ന്യൂഡൽഹി: ഗതാഗതനിയമലംഘനങ്ങൾക്ക് ചുമത്തുന്ന ഇ-ചെലാൻ പിഴകൾ അടച്ചുതീർക്കാത്ത വാഹന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും അധികൃതർക്കും സുപ്രീം കോടതി നിർദേശം നൽകി. കേവലം ഇ-ചെലാനുകൾ നൽകുന്നതിൽ മാത്രം നടപടികൾ ഒതുങ്ങാതെ പിഴ കൃത്യമായി ഈടാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്ന് വ്യക്തമാക്കിയ കോടതി, പിഴയടയ്ക്കാത്ത വാഹനങ്ങൾ റോഡിൽ വച്ച് പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത മാർഗങ്ങളിലേക്ക് കടക്കാനും ആവശ്യപ്പെട്ടു.
ഇ-ചെലാൻ കുടിശ്ശികയുള്ള വാഹനങ്ങൾക്ക് ആർ.സി. പുതുക്കൽ ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങളും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റും (പി.യു.സി.) നിഷേധിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇത്തരം വാഹനങ്ങളെ പരിവാഹൻ പോർട്ടലിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യണമെന്നും ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് കൈമാറാൻ അനുവദിക്കരുതെന്നും നിർദേശത്തിലുണ്ട്. കൂടാതെ, ആവർത്തിച്ച് നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും പുതുക്കുന്നത് തടയാനും നിർദേശിച്ച കോടതി, മോട്ടോർ വാഹന നിയമപ്രകാരമുള്ള ഇലക്ട്രോണിക് ട്രാഫിക് എൻഫോഴ്സ്മെന്റ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
രാജ്യത്ത് നിലവിൽ വൻതുക ഇ-ചെലാൻ ഇനത്തിൽ കുടിശ്ശികയായി തുടരുന്ന പശ്ചാത്തലത്തിലാണ് പരമോന്നത കോടതിയുടെ ഈ ഇടപെടൽ. ഇതുവരെ പുറപ്പെടുവിച്ച 49,194 കോടി രൂപയുടെ ഇ-ചെലാനുകളിൽ 26,175 കോടി രൂപ മാത്രമാണ് പിരിച്ചെടുത്തിട്ടുള്ളതെന്നും ബാക്കി 23,019 കോടി രൂപ കുടിശ്ശികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്രയും ഭീമമായ തുക കുടിശ്ശികയായി കിടക്കുന്നത് നിലവിലെ പിഴയീടാക്കൽ സംവിധാനത്തിന്റെ കാര്യക്ഷമതയില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും, റോഡ് സുരക്ഷയും ഗതാഗത അച്ചടക്കവും ഉറപ്പാക്കാൻ പിഴ ചുമത്തുന്നതിനൊപ്പം അത് കൃത്യമായി വസൂലാക്കാനുള്ള നടപടികളും ശക്തമാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.