കൊച്ചി: ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടിൽ കേരള പബ്ലിക് സർവീസ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. പരീക്ഷയിൽ 58 മാർക്കിന്റെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതിരുന്നത് പ്രഥമദൃഷ്ട്യാ ഗുരുതരമായ അഴിമതിയല്ലേയെന്ന് കോടതി ചോദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പിഎസ്‌സി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദീന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ശക്തമായ നിരീക്ഷണങ്ങൾ.
58 മാർക്കിന്റെ ഉത്തരങ്ങൾ എങ്ങനെയാണ് മൂല്യനിർണയം നടത്താതെ വിട്ടതെന്ന് കോടതി ചോദിച്ചു. ഇത്രയും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ വിശദമായ അന്വേഷണം ആവശ്യമായിരിക്കെ, അന്വേഷണം തടയാൻ പിഎസ്‌സി ശ്രമിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിക്കുള്ളിൽ തന്നെ കുറ്റകൃത്യം നടന്നെന്ന ആരോപണം ഉയർന്നാൽ അത് അന്വേഷിക്കാൻ നിയമപരമായ സംവിധാനം വേണ്ടേയെന്നും കോടതി നിരീക്ഷിച്ചു.
ആസൂത്രണ ബോർഡിലെ ഉന്നത തസ്തികയിലേക്കുള്ള പരീക്ഷയുടെ ആദ്യ പൊതുപേപ്പറിലെ 10 ചോദ്യങ്ങൾക്കാണ് ആകെ 58 മാർക്ക് ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ 228 ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളിൽ മൂല്യനിർണയം നടത്താതെ പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പരീക്ഷയ്ക്കുശേഷം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും മൂന്ന് തസ്തികകളിൽ രണ്ടിലേക്കുള്ള നിയമനം നടക്കുകയും ചെയ്തിരുന്നു.
മൂല്യനിർണയത്തിലെ വീഴ്ച സാങ്കേതികമോ ക്ലറിക്കൽ പിഴവോ മാത്രമാണെന്നാണ് പിഎസ്‌സിയുടെ നിലപാട്. എന്നാൽ ഇതിനെ സാധാരണ ഭരണപരമായ പിഴവായി കാണാനാകില്ലെന്നും സംഭവത്തിൽ ആസൂത്രിതമായ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 150-ലധികം പരാതികൾ ലഭിച്ചതായും അന്വേഷണസംഘം കോടതിയെ അറിയിച്ചു.
അന്വേഷണവുമായി പിഎസ്‌സി സഹകരിക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നോട്ടീസ് നൽകിയിട്ടും അവർ സഹകരിക്കുന്നില്ലെന്ന സർക്കാർ വാദം കോടതി പരിഗണിച്ചു. അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി രേഖകൾ നൽകുകയും തങ്ങളുടെ ഭാഗം വിശദീകരിക്കുകയും ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. പിഎസ്‌സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ മനഃപൂർവമാണോ അതോ സാങ്കേതിക പിഴവാണോ എന്നതും പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള പിഎസ്‌സിയുടെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകാൻ കോടതി സമയം അനുവദിക്കുകയും കേസ് ഒക്ടോബർ 13-ലേക്ക് മാറ്റുകയും ചെയ്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.