കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പാ പ്രകാരമുള്ള കരുതൽ തടങ്കൽ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ഭാര്യ ജി.ആർ. അശ്വതി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രനും എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ഇതോടെ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുഗതന് മോചിതനാകാൻ വഴിയൊരുങ്ങി.
തിരുവനന്തപുരത്തെ ജില്ലാ മജിസ്ട്രേറ്റ് ജൂൺ 8ന് പുറപ്പെടുവിച്ച തടങ്കൽ ഉത്തരവിനെതിരെയായിരുന്നു ഹർജി. ജൂൺ 9ന് സുഗതനെ വിയ്യൂർ സെൻട്രൽ ജയിലിൽ തടവിലാക്കിയിരുന്നു. തുടർന്ന് കാപ്പാ അഡ്വൈസറി ബോർഡിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ജൂലൈ 6ന് തടങ്കൽ ഉത്തരവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
തടങ്കലിന് ആധാരമാക്കിയ രേഖകളിലെ ചില പേജുകൾ ലഭ്യമല്ലെന്നും ചില രേഖകൾ വായിക്കാൻ കഴിയാത്ത നിലയിലായിരുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. സുഗതനെതിരായ ഏഴ് കേസുകളിൽ ചിലത് രാഷ്ട്രീയ കേസുകളോ കൗണ്ടർ കേസുകളോ ആണെന്നും, ഒത്തുതീർപ്പായ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ തടങ്കൽ അധികാരി പരിഗണിച്ചില്ലെന്നും ഹർജിക്കാർ വാദിച്ചു.
2019 മുതൽ 2026 വരെ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളാണ് തടങ്കൽ നടപടിയിൽ പരിഗണിച്ചിരുന്നത്. ഇതിൽ ആറ് കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് വിചാരണ കാത്തിരിക്കുകയായിരുന്നു; 2026ൽ രജിസ്റ്റർ ചെയ്ത ഒരു കേസ് അന്വേഷണത്തിലായിരുന്നു.
കാപ്പാ തടങ്കലിലായിരിക്കെ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്ന സുഗതന്, നേരത്തെ ഹൈക്കോടതി പ്രത്യേക ഉത്തരവിലൂടെ വിയ്യൂർ ജയിലിൽവെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുമതി നൽകിയിരുന്നു. ജനങ്ങളുടെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് തടങ്കൽ കാരണം ഇല്ലാതാകരുതെന്ന നിലപാടിലായിരുന്നു അന്നത്തെ കോടതി നടപടി.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.