ന്യൂഡൽഹി: ഡ്രൈവിങ് ലൈസൻസിൽ രക്തഗ്രൂപ്പ്, മൊബൈൽ നമ്പർ, അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടേണ്ട വ്യക്തിയുടെ വിവരങ്ങൾ എന്നിവ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഭേദഗതിയിൽ മെഡിക്കൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങളും എതിർപ്പുകളും സമർപ്പിക്കാൻ 30 ദിവസത്തെ സമയവും അനുവദിച്ചിട്ടുണ്ട്.
ആരോഗ്യവിവരങ്ങളും ലൈസൻസിൽ ഉൾപ്പെടുത്തും
പുതിയ നിർദേശപ്രകാരം, ലൈസൻസ് അപേക്ഷകരുടെ ശാരീരികക്ഷമത സംബന്ധിച്ച സ്വയംപ്രഖ്യാപനത്തിൽ കൂടുതൽ ആരോഗ്യവിവരങ്ങൾ ഉൾപ്പെടുത്തും. മരുന്നുകളോടുള്ള അലർജി, മെഡിക്കൽ അല്ലെങ്കിൽ ശസ്ത്രക്രിയാ ഇംപ്ലാന്റുകൾ തുടങ്ങിയ വിവരങ്ങൾ വെളിപ്പെടുത്തേണ്ടിവരും. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്ന സാഹചര്യത്തിൽ ഈ വിവരങ്ങൾ ഉപയോഗിക്കാനാണ് കരട് വ്യവസ്ഥയിൽ പറയുന്നത്.
ലേണേഴ്‌സ് ലൈസൻസ് പരീക്ഷയ്ക്ക് കൂടുതൽ മാർക്ക്
സുരക്ഷിത ഡ്രൈവിങ് സംബന്ധിച്ച ഓൺലൈൻ ട്യൂട്ടോറിയലിന്റെ കുറഞ്ഞ ദൈർഘ്യം 30 മിനിറ്റാക്കാനും അതിന്റെ വിലയിരുത്തലിൽ വിജയിക്കാൻ വേണ്ട മാർക്ക് നിലവിലെ 60 ശതമാനത്തിൽനിന്ന് 75 ശതമാനമാക്കാനും നിർദേശമുണ്ട്.
മറ്റ് മാറ്റങ്ങളും നിർദേശത്തിൽ
ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും വ്യത്യസ്ത മാതൃകയിലും നിറത്തിലുമുള്ള ലൈസൻസുകൾ നൽകുക, ലൈസൻസിൽ QR കോഡ് അധിഷ്ഠിത വിവരസംവിധാനം ഉൾപ്പെടുത്തുക, പേരും വിലാസവും പോലുള്ള വ്യക്തിവിവരങ്ങൾ മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കുക എന്നിവയും കരടിൽ ഉൾപ്പെടുന്നു. ഇത്തരം അപേക്ഷകൾ 15 ദിവസത്തിനകം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
ഇവയെല്ലാം നിലവിൽ നിർദേശഘട്ടത്തിലുള്ള മാറ്റങ്ങളാണ്. പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളും എതിർപ്പുകളും പരിഗണിച്ചശേഷം മാത്രമേ അന്തിമ ചട്ടങ്ങളെക്കുറിച്ച് തീരുമാനമുണ്ടാകൂ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.