ചെന്നൈ: തമിഴ് സിനിമാ ത്രില്ലറുകളെ വെല്ലുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെ കൊച്ചി-സേലം ദേശീയപാത സാക്ഷ്യം വഹിച്ചത്.
വാഹനപരിശോധനയ്ക്കിടെ തങ്ങളെയുവെട്ടിച്ച് പാഞ്ഞ ക്രിമിനല്‍ സംഘത്തിന്റെ കാറിന് മുകളില്‍ തൂങ്ങിക്കിടന്ന്, സ്വന്തം ജീവന് പണയം വെച്ച് 40 കിലോമീറ്ററോളം സഞ്ചരിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ പ്രതികളെ പിടികൂടി. കോവില്‍പാളയം പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എം. വേല്‍മുരുകനാണ് (38) ഈ സമാനതകളില്ലാത്ത സാഹസിക ദൗത്യത്തിലൂടെ തമിഴ്നാട് പോലീസിന്റെ താരമായത്.ഞായറാഴ്ച പുലര്‍ച്ചെ 5.45-ന് വിളാംകുറിച്ചിക്കും കാളപ്പട്ടിക്കും ഇടയിലാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. കര്‍ണാടകയില്‍ നിന്ന് തമിഴ്നാട്ടിലേക്ക് വലിയ തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ വി. വിഘ്നേഷും വേല്‍മുരുകനും ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു.
ബെംഗളൂരുവില്‍ നിന്നെത്തിയ കര്‍ണാടക രജിസ്ട്രേഷന് കാര്‍ തടഞ്ഞ പോലീസ്, സംശയം തോന്നി പിന്‍സീറ്റിലെ സാധനങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചു. എന്നാല്‍, കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം പെട്ടെന്ന് പോലീസുകാരെ ബലമായി തള്ളിമാറ്റി ഡോറുകള്‍ അടച്ച് അതിവേഗത്തില്‍ കാര്‍ മുന്നോട്ടെടുത്തു.
വേല്മുരുകന് വണ്ടി തടയാന്‍ ശ്രമിക്കുന്നതിനിടെ കൈ ഡോര്‍ ഹാന്‍ഡിലില്‍ കുടുങ്ങുകയും, വാഹനം പെട്ടെന്ന് വേഗത കൂട്ടിയതോടെ രക്ഷപ്പെടാന്‍ കാറിന്റെ റൂഫ് റെയിലില്‍ പിടിച്ച് മുകളിലേക്ക് കയറി കിടക്കുകയുമായിരുന്നു.
കാറിന് മുകളില്‍ പോലീസുകാരന് ജീവനും കയ്യില്‍ പിടിച്ച് കിടക്കുന്നുണ്ടെന്ന വസ്തുത പൂര്‍ണ്ണമായും അവഗണിച്ച്, മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗതയിലാണ് പ്രതികള്‍ വണ്ടി ഓടിച്ചുപോയത്. വിളാംകുറിച്ചി, കാളപ്പട്ടി ഫോര്‍ റോഡ്സ്, കോയമ്പത്തൂര്‍ എയര്‍പോര്‍ട്ട് ജങ്ഷന് വഴി കണിയൂര്‍ ടോള്‍ പ്ലാസ ലക്ഷ്യമാക്കി കാര്‍ മരണപ്പാച്ചില്‍ നടത്തി. ടോള്‍ പ്ലാസയിലെ എമര്‍ജന്‍സി ലൈനിലൂടെയാണ് ഇവര്‍ വാഹനം പായിച്ചുവിട്ടത്.
സിവില്‍ വേഷത്തിലുള്ള പോലീസുകാരന് അതിവേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടക്കുന്നത് കണ്ട് ദേശീയപാതയിലൂടെ യാത്ര ചെയ്ത മറ്റു വാഹനയാത്രക്കാര്‍ ഞെട്ടിത്തരിച്ചു. പലരും മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തിയ ഈ ഭീതിജനകമായ ദൃശ്യങ്ങള്‍ മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. പോലീസുകാരന്റെ ജീവനില്‍ ഭയന്ന യാത്രക്കാരും പിന്നാലെ വാഹനങ്ങള്‍ ഓടിച്ചു.
കാര്‍ നിര്‍ത്താതെ പാഞ്ഞതോടെ എസ്ഐ വിഘ്നേഷും സംഘവും മറ്റൊരു വാഹനത്തില്‍ പ്രതികളെ പിന്തുടര്ന്നു. വിവരം ഉടന്‍ തന്നെ അടുത്തുള്ള സ്റ്റേഷനുകളിലേക്ക് കൈമാറി. തുടര്‍ന്ന് നീലാംബൂര്, കരുമത്തംപട്ടി പോലീസ് സംഘവും, വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരും നാട്ടുകാരും പോലീസിന്റെ സഹായികളായി ചേസ് ചെയ്യാനിറങ്ങി.
എതിര്‍ദിശയില്‍ നിന്ന് അവിനാശി പോലീസും നീങ്ങിത്തുടങ്ങിയതോടെ പ്രതികള്‍ പൂര്‍ണ്ണമായും കുടുങ്ങി. ഒടുവില്‍ തിരുപ്പൂര്‍ ജില്ലാ അതിര്‍ത്തിയിലെ തെക്കലൂരില്‍ വെച്ച് പോലീസും ആംബുലന്‍സുകളും ചേര്‍ന്ന് കാര്‍ നാലുപാടും നിന്ന് വളയുകയായിരുന്നു. ഇതോടെ വേഗത കുറയ്ക്കാനും വണ്ടി നിര്‍ത്താനും പ്രതികള്‍ നിര്‍ബന്ധിതരായി.
വാഹനം നിന്നയുടന് കാറില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പ്രതികളെയും അവിനാശി പോലീസ് പിന്തുടര്ന്നു പിടികൂടി. രാജസ്ഥാന് സ്വദേശികളായ പി. ബാബു ധാര (27), എ. രാജേഷ് കുമാര്‍ (23), എസ്. സുരേഷ് (20) എന്നിവരാണ് പിടിയിലായത്. പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീണ് പ്രതികളില്‍ രണ്ടുപേരുടെ കൈകള്‍ ഒടിഞ്ഞിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 170 കിലോയോളം നിരോധിത പുകയില ഉല്പന്നങ്ങളും ഇവരുടെ കാറും പോലീസ് പിടിച്ചെടുത്തു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ഗുഡ്ഖ ശേഖരമാണ് കാറിലുണ്ടായിരുന്നത്. പ്രതികളെ പിന്നീട് കൂടുതല്‍ ചോദ്യം ചെയ്യലിനായി കോവില്‍പാളയം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മരണത്തെ മുഖാമുഖം കണ്ടിട്ടും പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കാതെ ധീരത കാട്ടിയ ഹെഡ് കോണ്‍സ്റ്റബിള്‍ വേല്‍മുരുകനെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രിമാരായ കെ. വിഘ്നേഷ്, വി. സമ്പത്ത് കുമാര്‍ എന്നിവരും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. പോലീസിന്റെ സമയോചിതമായ ഇടപെടലിനും സാഹസികതയ്ക്കും നാട്ടുകാരില്‍ നിന്നും വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.