ലോക ഫുട്ബോളിനെ രണ്ട് പതിറ്റാണ്ടിലേറെ കാൽക്കീഴിലാക്കി വിസ്മയിപ്പിച്ച ലയണൽ മെസി തൻ്റെ കരിയറിന് പ്രൗഢഗംഭീരമായ അന്ത്യം കുറിച്ചു.
തന്റെ അവസാന മത്സരത്തിലും ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞുകളിച്ച ഈ അർജന്റീനൻ ഇതിഹാസം, വിടവാങ്ങൽ പോരാട്ടം അവിസ്മരണീയമാക്കി. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്.മത്സരത്തിന്റെ 48-ാം മിനിറ്റിൽ മെസിയെടുത്ത കൃത്യതയാർന്ന കോർണർ കിക്കിൽ നിന്നും നിക്കോളാസ് ഒട്ടാമെൻഡി ഹെഡ്ഡറിലൂടെ ആദ്യ ഗോൾ നേടി. തുടർന്ന് 61-ാം മിനിറ്റിൽ മെസിയുടെ തകർപ്പൻ പാസിൽ നിന്നും യുവതാരം നിക്കോ പാസ് രണ്ടാം ഗോൾ സ്വന്തമാക്കി.
ഒടുവിൽ 71-ാം മിനിറ്റിൽ തനിക്ക് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിലെത്തിച്ചുകൊണ്ട് മെസി തന്റെ വിടവാങ്ങൽ മത്സരം പൂർണ്ണതയിലെത്തിച്ചു. താരത്തോടുള്ള ആദരസൂചകമായി മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി അല്പസമയം നിർത്തിവെച്ച് ഗാലറിയും സഹതാരങ്ങളും ഒന്നടങ്കം ആദരമർപ്പിച്ചു
തീർത്തും വൈകാരികമായ അന്തരീക്ഷത്തിലായിരുന്നു മത്സരം അരങ്ങേറിയത്. അർജന്റീനയുടെ ജഴ്സിയിലെ തന്റെ അവസാന മത്സരത്തിനായി നിറകണ്ണുകളോടെയാണ് മെസി സ്റ്റേഡിയത്തിലേക്ക് എത്തിയത്. വഴിനീളെ ആരാധകരുടെ വൻ തിരക്ക് അനുഭവപ്പെട്ടതിനാൽ ടീം ബസ് സ്റ്റേഡിയത്തിൽ എത്തുവാൻ വൈകുകയും, തന്മൂലം മത്സരത്തിന്റെ തുടക്കം നിശ്ചിത സമയത്തിലും നീളുകയും ചെയ്തു.
2022-ൽ ഖത്തറിൽ ലോകകപ്പ് സ്വന്തമാക്കിയ സംഘത്തിലെ പ്രധാന താരങ്ങളെല്ലാം മെസ്സിക്കൊപ്പം ഈ ചരിത്ര മത്സരത്തിൽ പന്ത് തട്ടി. അവസാന വിസിൽ മുഴങ്ങിയതോടെ രണ്ട് ദശാബ്ദക്കാലത്തെ ഇതിഹാസ തുല്യമായ ആ നീലക്കുപ്പായ യാത്ര ഔദ്യോഗികമായി പര്യവസാനിച്ചു.
2005-ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച ലയണൽ മെസി, 207 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നായി 125 ഗോളുകൾ നേടിയിട്ടുണ്ട്. മെസിയുടെ നായകത്വത്തിലും പ്രകടനമികവിലും അർജന്റീന മൂന്ന് തവണ ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.
2022-ൽ ഖത്തറിൽ വിശ്വകിരീടം ഉയർത്തിയപ്പോൾ, 2014-ൽ ജർമ്മനിയോടും 2026-ൽ സ്പെയിനിനോടും ഫൈനലിൽ പരാജയപ്പെടേണ്ടി വന്നു. കൂടാതെ രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും അദ്ദേഹം രാജ്യത്തിന് സമ്മാനിച്ചു. അന്താരാഷ്ട്ര വേദിയോട് വിടപറഞ്ഞെങ്കിലും ക്ലബ്ബ് തലത്തിൽ ഇന്റർ മയാമിക്കായി മെസി ഇനിയും കളി തുടരും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.