പ്രയാഗ്‌രാജ്: ജീവിതശൈലിയിലെ മാറ്റം, പെട്ടെന്ന് പണക്കാരായി, നാട്ടുകാരുടെ സംശയത്തെ തുടർന്ന് വീടിന്റെ തറ കുഴിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നിന്ന് 45 കിലോമീറ്ററോളം അകലെയുള്ള രാംനഗർ എന്ന ഗ്രാമത്തിലെ ബാരൈപൂരിലാണ് സംഭവം. ഒരു സാധാരണ ഗ്രാമീണ വീടെന്ന് തോന്നിപ്പിക്കുന്ന കെട്ടിടത്തിന്റെ തറയ്‌ക്കടിയില്‍ ഒളിപ്പിച്ച നിലയില്‍ കോടികളുടെ പണം കണ്ടെത്തി.യാദവ് കുടുംബത്തിന്റെ വീട്ടിലാണ് കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളില്‍നിന്ന് 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നവാബ്ഗഞ്ച്, സോരാവ് പൊലീസ് സ്റ്റേഷനുകളില്‍നിന്നുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. രാകേഷ് യാദവ് രാജേഷ് യാദവ് എന്നീ സഹോദരന്മാരുടേതാണ് വീട്.
ഇരുവരും നേരത്തെ പൂനെയില്‍ ജോലി ചെയ്‌തിരുന്നവരാണ്. 2020ല്‍ കോവിഡ് മഹാമാരിയടെ സമയത്ത് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ ജിവിത സാഹചര്യത്തില്‍ പിന്നീട് വലിയ മാറ്റമുണ്ടായതായി നാട്ടുകാർ പറയുന്നു.
കുറച്ചുകാലമായി സഹോദരന്മാർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഏക്കർ കണക്കിന് ഭൂമി വാങ്ങി. ട്രാക്ടറും സ്വന്തമാക്കി. ആഡംബര ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക വളർച്ച നാട്ടുകാർക്കിടയില്‍ ചർച്ചയാവുകയായിരുന്നു.
സാധാരണ തൊഴില്‍ ചെയ്ത് ജിവിച്ചവർക്ക് ഇത്രയും പണം എവിടെനിന്ന് ലഭിച്ചുവെന്ന സംശയവും ബലപ്പെട്ടു. എന്നാല്‍ പണത്തിന്റെ ഉറവിടം എന്താണെന്നുള്ള കാര്യത്തില്‍ ആർക്കും ഒരു വ്യക്തത ഉണ്ടായിരുന്നില്ല. അടുത്തിടെ സഹോദരന്മാരും ഗ്രാമവാസികളും തമ്മിലുണ്ടായ തർക്കത്തിനിടെ, ഇവരുടെ കൈവശം വലിയ തോതില്‍ കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് ഒരാള്‍ പൊലീസിനെ സമീപിച്ചു.
ഇതോടെയാണ് അന്വേഷണം ശക്തമാക്കിയത്. സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിച്ചുവരികയായിരുന്ന പൊലീസ്, മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു.
വീട്ടില്‍ ആദ്യം നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുറികളിലൊന്നിന്റെ തറ പരിശോധിച്ചു. മണ്ണ് അടുത്തിടെ ഇളക്കിമറിച്ചതിന്റെ സൂചനകള്‍ കണ്ടെത്തിയതോടെ തൊഴിലാളികളെ എത്തിച്ച് തറ കുഴിക്കുകയായിരുന്നു.
ഇതിനിടെയാണ് മണ്ണിനടിയില്‍ ഒളിപ്പിച്ച മൂന്ന് ഡ്രമ്മുകള്‍ കണ്ടെത്തിയത്. കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് ഷീറ്റുകള്‍ പല പാളികളായി പൊതിഞ്ഞ നിലയിലായിരുന്നു ഡ്രമ്മുകള്‍. തുറന്നുനോക്കിയപ്പോള്‍ 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്.
പണത്തിന്റെ ആകെ മൂല്യം കോടികളാകുമെന്നാണ് പ്രാഥമിക നിഗമനം. പിടിച്ചെടുത്ത പണത്തിന്റെ കൃത്യമായ തുക ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയശേഷമേ വ്യക്തമാകൂവെന്ന് ഗംഗാനഗർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു.
പണത്തിന്റെ വലിപ്പം കണക്കിലെടുത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീട് സീല്‍ ചെയ്തു. കസ്റ്റഡിയിലുള്ളയാള്‍ മൊഴികള്‍ ആവർത്തിച്ച് മാറ്റുകയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.