില്‍ എത്തിയിരുന്നു. പ്രതിക്ക് മാപ്പ് നല്‍കാൻ തയ്യറാണോ എന്ന് ചോദിച്ചെങ്കിലും "തന്റെ മകള്‍ക്ക് നീതി ലഭിക്കാൻ ആറ് മാസമായി ഉറങ്ങാതെ കാത്തിരിക്കുകയാണെന്ന്" പറഞ്ഞ് അവർ അത് നിരസിച്ചു.
തുടർന്ന് ഫയറിംഗ് സ്ക്വാഡ് വെടിവെച്ചെങ്കിലും, സ്ഥലത്തുണ്ടായിരുന്ന ഡോക്ടർ ഭയം കാരണം ലക്ഷ്യസ്ഥാനം തെറ്റായി അടയാളപ്പെടുത്തിയതിനാല്‍ ആദ്യ വെടിവെയ്പ്പില്‍ പ്രതി മരിച്ചില്ല. രക്തം വാർന്ന് കിടന്ന പ്രതിക്ക് അല്‍ ഫലാസിയുടെ ഉത്തരവിനെ തുടർന്ന് വീണ്ടും വെടിയുതിർക്കുകയായിരുന്നു.
ഈ വധശിക്ഷയില്‍ ഏറ്റവും ഞെട്ടിക്കുന്ന ഒരു യാദൃശ്ചികത ഫോറൻസിക് റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് അല്‍ ഫലാസിക്ക് മനസ്സിലായത്.
പീഡനത്തിന് ശേഷം പെണ്‍കുട്ടി ശ്വാസം മുട്ടി മരിക്കുന്നതിന് മുമ്പ് ഏകദേശം 6 മുതല്‍ 7 മിനിറ്റ് വരെ ജീവനോടെ കഷ്ടപ്പെട്ടിരുന്നു. വിധി വൈപരീത്യമെന്നോണം, വധശിക്ഷയില്‍ ഡോക്ടർക്ക് സംഭവിച്ച പിഴവ് കാരണം ആദ്യത്തെ വെടിവെയ്പ്പിനും പ്രതിയുടെ അന്ത്യം കുറിച്ച അവസാന വെടിവെയ്പ്പിനും ഇടയില്‍ കൃത്യമായി 7 മിനിറ്റ് എടുത്തു.
കൊല്ലപ്പെട്ട കുട്ടി മരിക്കുന്നതിന് മുമ്പ് അനുഭവിച്ച അതേ 7 മിനിറ്റിലെ കഷ്ടപ്പാട്, സാങ്കേതിക പിഴവിലൂടെ കൊലയാളിയും തത്സമയം അനുഭവിച്ചറിഞ്ഞു എന്നത് ദുബൈയുടെ നിയമചരിത്രത്തിലെ വിചിത്രവും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഏടായി മാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.