ലണ്ടൻ: നോർത്ത് വെയ്ൽസിലെ വ്യോമസേനാ പരിശീലന ക്യാംപിൽ നിന്ന് പറന്നുയർന്ന റോയൽ എയർഫോഴ്‌സിന്റെ 'ഹ്വാക് 2' (Hawk T2) ട്രെയിനർ ജെറ്റ് വിമാനം തകർന്നു വീണു.
പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്ത ഉടൻ തീപിടിത്തമുണ്ടായതിനെ തുടർന്ന് വിമാനം നിലംപതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പൈലറ്റുമാരും വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് പാരഷൂട്ട് വഴി രക്ഷപ്പെട്ടു. ഇവർക്ക് നിസാര പരിക്കുകൾ മാത്രമാണുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
നോർത്ത് വെയ്ൽസിലെ ആംഗ്ലേസി പരിശീലന താവളത്തിൽ നിന്നാണ് ജെറ്റ് ടേക്ക് ഓഫ് നടത്തിയത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ തന്നെ തീപിടിത്തമുണ്ടായതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. വിമാനം നിയന്ത്രണത്തിലാക്കാൻ പൈലറ്റുമാർ ശ്രമിച്ചെങ്കിലും ആകാശത്തുവെച്ചുതന്നെ തലകീഴായി മറിഞ്ഞതിനെ തുടർന്ന് ഇജക്ട് ചെയ്യാൻ നിർബന്ധിതരാകുകയായിരുന്നു. പൈലറ്റുമാർ വീണ സ്ഥലത്തു നിന്നും ഒരു മൈലോളം അകലെയാണ് വിമാനം പതിച്ച് പൂർണമായും കത്തിയത്.
ബ്രിട്ടീഷ് പൈലറ്റുമാർക്ക് വിദഗ്ധ പരിശീലനം നൽകുന്നതിനായി ഇന്ത്യൻ വ്യോമസേനയിൽ നിന്നുള്ള പൈലറ്റുമാർ യുകെയിൽ എത്തിയിട്ടുണ്ടെന്ന വിവരങ്ങളാണ് ഈ സംഭവത്തോടെ കൂടുതൽ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ വർഷം ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ ഇന്ത്യ സന്ദർശന വേളയിൽ കൈവരിച്ച ഉഭയകക്ഷി ധാരണകളുടെ ഭാഗമായാണ് രണ്ടുവർഷത്തെ പദ്ധതിക്കായി ഇന്ത്യൻ സംഘം ബ്രിട്ടനിലെത്തിയത്. അപകടത്തിൽപ്പെട്ട വിമാനത്തിലോ അപകടസമയത്തെ പരിശീലന ദൗത്യത്തിലോ ഇന്ത്യൻ സംഘത്തിന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നതിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.
1932-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യോമസേനാ പരിശീലനം ആരംഭിച്ച ചരിത്രത്തിൽ നിന്ന്, ഇന്ന് ബ്രിട്ടീഷ് പൈലറ്റുമാരെ പരിശീലിപ്പിക്കാൻ ഇന്ത്യൻ വിദഗ്ധർ യുകെയിലെത്തുന്നു എന്ന വിരോധാഭാസവും പ്രതിരോധ വൃത്തങ്ങളിൽ ചർച്ചയാകുന്നുണ്ട്.
മൂന്ന് വർഷം മുൻപ് ഇതേ ശ്രേണിയിലുള്ള വിമാനങ്ങൾ സാങ്കേതിക പരിശോധനകൾക്കായി സർവീസിൽ നിന്ന് താൽക്കാലികമായി മാറ്റിനിർത്തിയിരുന്നു. കൃത്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് വിമാനം പറന്നുയർന്നതെന്നിരിക്കെ, യന്ത്രത്തകരാറാണോ അപകടത്തിന് വഴിവെച്ചതെന്നതിൽ സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുകെയുടെ വ്യോമ പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.