പാലാ: ഭരണങ്ങാനത്ത് വ്യാജരേഖകൾ ചമച്ച് ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ മറവിൽ അനധികൃതമായി പ്രവർത്തിച്ച വൃദ്ധസദനത്തിൽനിന്ന് ഏഴ് വയോധികരെ പോലീസ് രക്ഷപ്പെടുത്തി.
പഞ്ചായത്ത് മെമ്പറുടെയും ആശാ പ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും മറ്റ് നാട്ടുകാരുടെയും സാന്നിധ്യത്തിൽ മേരിഗിരി ഹോസ്പിറ്റലിൽ നിന്ന് എത്തിയ നേഴ്സുമാരുടെയും വനിതാ പോലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെയാണ് പോലീസ് ഇവരെ സ്വതന്ത്രരാക്കിയത്. പാലാ ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിച്ച ഇവരെ പാലാ മരിയസദനത്തിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്.
ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ രൂപീകരിച്ച ഒരു പ്രസ്ഥാനത്തിൻറെ പേരിലാണ് നിഷ തോമസ് എന്ന വ്യക്തിയും മാങ്കുളം സ്വദേശിയായ ഷിജോ എന്ന വ്യക്തിയും ചേർന്ന് ഈ പ്രസ്ഥാനം നടത്തിക്കൊണ്ടിരുന്നത്. കൂടെയുള്ളവർ എല്ലാം ബന്ധുക്കളാണെന്നാണ് ഇവർ പറഞ്ഞിരുന്നത്. അതിൽ ഒരാൾ അന്യസംസ്ഥാനക്കാരിയുമായിരുന്നു!!
നാളുകളായി ആ കെട്ടിടത്തിന്റെ ജനലുകളോ വാതിലുകളോ തുറക്കാറില്ലായിരുന്നു എന്നത് വ്യക്തം. കെട്ടിടത്തിനുള്ളിലാകെ സാധനങ്ങൾ തിക്കി നിറച്ചു വച്ചിരിക്കുകയും വൃത്തിഹീനമായ മുറികളിൽ മണം നിന്നും കടുത്ത ദുർഗന്ധവും വമിക്കുന്നുണ്ടായിരുന്നു.
പോലീസും വാർഡ് മെമ്പറും ആശാ പ്രവർത്തകരും എത്തിയിട്ടും അവിടെ കിടക്കുകയായിരുന്ന രോഗികളെ ആശുപത്രിയിലേയേതോ മറ്റേതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേയ്ക്കോ മാറ്റാൻ ഷിജോയും നിഷയും സമ്മതിക്കുന്നുണ്ടായിരുന്നില്ല. അവർ പറഞ്ഞുകൊടുത്തു പഠിപ്പിച്ചതുപോലെ ഒരേ കാര്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു മറ്റ് അന്തേവാസികൾ. തങ്ങൾ ബന്ധുക്കളാണെന്ന് ഇവർ പറഞ്ഞെങ്കിലും പാലാ എസ് എച്ച് ഓ ഓരോരുത്തരോടായി വിവരങ്ങൾ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞ കാര്യങ്ങളെല്ലാം പരസ്പരവിരുദ്ധമായിരുന്നു. പാലാ എസ് എച്ച് ഓ യുടെയും ഒപ്പമുണ്ടായിരുന്ന പോലീസുകാരുടെയും അങ്ങേയറ്റത്തെ സംയമനത്തോടെയും കരുതലോടെയുമുള്ള ഇടപെടലിലൂടെയാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചത്.
അന്തേവാസികളിൽ പലരുടെയും ആധാർ കാർഡിലെ അഡ്രസ് പോലും ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ നിലവിൽ താമസിക്കുന്ന കെട്ടിടത്തിന്റെ വിലാസത്തിലേക്ക് മാറ്റിയിരുന്നു. ചിലരുടെ അഡ്രസ്സ് തൃശ്ശൂർ വിലാസത്തിൽ ആയിരുന്നു. വീടിൻറെ ഉള്ളിലാകെ ക്രൈസ്തവ രൂപങ്ങളും ചിത്രങ്ങളും കൊന്തകളും കൊണ്ട് നിറഞ്ഞിരുന്നു.
ഇവർ താമസിക്കുന്ന കെട്ടിടത്തിന് മാസങ്ങളായി വാടക ലഭിക്കുന്നില്ല എന്ന കെട്ടിട ഉടമയുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. പലതവണ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും ഇവർ അവിടെ എത്താൻ തയ്യാറായിരുന്നില്ല. ഡിവൈഎസ്പി റാങ്കിൽ താഴെയുള്ള ആരോടും തങ്ങൾ സംസാരിക്കുകയില്ല എന്നാണ് ഇന്ന് ഇവരുടെ താമസസ്ഥലത്ത് എത്തിയ പാലാ എസ് എച്ച് യോട് ഷിജോ പറഞ്ഞത്.
സ്ഥാപനത്തിന് ആവശ്യമായ നിയമപരമായ അനുമതികളോ രജിസ്ട്രേഷനോ ഉണ്ടായിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. പ്രതികൾക്കെതിരെ വഞ്ചനാക്കുറ്റത്തിനും വയോജന സംരക്ഷണ നിയമപ്രകാരവും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ഷിജോ അമേരിക്കയിൽ നിന്നും എം ബി എ പാസായ ആളാണെന്നും നെടുമ്പാശ്ശേരിയിൽ തോമസ് കുക്ക് എന്ന മണി ട്രാൻസ്ഫർ സ്ഥാപനത്തിൽ മികച്ച ജോലിയിലിരുന്ന ആളാണെന്നും നിഷ എന്ന സ്ത്രീയുടെ ട്രാപ്പിൽ അകപ്പെട്ട ഇയാൾ ഇത്തരം പ്രവർത്തനങ്ങളിൽ കുടുങ്ങിപ്പോയതാണെന്നും ഷിജോയുടെ ബന്ധുക്കൾ പറഞ്ഞു. വർഷങ്ങളായി ഇയാൾ നിഷയോടൊപ്പമായിരുന്നു താമസം എന്നും സ്വന്തം വീട്ടുകാരെയോ സഹോദരങ്ങളേയോ ഒന്നു ഫോൺ ചെയ്യാൻ പോലും ഇയാളെ അനുവദിക്കുമായിരുന്നില്ല എന്നും ബന്ധുക്കൾ വ്യക്തമാക്കി. തങ്ങൾ മാങ്കോളത്ത് നിന്നും പാലായിലേക്ക് പുറപ്പെടുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു.
നിലവിൽ ജോലിയോ മറ്റ് വരുമാന മാർഗ്ഗങ്ങളോ തങ്ങൾക്കില്ല എന്ന് ഷിജോയും നിഷയും പറയുമ്പോൾ ആറോളം വൃദ്ധരെ സംരക്ഷിക്കാൻ ഇവർക്ക് വരുമാനം എവിടെയാണ് എന്നുള്ള അന്വേഷണവും പോലീസ് നടത്തേണ്ടതുണ്ട്. എന്തിനായിരുന്നു പുറത്തറിയാതെ രഹസ്യമായി ഇവർ ഇത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നത് എന്നും പോലീസ് അന്വേഷണ വിധേയമാക്കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.











.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.