ഡല്‍ഹി: ദേശീയതലത്തില്‍ തരംഗമായ വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോക്രോച്ച് ജനതാ പാർട്ടിക്ക് ബദലായി പുതിയ പാർട്ടി പ്രഖ്യാപിച്ച് പ്രമുഖ സാമൂഹിക പ്രവർത്തകൻ മനീഷ് ബ്രഹ്മഭട്ട്.
സംഘടനയെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും സംഘവും ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് പുതിയ പാർട്ടി പ്രഖ്യാപിച്ചത്. 'കോക്രോച്ച് ജനതാ പാർട്ടി ഡെമോക്രാറ്റിക്' എന്നാണ് പുതിയ സംഘടനയുടെ പേര്.സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ 'കോക്രോച്ച്' (പാറ്റ) പരാമർശത്തില്‍ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ തുടങ്ങിയ പ്രസ്ഥാനമാണ് പിന്നീട് 'കോക്രോച്ച് ജനതാ പാർട്ടി' എന്ന പേരില്‍ വലിയ ജനകീയ മുന്നേറ്റമായി മാറിയത്. രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അഴിമതികള്‍ക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കും എതിരെ ഡല്‍ഹി ജന്തർ മന്തറില്‍ സംഘടിപ്പിച്ച വൻ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിജെപി ആയിരുന്നു. ഈ പ്രതിഷേധങ്ങളെ തുടർന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വന്നത്.
എന്നാല്‍, സമരം വിജയകരമായി പൂർത്തിയായതോടെ സിജെപിയെ രാഷ്ട്രീയവല്‍ക്കരിക്കാനും സ്വന്തം അജണ്ടകള്‍ക്കായി ഉപയോഗിക്കാനും ശ്രമം നടന്നതായി മനീഷ് ബ്രഹ്മഭട്ട് ആരോപിച്ചു. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയുമായി ചേർന്ന് കെജ്‌രിവാള്‍ പ്രസ്ഥാനത്തെ പിടിച്ചെടുക്കാൻ ശ്രമിക്കുകയാണെന്ന് ബ്രഹ്മഭട്ട് വാർത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പ്രക്ഷോഭത്തിന് രക്തവും വിയർപ്പും ഒഴുക്കിയ വോളണ്ടിയർമാരെ പൂർണമായി ഒഴിവാക്കി, വീടുകളില്‍ ഇരുന്ന് 12 അംഗ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഇതില്‍ എട്ടുപേരും ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ളവരാണ്. ഡല്‍ഹിയില്‍ നടന്ന വോളണ്ടിയർമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ചു. വിവരങ്ങള്‍ പുറത്തുപോകാതിരിക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെയോ സർക്കാരിനെയോ മാത്രം എതിർക്കാൻ രൂപീകരിച്ച പ്രസ്ഥാനമല്ല. അഴിമതി നിറഞ്ഞ വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടമാണ്. രാജ്യത്തെ യുവാക്കളുടെ സമരത്തെ കെജ്രിവാളിന്റെ ടീമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് മനീഷ് ബ്രഹ്മഭട്ട് പറഞ്ഞു.
സുതാര്യതയും ജനാധിപത്യ മൂല്യങ്ങളും ഉയർത്തിപ്പിടിച്ചായിരിക്കും 'സിജെപി ഡെമോക്രാറ്റിക്' പ്രവർത്തിക്കുകയെന്ന് മനീഷ് ബ്രഹ്മഭട്ട് വ്യക്തമാക്കി. ഓരോ സംസ്ഥാനത്ത് നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി ജനാധിപത്യ രീതിയില്‍ പുതിയ ദേശീയ ടീമിനെ തിരഞ്ഞെടുക്കുമെന്നും, വാട്സ്‌ആപ്പ്, സോഷ്യല്‍ മീഡിയ, മിസ്ഡ് കോള്‍ സംവിധാനങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് പ്രസ്ഥാനത്തില്‍ അംഗങ്ങളാകാമെന്നും ബ്രഹ്മഭട്ട് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.