വാഷിങ്ടൻ: അല്‍ ഖ്വയ്ദ മുൻ തലവൻ ഉസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും.അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
ലോകത്തെ നടുക്കിയ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകള്‍ സിഐഎ വെള്ളിയാഴ്ച പരസ്യമാക്കിയിരുന്നു. ഈ രേഖകളിലാണ് ബിൻ ലാദൻ ഇന്ത്യയേയും ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായി വിവരങ്ങളുള്ളത്.1998 ഓഗസ്റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ആക്രമണം നടത്താൻ ബിൻ ലാദൻ ആഗ്രഹിച്ചിരുന്നതായി പരാമർശമുള്ളത്.
1998 സെപ്റ്റംബറിലെ ഒരു റിപ്പോർട്ട് പ്രകാരം ബിൻ ലാദന്റെ പ്രധാന ലക്ഷ്യം വാഷിംഗ്ടണില്‍ ആക്രമണം നടത്തുക എന്നതാണെന്നും, അല്‍ ഖ്വയ്ദ സ്ഫോടകവസ്തുക്കള്‍ നിറച്ച വിമാനം അമേരിക്കൻ നഗരത്തിലേക്ക് ഇടിച്ചുകയറ്റാൻ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ ഏജൻസികള്‍ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും വ്യക്തമാക്കുന്നു.
ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അല്‍ ഖ്വയ്ദയുടെ പട്ടികയില്‍ ഉണ്ടായിരുന്നു. 1998 ഡിസംബറിലെ റിപ്പോർട്ടില്‍, ന്യൂയോർക്കിലെ ഒരു വിമാനത്താവളത്തില്‍ തീവ്രവാദികള്‍ സുരക്ഷാ പരിശോധന മറികടന്ന് പരീക്ഷണം നടത്തിയതായും അല്‍ ഖ്വയ്ദ അംഗങ്ങള്‍ക്ക് വിമാനം ഹൈജാക്ക് ചെയ്യാൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.
1998 ഏപ്രിലിലെ രേഖ അനുസരിച്ച്, അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ അഥിതിയായി കഴിഞ്ഞിരുന്ന ബിൻ ലാദനെ കൈമാറാൻ താലിബാൻ വിസമ്മതിച്ചിരുന്നു. സോവിയറ്റ് യൂണിയനുമായുള്ള യുദ്ധകാലത്ത് ബിൻ ലാദൻ നല്‍കിയ സഹായങ്ങള്‍ കാരണം അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ താലിബാൻ മടിച്ചിരുന്നു.
റേഡിയോ ആക്ടീവ് സാമഗ്രികള്‍ ഉപയോഗിച്ചുള്ള ബോംബുകള്‍ നിർമ്മിക്കാൻ ബിൻ ലാദൻ ശ്രമിച്ചിരുന്നതായും 1999 ജൂണില്‍ അല്‍ഖാഇദ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. പ്രസിഡന്റിനായി തയ്യാറാക്കുന്ന ദിനംപ്രതിയുള്ള അതീവ രഹസ്യ വിവരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരസ്യപ്പെടുത്തലാണ് സിഐഎ നടത്തിയത്. വളരെ സുതാര്യമായ ഒരു നടപടിയാണിതെന്നാണ് സി.ഐ.എ ഡയറക്ടർ ജോണ്‍ റാറ്റ്ക്ലിഫ് പ്രതികരിച്ചത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.