റാഞ്ചി: അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയ മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍മാര്‍ വിവാഹിതരായി.
ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ ബുധനാഴ്ചയാണ് സുരേഷ് സിങ് മുണ്ടയും സോംവാരി ഹെംബ്രമും വിവാഹിതരായത്. ഇരുവരുടെയും പുനരധിവാസത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് വിവാഹച്ചടങ്ങുകള്‍ സംഘടിപ്പിച്ചത്. ഝാര്‍ഖണ്ഡില്‍ തടവുശിക്ഷ അനുഭവിക്കുന്ന രണ്ട് പേര് ഓപ്പണ്‍ ജയിലിനുള്ളില്‍ വിവാഹിതരാകുന്ന ആദ്യ സംഭവമായിരിക്കാം ഇതെന്നാണ് റിപ്പോര്‍ട്ട്.റാഞ്ചി ജില്ലയിലെ ബുണ്ടു മേഖലയിലുള്ള ബറുഹാതു ഗ്രാമമാണ് സുരേഷ് സിങ് മുണ്ടയുടെ സ്വദേശം. സോംവാരി ഹെംബ്രം താമര്‍ മേഖലയിലെ അരഹംഗ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. ഇരുവരും നേരത്തെ മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ആയുധങ്ങള്‍ ഉപേക്ഷിച്ച് അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങി
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവി തദാഷ മിശ്രയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ പൊലീസും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഒരുക്കിയത്.
വിവാഹദിനത്തില്‍ ബന്ധുക്കളുടെ സാന്നിധ്യവും കുടുംബത്തിന്റെ പിന്തുണയും നഷ്ടപ്പെടാതിരിക്കാനായി പൊലീസിലെയും ജില്ലാ ഭരണകൂടത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരുടെ ബന്ധുക്കള്‍ നിര്‍വഹിക്കേണ്ട പരമ്പരാഗത ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ ഇരുവരെയും സ്വീകരിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതത്തിന് ആശംസകളും നേര്‍ന്നു. ഓപ്പണ്‍ ജയിലില്‍ കഴിയുന്ന മറ്റ് തടവുകാരും വിവാഹച്ചടങ്ങില്‍ പങ്കാളികളായി. പരമ്പരാഗത ആചാരങ്ങള്‍ അനുസരിച്ചായിരുന്നു വിവാഹം ആയുധം വച്ച് കീഴടങ്ങിയ ശേഷം ഇരുവരും ഹസാരിബാഗ് ഓപ്പണ്‍ ജയിലില്‍ കഴിയുകയായിരുന്നു. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് വിവാഹം പുതിയ തുടക്കമാണ്.
അക്രമത്തിന്റെ വഴി ഉപേക്ഷിച്ച് സമാധാനം തെരഞ്ഞെടുക്കുന്നവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജയില്‍ ഐജി സുദര്ശന് കുമാര്‍ മണ്ഡല് പറഞ്ഞു. കീഴടങ്ങിയ മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.