ഡോംബിവ്‌ലി: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ അനധികൃത വന്യജീവി വ്യാപാരവുമായി ബന്ധപ്പെട്ട് കണ്ടെത്തി രക്ഷപ്പെടുത്തിയ ഒറാങ്ങുട്ടാനെ ഇൻഡോനേഷ്യയിലേക്ക് തിരിച്ചയച്ചു. ഇന്ത്യയിൽ രക്ഷപ്പെടുത്തിയ വന്യമൃഗത്തെ അതിന്റെ ഉത്ഭവരാജ്യത്തേക്ക് തിരിച്ചെത്തിക്കുന്ന അപൂർവ നടപടിയാണിത്.
ഏകദേശം മൂന്നുവയസ്സുള്ള ആൺ ഒറാങ്ങുട്ടാനെ ഡോംബിവ്‌ലിയിലെ പലാവ സിറ്റി സമുച്ചയത്തിലുള്ള ഒരു കുളിമുറിയിൽ ചെറിയ കൂട്ടിനുള്ളിൽ പാർപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. താനെ വനംവകുപ്പ് നടത്തിയ പരിശോധനയ്ക്കിടെ രക്ഷപ്പെടുത്തിയ മൃഗത്തെ 2025 മാർച്ച് മുതൽ ഗ്രീൻസ് സുവോളജിക്കൽ റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ പരിചരിച്ചുവരികയായിരുന്നു.
സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ നിർദേശത്തെ തുടർന്നാണ് മൃഗത്തെ അവിടെ പാർപ്പിച്ചത്. വന്യജീവി കുറ്റകൃത്യ നിയന്ത്രണ ബ്യൂറോയിലെ ഉദ്യോഗസ്ഥർ, വന്താരയിലെ ജീവനക്കാർ, ഇൻഡോനേഷ്യൻ സർക്കാർ പ്രതിനിധികൾ എന്നിവരുടെ മേൽനോട്ടത്തിൽ അഹമ്മദാബാദിൽനിന്ന് വിമാനമാർഗം ജക്കാർത്തയിലെത്തിച്ചു.
ഇൻഡോനേഷ്യയിൽ ക്വാറന്റീനിൽ പാർപ്പിച്ചശേഷം പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. വന്യജീവികളുടെ അനധികൃത വ്യാപാരം തടയുന്നതിനും രക്ഷപ്പെടുത്തിയ മൃഗങ്ങളെ അനുയോജ്യമായ സാഹചര്യങ്ങളിൽ പുനരധിവസിപ്പിക്കുന്നതിനും രാജ്യാന്തര സഹകരണം എത്രത്തോളം പ്രധാനമാണെന്ന് ഈ നടപടി വ്യക്തമാക്കുന്നു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.