കൊച്ചി: മലയാള ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റിനെ പ്രശംസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മകൾക്കും അവളുടെ സുഹൃത്തിനുമൊപ്പം സിനിമ കണ്ട അനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അദ്ദേഹം, ചിത്രത്തിന്റെ അവതരണരീതിയും നാട്ടിൻപുറത്തെ ജീവിതങ്ങളുടെ ചിത്രീകരണവും ഏറെ ഇഷ്ടപ്പെട്ടതായി കുറിച്ചു.
തിരക്കുകൾ കാരണം മാസത്തിലൊരിക്കലെങ്കിലും സിനിമ കാണാറുണ്ടായിരുന്ന പതിവ് മുടങ്ങിയെന്നും ഇടവേളയ്ക്കുശേഷം ഇന്നലെയാണ് ചിത്രം ഒറ്റയിരുപ്പിൽ കണ്ടതെന്നും സതീശൻ പറഞ്ഞു. തന്റെ ചെറുപ്പകാലത്തെ നാട്ടിൻപുറങ്ങളും അവിടുത്തെ മനുഷ്യരും സാധാരണ ജീവിതങ്ങളും സിനിമ ഓർമിപ്പിച്ചെന്നും പരസ്പരമുള്ള സ്നേഹവും ഊഷ്മളമായ പ്രണയങ്ങളും ചിത്രത്തെ ആസ്വാദ്യകരമാക്കിയെന്നും അദ്ദേഹം കുറിച്ചു.
പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ പോലും ശ്രദ്ധേയമായ സാന്നിധ്യം അറിയിക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചിത്രം നന്നായി ചിരിപ്പിച്ചെന്നും ചിലയിടങ്ങളിൽ വിഷമിപ്പിച്ചെന്നും ആദ്യാവസാനം ആസ്വദിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മികച്ച ടീം വർക്കാണ് സിനിമയെന്നും സതീശൻ വിശേഷിപ്പിച്ചു.
ചിത്രം കണ്ടശേഷം സംവിധായകൻ ഗിരീഷ് എ.ഡിയെയും നടൻ സംഗീത് പ്രതാപിനെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിവിൻ പോളിയെയും മമിത ബൈജുവിനെയും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും കുറിപ്പിൽ പറഞ്ഞു.
ചിത്രത്തിലെ ഗ്ലിക്സൺ എന്ന കഥാപാത്രവും തന്റെ മനസ്സിൽ ഇടംനേടിയതായി സതീശൻ സ്നേഹപൂർവം പരാമർശിച്ചു. സാധാരണയായി സിനിമ കണ്ടശേഷം ആസ്വാദനക്കുറിപ്പുകൾ എഴുതാറില്ലെന്നും എന്നാൽ ചിത്രം നൽകിയ ആസ്വാദനവും മാനസിക ഉന്മേഷവുമാണ് കുറിപ്പ് പങ്കുവെക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.