ന്യൂഡൽഹി: ഡല്‍ഹിയില്‍ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ, തന്നെ വിമാനത്താവളത്തിലേക്ക് എത്തിച്ച ഇന്ത്യൻ ഡ്രൈവറോട് നേരിട്ടെത്തി നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ.
ഔദ്യോഗിക പദവികളുടെയോ പ്രോട്ടോക്കോളുകളുടെയോ ഭാരമില്ലാതെ ഒരു സാധാരണ തൊഴിലാളിയോട് ഒരു ലോകനേതാവ് കാണിച്ച എളിമയും കരുതലും നിറഞ്ഞ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം കാട്ടുതീ പോലെ പടരുകയും ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയും ചെയ്തു.ഭാരത് മണ്ഡപത്തില്‍ നടന്ന ഉച്ചകോടിക്ക് ശേഷം മടക്കയാത്രയ്ക്കായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ ഈ ഹൃദയസ്പർശിയായ നിമിഷം അരങ്ങേറിയത്. കാറില്‍ നിന്നിറങ്ങിയ ഷെയ്ഖ് ഖാലിദ്, തന്നെ യാത്രയയക്കാനായി വിമാനത്താവളത്തില്‍ കാത്തുനിന്ന ഉന്നത ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും അഭിവാദ്യം ചെയ്ത് പ്രത്യേക വിമാനത്തിലേക്ക് കയറാൻ ഒരുങ്ങുകയായിരുന്നു.
എന്നാല്‍ തൊട്ടടുത്ത നിമിഷം, തന്നെ സുരക്ഷിതമായി വാഹനമോടിച്ച് എത്തിച്ച ഡ്രൈവറോട് നന്ദി പറയാൻ വിട്ടുപോയ കാര്യം അദ്ദേഹം ഓർത്തു. ഒട്ടും മടിക്കാതെ ഉടൻ തന്നെ തിരിഞ്ഞുനടന്ന് കാറിനടുത്തേക്ക് എത്തിയ കിരീടാവകാശി, ഡ്രൈവർക്ക് ഊഷ്മളമായി ഹസ്തദാനം നല്‍കുകയും കുറച്ചുസമയം സൗഹൃദം പങ്കുവെച്ച് നന്ദി അറിയിക്കുകയും ചെയ്ത ശേഷമാണ് യാത്ര തുടർന്നത്.
ഈ അപൂർവ്വ നിമിഷം ക്യാമറകളില്‍ പതിയുകയും സമൂഹമാധ്യമങ്ങളില്‍ വൻതോതില്‍ പ്രചരിക്കുകയുമായിരുന്നു. ഒരു സാധാരണ ഡ്രൈവറുടെ സേവനത്തെപ്പോലും വിലമതിച്ച അബുദാബി കിരീടാവകാശിയുടെ ഈ വലിയ മനസ്സിനെ വാനോളം പ്രശംസിക്കുകയാണ് സൈബർ ലോകം.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ന്യൂഡല്‍ഹിയിലെത്തിയത്. സെപ്റ്റംബർ 12, 13 തീയതികളിലായി 'റെസിലിയൻസ്, ഇന്നൊവേഷൻ, കോ-ഓപ്പറേഷൻ, സസ്റ്റൈനബിലിറ്റി' എന്ന പ്രമേയത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ 13 ലോകനേതാക്കളും 17 ഔദ്യോഗിക പ്രതിനിധി സംഘങ്ങളുമാണ് പങ്കെടുത്തത്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബുദാബി കിരീടാവകാശി നിർണായകമായ ഉഭയകക്ഷി ചർച്ചകളും നടത്തിയിരുന്നു. ഊർജ്ജ വിതരണം, വ്യാപാരം, ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, ധനകാര്യ സഹകരണം, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ ചർച്ച ചെയ്തു.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലുള്ള സുരക്ഷാ ആശങ്കകള്‍, മേഖലയിലെ ഇന്ത്യൻ നാവികരുടെ സുരക്ഷ, ബ്രിക്സ് കൂട്ടായ്മയിലെ യുഎഇയുടെ സജീവ പങ്കാളിത്തം എന്നിവയും ചർച്ചകളില്‍ വിഷയമായി.
എന്നാല്‍ നയതന്ത്ര ചർച്ചകളുടെ ഗൗരവത്തിനപ്പുറം, മടക്കയാത്രയില്‍ അബുദാബി കിരീടാവകാശി കാട്ടിയ ഈ മനുഷ്യത്വം നിറഞ്ഞ സമീപനമാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങളിലും ജനമനസ്സുകളിലും പ്രധാന ചർച്ചയായി മാറിയിരിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.